Sorry, you need to enable JavaScript to visit this website.

ഉമ്മയെ വൃദ്ധസദനത്തിലാക്കുകയാണെന്ന് ഗേറ്റിന് മുന്നിൽ നോട്ടീസ്, 82കാരി നേരിട്ട ക്രൂരത

പ്രതീകാത്മക ചിത്രം

82 കാരിയായ വൃദ്ധമാതാവിനെ, വൃദ്ധസദനത്തിൽ കൊണ്ടെത്തിക്കുമെന്ന് പറഞ്ഞ് വീടിന്റെ ഗേറ്റിൽ നോട്ടീസ് പതിക്കുക. ആ പാവം വയോധികയെ അധിക്ഷേപ വാക്കുകളുമായി ചോദ്യം ചെയ്യൽ നടത്തുക. 'എന്തെങ്കിലും ഒസ്യത്ത് ചെയ്യാനുണ്ടോ..? അവസാനമായി ആഗ്രഹങ്ങൾ വല്ലതുമുണ്ടോ..?..''  തുടങ്ങി മാനസികമായി തളർത്തുന്ന ചോദ്യങ്ങൾ. ഇതിനെല്ലാം കരഞ്ഞും, കണ്ണ് തുടച്ചും പ്രതികരിക്കുന്ന ഉമ്മ. 'എന്ത് കുത്തിത്തിരിപ്പുണ്ടാക്കിയിട്ടും കാര്യമില്ല.. ഭൂമിയിൽ നിന്ന് പോയേ മതിയാകൂ..'' എന്ന ഫിലോസഫിയും ആ ക്രൂരൻ സ്വന്തം മാതാവിനെ ഉപദേശിക്കുന്നുണ്ട്. ഏറെ സമയം നീണ്ട് നിന്ന ഈ ചോദ്യം ചെയ്യലെല്ലാം വീഡിയോവിൽ പകർത്തിയ മൂത്ത മകൻ, സഹോദരങ്ങളായ മറ്റ് മൂന്ന് കാളക്കൂറ്റൻമാർക്കും അയച്ച് കൊടുത്തതോടെയാണ് ഈ 'മൃഗയാ വിനോദം' പുറംലോകമറിയുന്നതും.!

സ്ഥലം പാലക്കാട് ജില്ലയിലെ കരിങ്ങനാട്. 'മാളുത്താ' എന്ന് വിളിയ്ക്കുന്ന പാത്തുമ്മ എന്ന 82കാരി വൃദ്ധ. പരേതനായ ഒറവ്‌തൊടി വീരാലിഹാജിയുടെ മകളാണ്. ആഢ്യത്വമുള്ള കുടുംബ പശ്ചാതലം. മാളുത്തായുടെ ഭർത്താവ് ഇന്ത്യൻ റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല. മാളുത്തായ്ക്ക് പ്രതിമാസം 35,000/രൂപ കുടുംബ പെൻഷനുണ്ട്. എന്ന് മാത്രമല്ല, 60 ലക്ഷം രൂപ മാളുത്തായുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപവും ഉണ്ടായിരുന്നു. മൂത്തവൻ മണി എന്ന് വിളിപ്പേരുള്ള അബ്ദുൽഅസീസ്, രണ്ടാമത്തവൻ അബ്ദുൽ റഷീദ്, മൂന്നാമൻ അബ്ദുൽ സലീം, ഇളയവൻ അബ്ദുൽ മജീദ് എന്നിങ്ങനെ നാലു പേരാണ് മാളുത്തായുടെ മക്കൾ. എല്ലാവരും സാമ്പത്തികമായി ഉയർന്ന നിലയിൽ. മൂത്ത മകൻ അബ്ദുൽ അസീസിന്റെ വീട്ടിലാണ് മാളുത്താ കഴിഞ്ഞിരുന്നത്. വീട്ടിലെ കാർഷെഡ്ഡിന് അരികിലായി നിർമ്മിച്ച ചായ്പ്പിലാണ്, സ്വന്തം മാതാവിനായി അയാൾ കിടപ്പറ ഒരുക്കിയിരുന്നത്.
 അബ്ദുൽഅസീസ് തന്റെ വീടിന്റെ ഗേറ്റിൽ പതിച്ച നോട്ടീസിൽ വീട്ട് നമ്പരും, വിലാസവും, തിയ്യതിയുമെല്ലാം കൃത്യമായി രേഖപ്പെടുത്തിയിരുന്നു. 'ഉമ്മായെ വൃദ്ധസദനത്തിൽ ഏൽപ്പിക്കുകയാണ്. ഇക്കാര്യം മറ്റ് മക്കളെ അറിയിച്ച് കൊള്ളുന്നു, വീട്ടിലെത്തി ആരും കുറ്റം പറയാൻ തുനിയേണ്ട. എന്ന് അബ്ദുൽഅസീസ്.'' ഇപ്രകാരം ഗേറ്റിൽ പതിച്ച പൊതു വിളംബരം, സഹോദരങ്ങളായ മറ്റുള്ളവർ കണ്ടെങ്കിലും, 'മാതാവിന്റെ ബാങ്ക് ബാലൻസ് ശൂന്യമായതിനാൽ', പണമില്ലാത്ത മാളുത്തായെ അവർക്കും ആവശ്യമില്ലായിരുന്നു. 
ഒടുവിൽ മാളുത്തായുടെ മൂത്ത മകൻ അവരെ വൃദ്ധസദനത്തിലെ നാല് ചുവരുകൾക്കുള്ളിൽ കൊണ്ടു പോയി അടച്ചു.! കൊച്ചുന്നാളിൽ മക്കളെ ഉറക്കുന്നതിനായി, മാളുത്തായുടെ നെഞ്ചിലൂറി കിടന്നിരുന്ന താരാട്ട് ഗീതം, ആ വൃദ്ധയുടെ ചുണ്ടിൽ പലതവണ  വിതുമ്പലിന്റെ രൂപത്തിൽ ഏമ്പക്കം പോലെ തികട്ടി വന്നു. ധനാഢ്യരായ നാല് കീട ജൻമങ്ങളേയും മാസങ്ങളോളം ചുമന്ന മാളുത്തായുടെ അടിവയറും, പൊക്കിൾചുഴിയും വല്ലാതെ നീറിക്കേറി. എട്ട് പതിറ്റാണ്ട് കാലത്തിനിടെ, നാല് ആൺമക്കളുടേയും, കുറേ പേരമക്കളുടേയും കയ്യും കാലും വളരുന്നത് കൺ കുളിർക്കെ കാണുന്നതിനിടെ, കാലത്തിന്റെ മറിമായം, അവരെ കൊണ്ടെത്തിച്ച വൃദ്ധസദനത്തിൽ രണ്ടാഴ്ച തികയ്ക്കും മുമ്പ് അവർ, ആകാവുന്നത്ര ദുരിതവും പേറി, അള്ളാഹുവിന്റെ സന്നിധിയിലേക്ക് യാത്ര തിരിച്ചു. മൂത്തമകൻ അബ്ദുൽ അസീസ്, മാതാവിന്റെ ജഡം ഏറ്റ് വാങ്ങാൻ വലിയ 'സൗമനസ്യം' കാണിച്ചപ്പോൾ, 'മൂന്നാമത്തെ മകനായ' അബ്ദുൽ സലീം, മാതാവിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പരാതി നൽകി. അതോടെ ആ വൃദ്ധയുടെ ജഡം പോസ്റ്റ്‌മോർട്ടം ചെയ്ത് കീറിത്തുന്നി മക്കൾക്ക് തന്നെ തിരിച്ചു നൽകി.
മാളുത്തായുടെ മരണത്തോടെ, വീണ്ടും പല തരത്തിലുള്ള ട്വിസ്റ്റുകൾ അരങ്ങേറി. ഒന്നാമന്റെ വോയ്‌സ് ക്ലിപ്പ് സോഷ്യൽമീഡിയായിൽ ഉടൻ വന്നു. ആ ശബ്ദ സന്ദേശത്തിൽ, തന്റെ സഹോദരങ്ങൾ ഏറ്റെടുക്കാത്തത് കൊണ്ടാണ്  മാതാവ് വൃദ്ധ സദനത്തിലാകാൻ കാരണമെന്നും, പോസ്റ്റ്‌മോർട്ടം ചെയ്യുന്നത് ഇസ്ലാമിനെതിരാണെന്നും അയാൾ പറയുന്നു. നോക്കണം ആ കഴുതയുടെ ആ ദീനി ബോധം.
നടപ്പ് കാലത്ത് പലർക്കും  വയസ്സായ മാതാപിതാക്കൾ ഒരു ശല്യമാണ്. അപമാനമാണ്. 'വൈറ്റ് ആന്റ് വൈറ്റ്' മക്കളുടെ മണിമാളികയിൽ എ.സി, ഹോം തിയേറ്റർ, മോഡേൺ ഫർണ്ണിഷുകൾ, കംപ്യൂട്ടർ തുടങ്ങി എല്ലാം പുതിയതും ഫ്രഷുമായിരിക്കും. ജൻമം നൽകിയ തന്തയും, തള്ളയും മാത്രം എപ്പോഴും പഴയത് മാത്രം. അവരാകട്ടെ എല്ലാവർക്കും തികഞ്ഞ ശല്യവും. ഇന്നത്തെ 'വൈറ്റ് ആന്റ് വൈറ്റ്' പ്രമാണിമാരും ഒരു നാൾ പഴയതാകും. അന്ന് അവരെ കൊണ്ട് പോയി കളയാൻ കാത്തിരിക്കുന്നവരാകും അവരുടെ മക്കളും. അവരിപ്പോൾ കാര്യങ്ങൾ കണ്ട് പഠിയ്ക്കുകയാണ്.
മാളുത്തായുടെ നാല് മക്കൾക്കുമെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസ്സെടുക്കണം. അതിന് പ്രപ്തമായ തെളിവുകൾ ഇവർ തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ട് താനും.! പക്ഷെ, നിയമം വഴി മാറാനുള്ളതാണ്. പണത്തിനും.. പദവിയ്ക്കും.
 

Latest News