പ്രധാനമന്ത്രിക്കൊപ്പം വന്ദേഭാരതും എത്തുമോ... തുറുപ്പുശീട്ടുമായി ബി.ജെ.പി

കൊച്ചി- പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കൊച്ചി സന്ദര്‍ശനത്തില്‍ വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടനം നടത്താന്‍ റെയില്‍വേ ബോര്‍ഡ് നീക്കം തുടങ്ങിയതായി സൂചന. തിരുവനന്തപുരം-കണ്ണൂര്‍ സര്‍വീസാണ് പരിഗണനയില്‍. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍ വരെ പരീക്ഷണ സര്‍വീസ് ആരംഭിക്കും. 25ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനാണ് നീക്കം നടക്കുന്നത്. വന്ദേഭാരത് ട്രെയിനിന്റെ റേക്കുകള്‍ ചെന്നൈയില്‍നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും
ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റെയില്‍വെ ഡിവിഷന്‍ ഏഴ് നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ആദ്യ സര്‍വീസ് നടത്തുന്നതടക്കമുള്ള വിവരങ്ങളാണ് പുറത്തിറക്കിയത്. മണിക്കൂറില്‍ 160 കിലോമീറ്ററാണ് വന്ദേഭാരത് ട്രെയിനിന്റെ വേഗം. കേരളത്തില്‍ എത്ര കി.മീ സ്പീഡില്‍ ഓടിക്കാനാകുമെന്ന് വ്യക്തതയില്ല.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ വന്ദേഭാരത് തുടങ്ങിയാല്‍ അത് ബി.ജെ.പിക്ക് വലിയ മൈലേജ് നല്‍കുമെന്നാണ് നേതാക്കള്‍ കരുതുന്നത്. തൃശൂരില്‍ അമിത് ഷാ പങ്കെടുത്ത റാലിയോടെ കേരളത്തില്‍ 2024 തെരഞ്ഞെടുപ്പിന് പ്രചാരണം കുറിച്ച ബി.ജെ.പി രണ്ടാം ഘട്ടമായാണ് പ്രധാനമന്ത്രിയുടെ പരിപാടി ഒരുക്കുന്നത്. തെരഞ്ഞെടുപ്പിന് ഒരു വര്‍ഷംകൂടി ഉണ്ടെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ ആരംഭിച്ചിരിക്കുകയാണ് ബി.ജെ.പി.

 

 

Latest News