ചരിത്രത്തെ ഭയപ്പെടുന്നവർ

പാഠപുസ്തകത്തിൽനിന്ന് സ്വതന്ത്ര്യ ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസ മന്ത്രി മൗലാനാ അബുൽ കലാം ആസാദിനെക്കുറിച്ചുളള ഭാഗങ്ങളും എൻ.സി.ഇ.ആർ.ടി ഒഴിവാക്കുകയാണെന്നതാണ് ഏറ്റവും പുതിയ വാർത്ത. പ്ലസ് വൺ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽനിന്നാണ് മൗലാനാ ആസാദിനെക്കുറിച്ചുളള ഭാഗങ്ങൾ നീക്കം ചെയ്തത്. 'കോൺസ്റ്റിറ്റ്യൂഷൻ വൈ ആൻഡ് ഹൗ' എന്ന അധ്യായത്തിൽ കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലിയിൽ എട്ട് പ്രധാന കമ്മിറ്റികളുണ്ടായിരുന്നു എന്ന് പറയുന്നുണ്ട്. 
ജവാഹർലാൽ നെഹ്‌റു, രാജേന്ദ്രപ്രസാദ്, സർദാർ വല്ലഭ് ഭായ് പട്ടേൽ, മൗലാനാ അബുൽ കലാം ആസാദ്, ബി.ആർ. അംബേദ്കർ എന്നിവരെല്ലാം കമ്മിറ്റികളുടെ അധ്യക്ഷത വഹിച്ചുവെന്നാണ് പരിഷ്‌കരിക്കുന്നതിനു മുൻപ് പാഠഭാഗത്തുണ്ടായിരുന്നത്. എന്നാൽ പരിഷ്‌കരിച്ച പാഠപുസ്തകത്തിൽ ഈ ഭാഗത്ത് മൗലാനാ ആസാദിന്റെ പേര് പൂർണമായും ഒഴിവാക്കി. ഇന്ത്യൻ യൂനിയനിലേക്കുളള ജമ്മു കശ്മീരിന്റെ പ്രവേശനത്തെക്കുറിച്ചുളള ഭാഗവും പാഠപുസ്തകത്തിൽനിന്ന് നീക്കം ചെയ്തിട്ടുണ്ട്. 
അടുത്തിടെ പ്ലസ് ടു പാഠപുസ്തകത്തിൽനിന്ന് മുഗൾ ചരിത്രത്തെക്കുറിച്ചും ആർഎസ്എസ് നിരോധത്തെക്കുറിച്ചുമുളള ഭാഗങ്ങളും എൻ.സ.ിഇ.ആർ.ടി ഒഴിവാക്കിയിരുന്നു. 'തീംസ് ഓഫ് ഹിസ്റ്ററി' ഭാഗം രണ്ടിലാണ് മാറ്റം വരുത്തിയത്. 'കിംഗ്‌സ് ആൻഡ് ക്രോണിക്കിൾ: ദ മുഗൾ കോർട്ട്‌സ്' എന്ന തലക്കെട്ടിലുളള ഭാഗമാണ് നീക്കം ചെയ്തത്. പ്ലസ് ടു സിവിക്‌സ് പാഠപുസ്തകത്തിലെ ഭാഗങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ദ കോൾഡ് വാർ എറ, യു.എസ് ഹെജിമണി ഇൻ വേൾഡ് പൊളിറ്റിക്‌സ് എന്നീ പാഠങ്ങൾ ഒഴിവാക്കി. പൊളിറ്റിക്‌സ് ഇൻ ഇന്ത്യ സിൻസ് ഇൻഡിവെൻഡൻസ് എന്ന പാഠപുസ്തകത്തിലെ റൈസ് ഓഫ് പോപ്പുലർ മൂവ്‌മെന്റ്‌സ്, ഇറാ ഓഫ് വൺ പാർട്ടി ഡൊമിനൻസ് എന്നീ പാഠങ്ങളും ഒഴിവാക്കി.
പത്ത്, പ്ലസ് വൺ ക്ലാസുകളിലെ പാഠ്യപദ്ധതിയിലും മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. പത്തിലെ ചാലഞ്ചസ് ടു ഡെമോക്രസി, പോപ്പുലർ സ്ട്രഗിൾസ് ആൻഡ് മൂവ്‌മെന്റ്‌സ്, ഡെമോക്രസി ആൻഡ് ഡൈവേഴ്‌സിറ്റി, ഡെമോക്രാറ്റിക് പൊളിറ്റിക്‌സ് എന്നീ പാഠങ്ങൾ ഒഴിവാക്കി. പ്ലസ് വണിലെ തീംസ് ഇൻ വേൾഡ് ഹിസ്റ്ററി, സെൻട്രൽ ഇസ്‌ലാമിക് ലാൻഡ്‌സ്, കോൺഫ്രണ്ടേഷൻ ഓഫ് കൾച്ചേഴ്‌സ്, ഇൻഡസ്ട്രിയൽ റെവല്യൂഷൻ എന്നീ പാഠഭാഗങ്ങളാണ് ഒഴിവാക്കിയത്.
പാഠപുസ്തകങ്ങളിൽ വർഗീയത കുത്തിനിറക്കാനുള്ള ശ്രമം കേന്ദ്ര സർക്കാർ തുടങ്ങിയിട്ട് കുറച്ചായി. കേന്ദ്ര സർവകലാശാലകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാജ്‌പേയി നയിച്ച മുൻ എൻ.ഡി.എ സർക്കാരിന്റെ കാലത്തുതന്നെ ആർ.എസ്.എസുകാരെ നിയോഗിച്ച് അക്കാദമിക് മേഖലയിൽ കാവിവൽക്കരണത്തിന് ആക്കംകൂട്ടിയത് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2014 ൽ  മോഡി സർക്കാർ അധികാരമേറ്റതോടെ വിദ്യാഭ്യാസ മേഖലയിൽ ഈ പ്രവണത ശക്തമായി. ആറു മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളിലെ ചരിത്രം, രാഷ്ട്രവിജ്ഞാനീയം, സമൂഹ ശാസ്ത്രം, പൗരശാസ്ത്രം, ഹിന്ദി ഭാഷ എന്നിവയിൽനിന്ന് സുപ്രധാന വിവരങ്ങളും അധ്യായങ്ങളും ഒഴിവാക്കാൻ എൻ.സി.ഇ.ആർ.ടി എടുത്ത തീരുമാനങ്ങൾക്ക് പിന്നിൽ ആർ.എസ്.എസ് ആണ് എന്നതിൽ സംശയമില്ല.
ചരിത്രത്തെ എന്നും ഭയമാണ് ആർ.എസ്.എസിന്. സ്വാതന്ത്ര്യാനന്തരം രാഷ്ട്രപിതാവിനെ വെടിവെച്ചുകൊന്ന് രാജ്യത്ത് ഭീകര പ്രവർത്തനത്തിന് തുടക്കം കുറിച്ചവരാണവർ. ഇന്ത്യയുടെ ചരിത്രത്തിലെ ബഹുസ്വരതയെ അവർ ഭയപ്പെടുന്നു. ഹിന്ദു-മുസ്‌ലിം ഐക്യത്തിനുവേണ്ടി പ്രയത്‌നിച്ച ഗാന്ധിജിയെ കൊന്നത് ഹിന്ദുത്വ തീവ്രവാദികളാണെന്നും ഗാന്ധിജിയുടെ കൊലപാതകം രാജ്യത്തെ വർഗീയ സ്ഥിതിവിശേഷത്തിൽ മാന്ത്രികമായ പ്രഭാവമാണ് ഉണ്ടാക്കിയതെന്നും തുടർന്ന് വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘടനകളെ ഇന്ത്യൻ സർക്കാർ ശക്തമായി അടിച്ചമർത്താൻ തുടങ്ങിയെന്നും ആർ.എസ്.എസ് പോലുള്ള സംഘടനകളെ അൽപകാലം നിരോധിച്ചെന്നുമുള്ള പരാമർശങ്ങളാണ് പാഠപുസ്തകത്തിൽനിന്ന് വെട്ടിമാറ്റിയത്.
മുഗൾ ഭരണാധികാരികളോടുള്ള മതപരമായ വെറുപ്പും വിദ്വേഷവുമാണ് മുഗൾ കാലഘട്ടത്തെക്കുറിച്ച പ്രധാന ഭാഗങ്ങൾ വെട്ടിമാറ്റാനുള്ള പ്രേരണ. 1000 കൊല്ലത്തോളം ഇന്ത്യൻ ജനത മുഗളരുടെ അടിമകളായിരുന്നുവെന്നാണ് സംഘപരിവാർ വാദിക്കുന്നത്. ആറു നൂറ്റാണ്ടോളം മാത്രമാണ് വടക്കേ ഇന്ത്യയുടെ പ്രധാന ഭാഗങ്ങളിൽ മുഗൾ ഭരണം നിലനിന്നിരുന്നത്. മുഗൾ രാജാക്കന്മാർ മതപരിവർത്തനം നടത്തിയിരുന്നുവെന്ന വാദവും അടിസ്ഥാനമില്ലാത്തതാണ്.  ഇത്രയും കാലം മുഗളന്മാർ  ഭരിച്ചിട്ടും ഗംഗാ സമതലത്തിൽ മുസ്‌ലിം ജനസംഖ്യ 15 ശതമാനത്തിൽ താഴെയാണ് എന്നതാണ് വസ്തുത.
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വിദ്യാഭ്യാസ നയം രൂപപ്പെട്ടത് സെക്കുലർ ജനാധിപത്യവും റിപ്പബ്ലിക്കൻ ദേശ രാഷ്ട്ര സങ്കൽപവും ഉൾച്ചേർന്ന ഭരണഘടന മൂല്യങ്ങളെ ഉൾക്കൊണ്ടായിരുന്നു. കഴിഞ്ഞ വർഷം കേന്ദ്രം കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയം തന്നെ ഈ അടിസ്ഥാന മൂല്യത്തെ തകർക്കുക എന്ന ലക്ഷ്യവുമായിട്ടായിരുന്നു. ക്ഷേമരാഷ്ട്ര സങ്കൽപത്തിനും പദ്ധതി ആസൂത്രണ വികസനത്തിന്റെയും മുൻഗണന വിഷയങ്ങൾക്കനുസൃതമായ മനുഷ്യ വിഭവശേഷി സൃഷ്ടിക്കുകയും ജനാധിപത്യ പൗരസമൂഹത്തെ വിമർശന ബോധ്യത്തോടെയും ശാസ്താഭിമുഖ്യ മനോഭാവത്തിലും നിർമിക്കുക എന്നതായിരുന്നു പ്രധാനപ്പെട്ട വിദ്യാഭ്യാസ ലക്ഷ്യങ്ങൾ. എന്നാൽ സാമൂഹിക നീതിയും ഉൾക്കൊള്ളൽ വിദ്യാഭ്യാസവും തൊണ്ണൂറുകൾക്ക്  ശേഷം മാത്രമാണ്  ഇന്ത്യൻ വിദ്യാഭ്യാസ പദ്ധതികളുടെ പരിഗണന വിഷയമായത്. 
മതനിരപേക്ഷ ശാസ്ത്രീയ വിദ്യാഭ്യാസം സ്വാതന്ത്ര്യാനന്തര ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ സ്വഭാവമായിരുന്നെങ്കിലും സാമൂഹിക അസമത്വവും സാമൂഹിക പുറംതള്ളലും സൃഷ്ടിച്ച സാമൂഹിക അനീതികളും വിദ്യാഭ്യാസ രംഗത്തെ ആദിവാസി ദളിത് പിന്നോക്ക വിഭാഗങ്ങളുടെയും മുസ്‌ലിം ന്യൂനപക്ഷത്തിന്റെയും പങ്കാളിത്തമില്ലായ്മയിലേക്ക് നയിച്ചു. ഈ സമൂഹങ്ങളുടെ പ്രാതിനിധ്യക്കുറവും പങ്കാളിത്തമില്ലായ്മയും പരിഹരിക്കുന്ന നിർദേശങ്ങൾ വിദ്യാഭ്യാസ നയത്തിൽ 2000 ത്തിനു ശേഷമാണ് ചർച്ചയാകുന്നത്.  കീഴാള ജനസമൂഹങ്ങളുടെ വിദ്യാഭ്യാസ രംഗത്തെ അവസര സമത്വമില്ലായ്മയും പ്രാതിനിധ്യക്കുറവും അവരെ സ്ഥാപനപരമായി പുറംതള്ളുന്ന നയങ്ങളും വിദ്യാഭ്യാസ രീതിയും ശക്തമായി നിലനിൽക്കുമ്പോഴാണ് ഇന്ത്യൻ യൂനിവേഴ്‌സിറ്റികളിലും ഇന്ത്യയിലെ  പ്രമുഖ അക്കാദമിക സ്ഥാപനങ്ങളിലും മുസ്‌ലിംകൾക്കും ദളിത്, ആദിവാസി സമൂഹങ്ങൾക്കും  ജാതിമത വിവേചനത്തിനും സ്ഥാപനപരമായ പുറംതള്ളലിനും ഇരയാകേണ്ടി വരുന്നത്. 
വരേണ്യ സംസ്‌കാരത്തിന്റെയും  ജാതിമൂല്യങ്ങളുടെയും വിവേചന സംസ്‌കാരത്തെ ആദർശ പൗരാണിക മൂല്യവും പ്രാചീന സനാതന ജ്ഞാന വ്യവസ്ഥയും കോർപറേറ്റ് മൂലധനവും തൈവർണിക ആധിപത്യവും കൂട്ടിച്ചേർത്ത പുതിയ വിദ്യാഭ്യാസ പദ്ധതി, പുതിയ  ദേശീയ വിദ്യാഭ്യാസ നയമായി അടിച്ചേൽപിക്കുന്നത് എന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയമില്ല. എൻ.സി.ഇ.ആർ.ടിയുടെ പുതിയ തീരുമാനങ്ങൾ ആ ദിശയിലേക്കുള്ള യഥാർഥ ചൂണ്ടുപലകയാണ്.
ഗാന്ധിജിയെ കൊന്നവരെ ന്യായീകരിക്കുകയും അവരുടെ പേരിൽ ക്ഷേത്രങ്ങൾ പണിയുകയും ചെയ്യുന്നവരാണ് സംഘപരിവാറുകാർ.  ഗാന്ധിഘാതകരുടെ സംഘടനയെ നിരോധിച്ച കാര്യം പാഠപുസ്തകത്തിൽനിന്നല്ല, ചരിത്രത്തിൽനിന്നു പോലും മായ്ച്ചുകളയാനാണ് അവർ ശ്രമിക്കുക. എന്നാലത് അസാധ്യമാണ്. മതേതര ഇന്ത്യയുടെ ഹൃദയത്തിൽനിന്ന് മായ്ച്ചുകളയാൻ കഴിയാത്ത ചരിത്രമാണത്. ചരിത്രത്തെ ഭയപ്പെടുന്നവർക്ക് ചരിത്രം തന്നെയാണ് മറുപടി നൽകുക.

Latest News