Sorry, you need to enable JavaScript to visit this website.

ലക്ഷ്മണ്‍ സവാദി കോണ്‍ഗ്രസിലേക്ക്; നേതാക്കളുമായി ചര്‍ച്ച നടത്തി

ബെംഗളൂരു- ബി.ജെ.പി നേതാവും മുന്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ലക്ഷ്മണ്‍ സവാദി കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കര്‍ണാടക കോണ്‍ഗ്രസ് ഇന്‍ചാര്‍ജ് രണ്‍ദീപ് സിങ് സുര്‍ജേവാല, സംസ്ഥാന പ്രസിഡന്റ് ഡികെ ശിവകുമാര്‍, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവരുമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.
ബെലഗാവിയിലെ അത്താണി മണ്ഡലത്തില്‍ ബിജെപി ടിക്കറ്റ് നിഷേധിച്ച സവാദി കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന. ഓപ്പറേഷന്‍ ലോട്ടസിലൂടെ ബി.ജെ.പിയില്‍ ചേര്‍ന്ന മഹേഷ് കുമറ്റല്ലിക്കാണ് ഈ മണ്ഡലത്തില്‍ ടിക്കറ്റ് നല്‍കിയിരിക്കുന്നത്.  
പാര്‍ട്ടി തന്നോട് അനീതി കാണിച്ചുവെന്നും ദല്‍ഹിയില്‍ നിന്നുള്ള ഒരു നേതാവും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും സവാദി ആരോപിച്ചു. ശിവകുമാര്‍ ബുക്ക് ചെയ്ത പ്രത്യേക വിമാനത്തിലാണ് കോണ്‍ഗ്രസ് എംഎല്‍സി ചന്നരാജ് ഹട്ടിഹോളിക്കൊപ്പം സവാദി ബെംഗളൂരുവിലെത്തിയത്. ബെംഗളൂരുവില്‍ ബിജെപി നേതാക്കളുമായി താന്‍ കൂടിക്കാഴ്ച നടത്തുന്നില്ലെന്ന് ലക്ഷ്മണ്‍ സവാദി പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. സവാദി കോണ്‍ഗ്രസില്‍ ചേരുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് രണ്‍ദീപ് സിങ് സുര്‍ജേവാല വ്യക്തമാക്കി.
സംസ്ഥാനത്തെ പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനാണ് സവാദിയെന്നും ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിലേക്കുള്ള സവാദിയുടെ വരവ്  പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് ബെലഗാവി റൂറല്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ പറഞ്ഞു.
തന്റെ രാഷ്ട്രീയ എതിരാളിയായ ബെലഗാവിയില്‍ നിന്നുള്ള ബി.ജെ.പി നേതാവ് രമേഷ് ജാര്‍ക്കിഹോളിക്ക് പ്രഹരമേല്‍പ്പിക്കാന്‍ ശിവകുമാര്‍ ഈ അവസരം പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുകയാണെന്നാണ് സൂചന. 18 സീറ്റുകളുള്ള ബെലഗാവി ജില്ലയില്‍ കൂടുതല്‍ സീറ്റുകള്‍ നേടുന്നതിന് കോണ്‍ഗ്രസിന് സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

 

Latest News