കോഴിക്കോട്- പ്ലസ് ടു കോഴക്കേസിൽ തനിക്ക് നേരിടേണ്ടി വന്നത് അങ്ങേയറ്റത്തെ പീഡനങ്ങളായിരുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. കേസിൽ പണം വാങ്ങി എന്ന് പറയുന്ന സർക്കാർ ജീവനക്കാരെ പറ്റി അന്വേഷിക്കണമെന്നും ഷാജി ആവശ്യപ്പെട്ടു. കോഴിക്കോട് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷാജി. കെ.എം ഷാജിക്ക് ആശ്വാസമായി എന്ന രീതിയിലാണ് മീഡിയകളിൽ വാർത്ത വന്നത്. എന്നാൽ ഭരണകൂടം വേട്ടയാടുന്ന നിരവധി പേർക്കുളള ആശ്വാസമാണിത്. എതിരാളികളെ ഇല്ലാതാക്കുക എന്ന പണി രാഷ്ട്രീയത്തിൽ ആരും ചെയ്യരുത്. അതൊരു മര്യാദ കെട്ട പണിയാണ്. ജനാധിപത്യ പ്രക്രിയയിൽ ഒരു മുഖ്യമന്ത്രിക്ക് ഇതിനേക്കാൾ വലിയ ഒരടി കൊടുക്കാനില്ല. നിയമത്തിന്റെ വഴിയിലൂടെ പോയി മുഖ്യമന്ത്രി എനിക്ക് നേരെ വെട്ടിയത് 52 വോട്ടാണ്. ജനാധിപത്യത്തിന്റെ വഴിയിൽ മുഖ്യമന്ത്രിയെ 52 വെട്ട് വെട്ടിയതിന്റെ സന്തോഷം ഇപ്പോഴുണ്ടെന്നും ഷാജി വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പാണ് ഈ കേസ് ഉയർന്നത്. അഴീക്കോട് തോറ്റതിന്റെ ഏറ്റവും സുപ്രധാനമായ കാരണം ഈ കള്ളക്കേസായിരുന്നു. തന്റെ പേരിൽ ഈ കള്ളത്തരം പറഞ്ഞു പ്രചരിപ്പിച്ച് അവിടെ ഒരാളെ ജയിപ്പിക്കുകയും ചെയ്തു. ഈ വിജയത്തിന്റെ സാംഗത്യം സി.പി.എം പരിശോധിക്കണമെന്നും ഷാജി ആവശ്യപ്പെട്ടു.
2017 സെപ്റ്റംബർ 19-നാണ് തനിക്കെതിരെ കുടുവൻ പദ്മാനഭൻ കേസ് കൊടുത്തത്. പിറ്റേന്ന് തന്നെ മുഖ്യമന്ത്രി ഈ ഫയലിൽ ഒപ്പിടുന്നത്. അഴീക്കോട് നിന്ന് തിരുവനന്തപുരത്ത് പരാതി എത്തുന്നതിന് മുമ്പുതന്നെ മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടു. കേസിൽ ഇ.ഡിയെ ക്ഷണിച്ചത് വിജിലൻസാണ്. ഇ.ഡി ചോദ്യം ചെയ്യലിൽ ഒരുദ്യോഗസ്ഥൻ എന്നോട് പിണറായിയോട് നന്നാകാൻ പറഞ്ഞു. കോഴിക്കോട് ഡപ്യൂട്ടേഷനില്‍ വന്ന എസ്.എഫ്.ഐക്കാരനായിരുന്ന ഉദ്യോഗസ്ഥനാണ് ഇങ്ങിനെ ചോദിച്ചത്. ഓഫീസിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. ഭാര്യാ വീട്ടുകാരെ വിളിച്ച് ആക്ഷേപിച്ചുവെന്നും ഷാജി പറഞ്ഞു.ഇയാള്‍ക്ക് എന്തിനാണ് പെണ്ണ് കൊടുത്തത് എന്നാണ് ഭാര്യാവീട്ടുകാരെ വിളിച്ചുചോദിച്ചത്.