Sorry, you need to enable JavaScript to visit this website.

സൗദി ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനത്തിനു തീപിടിച്ചു

റോസ്‌തോവ്- സൗദി അറേബ്യയുടെ ദേശീയ ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനത്തിന്റെ എന്‍ജിനില്‍ തീ പിടിച്ചു. റോസ്‌തോവില്‍ ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെ ആകാശത്ത് വെച്ച് എന്‍ജിനില്‍ തീ പടര്‍ന്ന വിമാനം സുരക്ഷിതമായി ഇറക്കി. ഫിഫ ലോകകപ്പില്‍  രണ്ടാം ഗ്രൂപ്പ് മല്‍സരത്തിനായി താരങ്ങള്‍ സഞ്ചരിച്ച ഔദ്യോഗിക വിമാനത്തിനാണു തീപിടിച്ചത്.
ചെറിയ സാങ്കേതിക തകരാറായിരുന്നുവെന്നും എല്ലാവരും സുരക്ഷിതരാണെന്നും സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. വിമാനത്തിന്റെ ഒരു എന്‍ജിനു തീപിടിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഫുട്‌ബോള്‍ ടീം സുരക്ഷിതമായി റോസ്‌തോവില്‍ ഇറങ്ങിയതായി ഫെഡറേഷന്‍ ട്വിറ്റര്‍ പോസ്റ്റില്‍ സ്ഥിരീകരിച്ചു. ഇവിടെ ഗ്രൂപ്പ് എ യില്‍ ബുധനാഴ്ച ഉറുഗ്വായുമായി സൗദി ടീം ഏറ്റമുട്ടും. സൗദിയുടെ രണ്ടാമത്തെ മത്സരമാണിത്.
തീപിടിത്തമായിരുന്നില്ലെന്നും പക്ഷി വന്നിടിച്ചതുകൊണ്ടുണ്ടായ പിഴവാണെന്നുമാണ് വിമാനക്കമ്പനിയുടെ വിശദീകരണം.
റോസ്സിയ എയര്‍ബസ് എ319-100 ആണ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍നിന്ന് റോസ്‌തോവ് ഓണ്‍ ഡോണിലേക്കു താരങ്ങളെ കൊണ്ടുപോയത്.
 
വിമാനത്തിന്റെ ചിറകിനടയിലെ എന്‍ജിനില്‍നിന്ന് തീ പടരുന്ന ദൃശ്യങ്ങളാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോകളില്‍ കാണുന്നത്. പക്ഷി എന്‍ജിനില്‍ ഇടിച്ചതാണ് സാങ്കേതിക തകരാറിന് ഇടയാക്കിയതെന്നും റോസ്‌തോവില്‍ ഇറങ്ങുമ്പോള്‍ രണ്ട് എന്‍ജിനും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നുവെന്നും റോസ്സിയ വിമാന കമ്പനി പത്രക്കുറിപ്പില്‍ അവകാശപ്പെട്ടു. യാത്രക്കാരുടെ സുരക്ഷക്ക് ഭീഷണി ഉണ്ടായിരുന്നില്ല. സാധാരണ നിലയിലാണ് വിമാനം ലാന്‍ഡ് ചെയ്തത്. റോസ്‌തോവ് ഓണ്‍ ഡോണ്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ മുന്നറിയിപ്പുകളൊന്നും നല്‍കിയിരുന്നില്ലെന്നും കമ്പനി വക്താവ് പറഞ്ഞു.
12 വര്‍ഷം പഴക്കമുള്ളതാണ് വിമാനം. അമേരിക്കന്‍ വിമാന കമ്പനിയായ ഫ്രോണ്‍ടിയര്‍ എയര്‍ലൈന്‍സില്‍നിന്ന് 2013 ജൂലൈയിലാണ് റഷ്യ ആസ്ഥാനമായുള്ള ഡോണാവിയ ഈ വിമാനം വാങ്ങിയത്. 2016 ഏപ്രിലില്‍ റോസ്സിയ എയര്‍ലൈന്‍ വിമാനം ലീസിനെടുത്തു.
സാങ്കേതിക തകരാറുണ്ടായ വിമാനത്തിന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സുമായി ബന്ധമില്ലെന്നും ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് അയാട്ട ഓര്‍ഗനൈസേഷണല്‍ കമ്മിറ്റി നല്‍കിയതാണെന്നും സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.

Latest News