സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച സലാമിന്റെ മയ്യിത്ത് ഖബറടക്കി

ഖമീസ് മുഷൈത്ത്- ബിഷക്കടുത്ത് ഖൈബര്‍ ജനൂബിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ചേര്‍ത്തല സ്വദേശി തറയില്‍ അബ്ദുല്‍ സലാമിന്റെ (56) മൃതദേഹം ഖമീസില്‍ ഖബറടക്കി. ഖമീസ് സല്‍മാന്‍ മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരത്തിനുശേഷം കറാമ മഖ്ബറയിലാണ്  ഖബറടക്കിയത്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അസീര്‍ പ്രവാസി സംഘം സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സലിം കല്‍പറ്റ സഹായത്തിനുണ്ടായിരുന്നു.  
അബ്ദുസലാം ജോലി ചെയ്ത അറബ്യന്‍ ട്രേഡിങ്ങ് കമ്പനി അധികൃതര്‍  പൂര്‍ണ പിന്തുണയോടെ ഒപ്പമുണ്ടായിരുന്നെന്നും കമ്പനിക്കും അതിലെ ജീവനക്കാര്‍ക്കും സഹകരിച്ച സുഹൃത്തുക്കള്‍ക്കും കുടുംബത്തിന് വേണ്ടി നന്ദി അറിയിക്കുന്നതായും സലീം കല്‍പ്പറ്റ, ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫയര്‍ വിഭാഗം മെമ്പറും ഒഐസിസി ദക്ഷിണമേഖലാ പ്രസിഡന്റുമായ അഷ്‌റഫ് കുറ്റിച്ചല്‍, ഖമീസ് കെ എം സി സി ലീഗൽ സെൽ ചെയർമാൻ ഇബ്രാഹിം പട്ടാമ്പി എന്നിവര്‍ പറഞ്ഞു.
ചൊവ്വാഴ്ച ജോലി ആവശ്യാര്‍ത്ഥം ഖമീസില്‍നിന്ന് ബിഷയിലേക്കുള്ള യത്രയില്‍ ഖൈബര്‍ ജനൂബില്‍ എതിര്‍ ദിശയില്‍നിന്ന് വന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. അബ്ദുസ്സലാം സംഭവസ്ഥലത്ത് തന്നെ മരിച്ചു. അറേബ്യന്‍ ട്രേഡിങ്ങ് സപ്ലൈസ് കമ്പനിയില്‍ ഗാലക്‌സി വിഭാഗം സെയില്‍സ്മാനായിരുന്നു. രണ്ട് മക്കളുണ്ട്.
തുടര്‍പടനാര്‍ത്ഥം നാട്ടിലായിരുന്ന മകന്‍ തന്‍സീഹു റഹ്മാന്‍ ഉപ്പയുടെ വിയോഗമറിഞ്ഞ് ഖമീസില്‍ എത്തിയിരുന്നു. മകള്‍ തസ്‌നീഹ് സുല്‍ത്താന ഏതാനും ദിവസം മുമ്പാണ് മകള്‍ വിസിറ്റ് വിസയില്‍ മാതാപിതാക്കളേയും ഭര്‍ത്താവിനേയും കാണാന്‍ സൗദിയില്‍ എത്തിയത്. പിതാവ് കൊച്ചുമുഹമ്മദ്. മാതാവ്, സഹറത്ത്. ഭാര്യ റാബിയ. മരുമകന്‍ സില്‍ജാന്‍.

 

Latest News