കണ്ണൂര്‍ - എലത്തൂര്‍ സംഭവത്തിന് ശേഷം തീവണ്ടിയില്‍ സുരക്ഷ ശക്തമാക്കിയെന്ന് അധികൃതര്‍ അവകാശപ്പെടുന്നതിനിടെ, തീവണ്ടിയില്‍ റിസര്‍വ്ഡ് കോച്ചിനകത്ത് അര്‍ദ്ധരാത്രി വിദ്യാര്‍ഥിനിക്ക് നേരെ സംഘടിത ആക്രമണം. രണ്ടുപവന്റെ സ്വര്‍ണ്ണമാല കവര്‍ന്നു.
മാവേലി എക്‌സ്പ്രസിലെ റിസര്‍വ്ഡ് കോച്ചിനകത്ത് വിദ്യാര്‍ഥിനിയായ യുവതിയെ രണ്ടുപേര്‍ ആക്രമിച്ചു. ശൗചാലയത്തില്‍ പോയിമടങ്ങവെ യുവതിയുടെ വായ പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്ത് ഇറങ്ങിയോടുകയായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടിന് തിരുവനന്തപുരംമംഗളൂരു മാവേലി എക്‌സ്പ്രസിലെ (16604) എസ് 8 കോച്ചിലാണ് സംഭവം. കണ്ണൂര്‍ പഴയങ്ങാടി മണ്ടൂര്‍ സ്വദേശിയായ ഇരുപത്തിമൂന്നുകാരിയാണ് ആക്രമണത്തിനിരയായത്.
തിരുവനന്തപുരത്ത് പഠിക്കുന്ന യുവതി വീട്ടിലേക്ക് വരികയായിരുന്നു. എസ് 8 കോച്ചിലെ 54ാം ബര്‍ത്തായിരുന്നു യുവതിയുടേത്. വണ്ടി ഏതോ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഷൊര്‍ണൂരാണെന്ന് സംശയിക്കുന്നു. ശൗചാലയത്തില്‍ പോയിവരുമ്പോഴാണ് അതിനരികിലുണ്ടായിരുന്ന ഒരാള്‍ പെട്ടെന്ന് കൈപിടിച്ച് തിരിച്ച് മുഖംപൊത്തിയത്. ശ്വാസം മുട്ടി. ഇതിനിടയില്‍ കഴുത്തിലെ മാല പൊട്ടിച്ചു. മല്‍പ്പിടിത്തത്തില്‍ ലോക്കറ്റ് കൊണ്ട് കഴുത്തില്‍ മുറിഞ്ഞു. മാലയുടെ ബാക്കി കഷണവുമായി രണ്ടുപേര്‍ ഇറങ്ങിയോടി. ശൗചാലയത്തില്‍ അതിനുമുന്‍പ് പോകുമ്പോഴും അവര്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നുവെന്ന് യുവതി പറഞ്ഞു. ഈ സമയത്തൊന്നും പോലീസോ റെയില്‍വേ സുരക്ഷാസേനയോ അതിലൂടെ വന്നിട്ടില്ല. സംഭവത്തിനുശേഷം ഭയന്നുവിറച്ച് പിന്നീട് ഉറങ്ങിയില്ല. ആരോടും പറഞ്ഞില്ല. പേടി മാറ്റാന്‍ അച്ഛനോട് ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്നു.
പുലര്‍ച്ചെ 5.40 ന് പഴയങ്ങാടിയില്‍ ഇറങ്ങും വരെ ടിക്കറ്റ് പരിശോധകരോ സുരക്ഷാ ഉദ്യോഗസ്ഥരോ വന്നില്ലെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. ഒരാള്‍പോലും വരാത്തതിനാല്‍ പഴയങ്ങാടി റെയില്‍വേ
സ്‌റ്റേഷനില്‍ വണ്ടിയിറങ്ങിയ ശേഷമാണ് സ്‌റ്റേഷന്‍ മാസ്റ്റര്‍ക്ക് പരാതി നല്‍കിയത്.ബ
ആര്‍.പി.എഫ്. കേസെടുത്ത് അന്വേഷണം തുടങ്ങി.