Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാഠപുസ്തകങ്ങള്‍ പുറത്തിറക്കുമ്പോള്‍ മതേതരത്വത്തിന് മുന്‍ഗണന- മന്ത്രി ശിവന്‍കുട്ടി

പത്തനംതിട്ട - മതേതരത്വത്തിനും ഭരണഘടന മൂല്യങ്ങള്‍ക്കും ഊന്നല്‍ നല്‍കിയുള്ള പാഠപുസ്തകങ്ങള്‍ മാത്രമേ സംസ്ഥാനത്ത് പുറത്തിറക്കുകയുള്ളുവെന്ന് വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി പറഞ്ഞു. കുറ്റൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ എജ്യൂക്കേഷന്‍ പോളിസി മുഴുവനായി സംസ്ഥാനത്ത് നടപ്പാക്കില്ല. കേരളസംസ്‌കാരത്തിനും മതേതരത്വത്തിനും എതിരായി എന്‍.ഇ.പിയില്‍ അടങ്ങിയിരിക്കുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ്. കുട്ടികളില്‍ ചരിത്രത്തെ മാറ്റി പഠിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഒന്നു മുതല്‍ അഞ്ചു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന സൗകര്യ വിദ്യാഭ്യാസം കൂടുതല്‍ മെച്ചപ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കുട്ടിയുമായി ഏറ്റവും അടുത്തിടപെടുന്നവര്‍ അധ്യാപകര്‍ ആയതിനാല്‍ ഒന്നു മുതല്‍ നാലുവരെ പഠിക്കുന്ന ഓരോ കുട്ടികളുടെയും എല്ലാ വിവരങ്ങളും അധ്യാപകര്‍ അറിഞ്ഞിരിക്കണം. കുട്ടികള്‍ക്ക് സമാധാനത്തോടും സന്തോഷത്തോടും കൂടി പഠിക്കുന്നതിനുള്ള അന്തരീക്ഷം ആണ് വേണ്ടത്. കുട്ടികളുടെ പ്രകടനം കണ്ട് ഗ്രേഡ് നിശ്ചയിക്കുന്നതും കളികളിലൂടെ സ്വന്തമായി കാര്യങ്ങള്‍ മനസിലാക്കുന്നതുമായ ഫിന്‍ലാന്‍ഡ് മോഡലിനെ പറ്റിയും മന്ത്രി പറഞ്ഞു.
എല്ലാ വകുപ്പുകളിലും വമ്പിച്ച വികസന വിപ്ലവമാണ് നടക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാനത്ത്  വിദ്യാഭ്യാസ വകുപ്പില്‍ മാത്രം 74 കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു. വളരെ മികച്ചതും രാജ്യത്തിനാകെ മാതൃകയായതുമായ സ്‌കൂള്‍ സംവിധാനമാണ് കേരളത്തിലേത്. രാജ്യത്ത് വിദ്യാര്‍ഥികളുടെ  കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയും വിദ്യാകിരണം പദ്ധതിയിലൂടെയും പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ 2016 മുതല്‍ നടത്തുന്നത്.
കുറ്റൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മിച്ച് നല്‍കും. നന്നായി കുട്ടികളെ പഠിപ്പിക്കുമെന്ന് രക്ഷിതാക്കളെ ബോധ്യമാക്കി കൂടുതല്‍ കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുവരാന്‍ അധ്യാപകര്‍ക്ക് സാധിക്കണമെന്നും മന്ത്രി പറഞ്ഞു. ആറ് പേരില്‍നിന്ന് 72 കുട്ടികളായി എണ്ണം വര്‍ധിച്ച കുറ്റൂര്‍ പാണ്ടിശേരി ഭാഗം ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ പഠന സൗകര്യം വര്‍ധിപ്പിക്കുന്നതിനായി സ്‌കൂളിന് ഒരു കോടി രൂപ അനുവദിച്ചതായി ചടങ്ങില്‍ മന്ത്രി പ്രഖ്യാപിച്ചു.
കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സഞ്ജു അധ്യക്ഷത വഹിച്ചു.

 

Latest News