Sorry, you need to enable JavaScript to visit this website.

ഉംറയ്ക്കും ഹജ്ജിനും വളണ്ടിയര്‍മാരെ വേണമെന്നാവശ്യപ്പെട്ട് വ്യാജ പരസ്യം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ്

കോഴിക്കോട് - ഉംറയ്ക്കും ഹജ്ജിനും വളണ്ടിയര്‍മാരെ വേണമെന്നാവശ്യപ്പെട്ട് വ്യാജ പരസ്യം നല്‍കി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു, സ്ത്രീകളടക്കം അഞ്ഞൂറിലേറെ പേര്‍ തട്ടിപ്പിനിരയായതായാണ് സംശയിക്കുന്നത്. ഇവരില്‍ നിന്ന് 10,000 രൂപ മുതല്‍ 25,000 രൂപ വരെയാണ് സംഘം തട്ടിയെടുത്തത്. പരസ്യം കണ്ട് അപേക്ഷിച്ചവരുടെ ആധാര്‍ കാര്‍ഡും പാസ്്‌പോര്‍ട്ടും തട്ടിപ്പ് നടത്തിയവര്‍ കൊണ്ടു പോയി. സോഷ്യല്‍ മീഡിയയിലടക്കം പരസ്യം നല്‍കിയാണ് ആളുകളെ തട്ടിപ്പിനിരയാക്കിയത്. 22 നും 45 വയസിനും ഇടയിലുള്ളവരെ മൂന്ന് മാസത്തെ പ്രൊജക്ട് വിസയില്‍ ഹജ്ജ് - ഉംറ വളണ്ടിയറായി മക്കയിലേക്കും മദീനയിലേക്കും ആവശ്യമുണ്ടെന്നാണ് പരസ്യത്തില്‍ പറഞ്ഞിരുന്നത്. 1300 സൗദി റിയാല്‍ ശമ്പളവും താമസവും ഭക്ഷണവും നല്‍കുമെന്നും  പറഞ്ഞിരുന്നു. അപേക്ഷിക്കാനുള്ള വിവരങ്ങളും നല്‍കി. പരസ്യം കണ്ട് അപേക്ഷിച്ചവരെ ഏജന്റുമാര്‍ നേരിട്ട് സമീപിക്കുകയും മുംബൈയില്‍ ട്രെയിനിംഗിന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് 10,000 രൂപ മുതല്‍ 25,000 രൂപ വരെ ഓരോരുത്തരില്‍ നിന്നും വാങ്ങുകയുമായിരുന്നു. വിസയ്ക്ക് വേണ്ടി ഇവരുടെ ആധാര്‍ കാര്‍ഡും പാസ്‌പോര്‍ട്ടും കൊണ്ടു പോയി. പിന്നീട് യാതൊരു വിവരവുമില്ലാതായതിനെ തുടര്‍ന്നാണ് അപേക്ഷകര്‍ പോലീസിന്‍ പരാതി നല്‍കിയത്. നടക്കാവ് പോലീസാണ് പരാതിയില്‍ കേസെടുത്തിട്ടുള്ളത്. ഇതിനിടയില്‍ വളണ്ടിയറാകാന്‍ അപേക്ഷിച്ചവരില്‍ കുറേ പേര്‍ നല്‍കിയ രേഖകള്‍ ഫറോക്ക് പുഴയുടെ സമീപത്ത് നിന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

 

Latest News