റിയാദ് -ഖത്തറും ബഹ്‌റൈനും തമ്മിലുള്ള നയതന്ത്രബന്ധം പുനരാരംഭിക്കാനുള്ള തീരുമാനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പോസിറ്റീവ് നടപടിയെ മന്ത്രാലയം അഭിനന്ദിക്കുകയും ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ കരുത്ത് ഇത് സ്ഥിരീകരിക്കുകയും ചെയ്യുന്നുവെന്ന് സൗദി വ്യക്തമാക്കി. മേഖലയിലെ രാജ്യങ്ങളുടെയും ജനങ്ങളുടെയും അഭിലാഷങ്ങൾ നേടിയെടുക്കുന്ന വിധത്തിൽ സംയുക്ത ഗൾഫ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് ഈ നീക്കം സഹായിക്കുമെന്നും സൗദി വ്യക്തമാക്കി.
യു.എൻ ചാർട്ടർ തത്വങ്ങൾക്കും നയതന്ത്ര ബന്ധങ്ങൾക്കുള്ള 1961 ലെ ജനീവ കൺവെൻഷൻ വകുപ്പുകൾക്കും അനുസൃതമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ബഹ്‌റൈനും ഖത്തറും തീരുമാനിച്ചു. ഗൾഫ് സഹകരണ കൗൺസിൽ സ്റ്റാറ്റിയൂട്ടിന്റെ ഉദ്ദേശ്യങ്ങൾക്കനുസൃതമായി, രാജ്യങ്ങൾ തമ്മിലുള്ള തുല്യത, ദേശീയ പരമാധികാരം, സ്വാതന്ത്ര്യം, പ്രാദേശിക സമാധാനം, നല്ല അയൽപക്കബന്ധം എന്നിവ മാനിച്ച് ഉഭയകക്ഷി ബന്ധം വികസിപ്പിക്കാനും ഗൾഫ് ഏകീകരണവും ഐക്യവും പ്രോത്സാഹിപ്പിക്കാനുമുള്ള പരസ്പര ആഗ്രഹത്തിന്റെ ഭാഗമായാണ് പുതിയ ചുവടുവെപ്പ്.
സംയുക്ത നിയമ സമിതിയുടെയും സംയുക്ത സുരക്ഷാ സമിതിയുടെയും ആദ്യ യോഗത്തിന്റെ ഫലങ്ങൾ വിലയിരുത്തി റിയാദിൽ ഗൾഫ് സഹകരണ കൗൺസിൽ ആസ്ഥാനത്ത് ബഹ്‌റൈൻ, ഖത്തർ സംഘങ്ങൾ നടത്തിയ ചർച്ചയിലാണ് നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനമായത്. ബഹ്‌റൈൻ വിദേശ മന്ത്രാലയത്തിൽ രാഷ്ട്രീയ കാര്യങ്ങൾക്കുള്ള അണ്ടർ സെക്രട്ടറി ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് അൽഖലീഫയുടെയും ഖത്തർ വിദേശ മന്ത്രാലയ സെക്രട്ടറി ജനറൽ ഡോ. അഹ്മദ് അൽഹമാദിയുടെയും നേതൃത്വത്തിലാണ് ബഹ്‌റൈൻ, ഖത്തർ സംഘങ്ങൾ റിയാദിൽ ജി.സി.സി ആസ്ഥാനത്ത് ചർച്ച നടത്തിയത്.
ഖത്തറിനെതിരായ അറബ് ഉപരോധം അവസാനിപ്പിച്ച് രണ്ടു വർഷത്തിനു ശേഷമാണ് ഖത്തറും ബഹ്‌റൈനും നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നത്. മൂന്നര വർഷം നീണ്ട ഖത്തർ ഉപരോധം സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും 2021 ജനുവരിയിൽ അവസാനിപ്പിച്ചിരുന്നു. ബഹ്‌റൈൻ ഒഴികെയുള്ള രാജ്യങ്ങൾ ഖത്തറുമായി യാത്രാ, വ്യാപാര ബന്ധങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്തു. എന്നാൽ പരിഹരിക്കപ്പെടാത്ത ചില പ്രശ്‌നങ്ങളുടെ പേരിൽ ബഹ്‌റൈനും ഖത്തറും നയതന്ത്രബന്ധം പുനഃസ്ഥാപിച്ചിരുന്നില്ല. ഉഭയകക്ഷി ബന്ധങ്ങളിലെ വിള്ളലുകൾ പരിഹരിക്കാനുള്ള നീക്കത്തിന്റെ സൂചനയെന്നോണം കഴിഞ്ഞ ജനുവരിയിൽ ബഹ്‌റൈൻ കിരീടാവകാശി ഖത്തർ അമീറുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു.