മലബാറിന്റെ വികസന സ്വപ്‌നങ്ങൾക്ക് ചിറക് മുളച്ച കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാനങ്ങൾ പറന്നുയർന്ന് തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ട് തികയുകയാണ്.
1988 ഏപ്രിൽ 13 ന് മുബൈയിലേക്ക് വിമാനം പറന്നുയർന്നതോടെയാണ് കരിപ്പൂർ വിമാനത്താവളത്തിന്റെ പ്രവർത്തനം തുടങ്ങിയത്. പിന്നീട് 35 വർഷക്കാലം നിലനിൽപ് പോരാട്ടത്തിൽ തന്നെയാണ് കേരളത്തിലെ ഏക പൊതുമേഖല വിമാനത്താവളമായ കരിപ്പൂർ. 1992 ലാണ് കരിപ്പൂരിൽ നിന്ന് ആദ്യ അന്താരഷ്ട്ര സർവീസ് ഷാർജയിലേക്ക് പറന്നത്. ഇത് പിന്നീട് വർഷങ്ങളോളം തുടർന്നു. 1996, റൺവേ നീളം കൂട്ടി 2001 ൽ പുതിയ റൺവേ തുറന്നു. 2002 മുതലാണ് ആദ്യ ഹജ് വിമാനം പറന്നുയർന്നത്. 2006 ഫെബ്രുവരി, അന്താരാഷ്ട്ര പദവി ലഭിച്ചതോടെ കൂടുതൽ വിമാനങ്ങൾ പറന്നിറങ്ങി. എന്നാൽ റൺവേ അറ്റകുറ്റപ്പണികളുടെ പേരിൽ വലിയ വിമാനങ്ങൾക്ക് വിലക്കിട്ടതോടെ വീണ്ടും തിരിച്ചടി. 2018 ൽ സൗദി സർവീസ് മാത്രം പുനരാരംഭിച്ചു. എന്നാൽ 2020 ലെ വിമാന അപകടത്തോടെ വലിയ വിമാനങ്ങൾക്കും വിലക്കിട്ടു.
ആസൂത്രണമില്ലാത്ത ഭൂമി ഏറ്റെടുക്കൽ
2004 ൽ ആരംഭിച്ച കരിപ്പൂർ ഭൂമി ഏറ്റെടുക്കൽ നടപടിക്ക് 19 വർഷമായിട്ടും ഇതുവരെ ഒരു സെന്റ് പോലും ഏറ്റെടുക്കാനായിട്ടില്ല. എയർപോർട്ട് അഥോറിറ്റിക്ക് വികസനത്തിന്റെ കാര്യത്തിലും വ്യക്തതയില്ലെന്നു വേണം സ്ഥലമെടുപ്പിന്റെ കാര്യം പരിശോധിച്ചാലും വ്യക്തമാവുക. വിമാനത്താവളത്തിൽ ടെർമിനൽ നിർമാണത്തിനായി 137 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കാൻ ആദ്യം തീരുമാനിച്ചിരുന്നത്. പളളിക്കൽ വില്ലേജ് പരിധിയിൽ നിന്ന് സ്ഥലമേറ്റെടുക്കാനും തീരുമാനിച്ചു. ഇവിടെ നിന്ന് കുടിയൊഴിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കാൻ 20 ഏക്കറും ഏറ്റെടുക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഇതിനു കഴിഞ്ഞില്ല. പിന്നീട് എത്തിയ ഇടതുമുന്നണി സർക്കാർ ലാന്റ് അക്വിസിഷൻ ഓഫീസ് തുറന്നെങ്കിലും കൃത്യമായ സ്‌കെച്ചെടുക്കാൻ പോലും കഴിഞ്ഞില്ല. 2013 ൽ വീണ്ടും അഥോറിറ്റി തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തി. റൺവേ നീളം കൂട്ടലും വിമാനങ്ങളുടെ ഏപ്രൺ അടക്കം കൂടുതൽ ഭൂമി വേണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് പളളിക്കൽ, കൊണ്ടോട്ടി, നെടിയിരുപ്പ് വില്ലേജുകളിൽ നിന്നായി 385 ഏക്കർ ഭൂമി ഏറ്റെടുക്കാനൊരുങ്ങുന്നത്. ഇതും ലക്ഷ്യം കണ്ടില്ല. ഏറ്റവും ഒടുവിൽ 14 ഏക്കർ ഏറ്റെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന്റെ അവസാനവട്ട ശ്രമത്തിലാണ്.
കരിപ്പൂരിന് മാത്രം ഒരു നിയമമോ..?
റൺവേ നീളം കൂട്ടൽ, റൺവേ സ്ട്രിപ്പ് വീതി കൂട്ടൽ, ടെർമിനൽ നിർമാണം എന്നിവക്കാണ് സ്ഥലമേറ്റെടുക്കുന്നതെന്നാണ് എയർപോർട്ട് അഥോറിറ്റിയുടെ വാദം. എന്നാൽ ഇക്കാലമത്രയും വലിയ വിമാനങ്ങൾ സുരക്ഷിതമായി കരിപ്പൂരിലിറങ്ങിയതാണ്.
ബി-747, ബി-777, എ-330 തുടങ്ങിയ വിമാനങ്ങൾ കഴിഞ്ഞ ഏതാനും വർഷങ്ങൾ വരെ സുഖകരമായി സർവീസ് നടത്തി. 2850 മീറ്റർ നീളമാണ് കരിപ്പൂർ റൺവേക്കുളളത്. എന്നാൽ കരിപ്പൂരിനേക്കാൾ കുറഞ്ഞ 2760 മാത്രം നീളമുള്ള ലഖ്‌നൗ വിമാനത്താവളത്തിൽ പ്രയാസങ്ങളില്ലാതെ ഇത്തരം വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) മാനദണ്ഡമനുസരിച്ച് 300 മീറ്റർ റൺവേ സ്ട്രിപ്പ് ആവശ്യമാണ്.
കരിപ്പൂരിൽ ഇത് 150 മീറ്ററാണ്. തിരുവനന്തപുരം, ഗോവ, ജയ്പൂർ, ലഖ്‌നൗ, അഹമ്മദാബാദ് തുടങ്ങിയ വിമാനത്താവളങ്ങളിലെല്ലാം റൺവേ സ്ട്രിപ്പ് 150 മീറ്ററാണുളളത്. എന്നിട്ടും കരിപ്പൂരിനെ മാത്രം അവഗണിക്കുന്നു.
വിമാനാപകടത്തിന്റെ പേരിലും തടയിടൽ
വിമാനാപകടത്തിന്റെ പേരിലും കരിപ്പൂരിന് തടയിടുന്ന നടപടി ഏറെയാണ്. 2020 ലാണ് കരിപ്പൂരിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനം അപകടത്തിൽ പെട്ട് 21 പേർ മരിച്ചത്. ഇതിന്റെ പേരിലാണ് വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ വിമാന അപകടത്തിന് കാരണം വൈമാനികന്റെ വീഴ്ചയാണെന്ന് കണ്ടെത്തിയിട്ടും കരിപ്പൂരിൽ വലിയ വിമാനങ്ങളിറങ്ങാൻ അനുമതി നൽകിയിട്ടില്ല. ഏറ്റവും ഒടുവിൽ ഈ വർഷം ഹജ്്് സർവീസിന് അനുമതി നൽകിയെന്നതാണ് ഇരുളിലെ താരകമായി മിന്നുന്നത്്് എന്നത് ആശ്വാസകരം.
ചിറക്്് തേടിയ മലബാറിന്റെ സ്വപ്‌നം പൂവണിഞ്ഞിട്ട്്് മൂന്നര പതിറ്റാണ്ട്്്. ഒരു ദേശത്തെയാകെ ആവേശത്തിലാറാടിച്ച്്് പറന്നിറങ്ങുകയും പറന്നുയരുകയും ചെയ്ത വിമാന സർവീസുകളുടെ താളം തെറ്റിക്കാനും സാങ്കേതികതയുടെ ചുവപ്പ്് സിഗ്നലുകളുയർത്തി ഒരു വിമാനത്താവളത്തെ ഇല്ലാതാക്കാനും നടത്തിയ സംഘടിത ശ്രമങ്ങളാണ് നിർഭാഗ്യവശാൽ വിജയം കാണുന്നത്്.






