ആലപ്പുഴയില്‍ യുവാവിനെ സിമന്റ് കട്ടകൊണ്ട് മുഖത്തിടിച്ച് കൊലപ്പെടുത്തി

ആലപ്പുഴ - അരൂരിലെ ചന്തിരൂരില്‍ യുവാവിനെ സിമന്റ് കട്ടകൊണ്ട് മുഖത്തിടിച്ച് കൊലപ്പെടുത്തി. ചന്തിരൂര്‍ പാറ്റു വീട്ടില്‍ ഫെലിക്സ് (28) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ് സംഭവത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു. ഇന്നലെ രാത്രിയാണ് ഫെലിക്സ് മൂന്നാറില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയത്. ഏതാനും സുഹ്യത്തുക്കള്‍ വീട്ടിലെത്തി ഫെലിക്സിനെ വിളിച്ചു കൊണ്ടുപോകുകയായിരുന്നു. ഇവര്‍ സമീപത്തുള്ള ഒഴിഞ്ഞ പറമ്പില്‍ ഒന്നിച്ചു കൂടി. രാത്രി പത്തരയോടെ ഫെലിക്സിനെ മുഖത്ത് മാരക മുറിവേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന്  എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 12 മണിയോടെ ഫെലിക്‌സ് മരണമടഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

 

Latest News