Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വാഹനം ഓടിച്ചത് അടൂരില്‍, പെറ്റി വന്നപ്പോള്‍ പസഫിക് ദ്വീപില്‍; പുലിവാലു പിടിച്ച് പോലീസ്

പത്തനംതിട്ട - പോലീസ് വാഹന പരിശോധന നടത്തിയത് അടൂരില്‍. ഹെല്‍മറ്റ് വെയ്ക്കാതെ വാഹനം ഓടിച്ചത് നെല്ലിമുകള്‍ സ്വദേശി അരുണും. ഗതാഗത നിയമലംഘനം ക്യാമറയില്‍ പിടികൂടി പരിവാഹന്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്തപ്പോള്‍ പസഫിക് സമുദ്രത്തില്‍ ജപ്പാനും റഷ്യയും അവകാശ തര്‍ക്കം ഉന്നയിക്കുന്ന കുറില്‍ ദ്വീപില്‍ അരുണ്‍ വാഹനം ഓടിച്ചു എന്നാണ് അരുണിന് ലഭിച്ച രജിസ്‌റ്റേര്‍ഡ് നോട്ടീസിലെ ലൊക്കേഷനായി കാണിച്ചിരിക്കുന്നത്. ശരിയായ സ്ഥലം രേഖപ്പെടുത്തി പെറ്റി തന്നാല്‍ പണം അടക്കും എന്ന് അരുണ്‍ പറയുമ്പോള്‍ പോലീസ് കുറില്‍ ദ്വീപില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു.
ഫോട്ടോയെടുത്ത് അപ്‌ലോഡ ്‌ചെയ്തപ്പോള്‍ സംഭവിച്ച സാങ്കേതിക പിഴവാണിതെന്നാണ് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ പറയുന്നത്. ഇ-ചെല്ലാനിലുള്ള പെറ്റി അടയ്ക്കണമെന്ന് അടൂര്‍ എസ്.എച്ച്.ഒയും പറയുന്നു. ചെല്ലാന്‍ തിരുത്താന്‍ നിര്‍വാഹമില്ലെന്നും പെറ്റി അടച്ചേ മതിയാകൂവെന്നും ട്രാഫിക് എസ്.ഐയും അറിയിച്ചു. താന്‍ പെറ്റി അടക്കാന്‍ തയാറാണ് എന്നാണ് വാഹനം ഉടമ അരുണ്‍ പറയുന്നത്. പക്ഷേ, അത് കൃത്യമായ സംഭവസ്ഥലം പറഞ്ഞ് വീണ്ടും ചെല്ലാന്‍ തന്നെങ്കില്‍ മാത്രമേ അടയ്ക്കൂ. അല്ലാത്ത പക്ഷം കോടതിയെ സമീപിക്കും. പ്രശ്‌നത്തിന് കാരണം പോലീസിന്റെ അനാസ്ഥയാണ്. ഗതാഗത നിയമലംഘനം പോലുള്ള വിഷയം കൈകാര്യം ചെയ്യുമ്പോള്‍ പോലീസ് ശ്രദ്ധിക്കണം. താന്‍ ഹെല്‍മറ്റില്ലാതെ വന്നുവെന്നത് ശരി തന്നെ. പക്ഷേ, അത് നെല്ലിമുകള്‍ വഴിയാണ്. കുറില്‍ ദ്വീപിലൂടെയല്ല. സംഭവസ്ഥലം ഏതെന്ന് നോക്കി വേണമായിരുന്നു ചെല്ലാന്‍ അടിക്കാന്‍. അത് തിരുത്തില്ലെന്ന പോലീസിന്റെ പിടിവാശി കോടതിയില്‍ ചോദ്യം ചെയ്യും. നിരവധി പേര്‍ക്ക് ഈ രീതിയില്‍ പെറ്റി പല സ്ഥലത്തും ലഭിക്കുന്നുണ്ടെന്നും അരുണ്‍ പറഞ്ഞു.
ഏപ്രില്‍ 11 ന് വൈകിട്ടാണ് അരുണിന് രജിസ്‌ട്രേഡ് മൊബൈലില്‍ ഹെല്‍മറ്റില്ലാ യാത്രക്ക് 500 രൂപ പെറ്റി അടയ്ക്കാന്‍ സന്ദേശം വന്നത്. അതിനൊപ്പമുള്ള ലിങ്കില്‍ കയറി ചെല്ലാന്‍ പരിശോധിച്ചപ്പോഴാണ് സംഭവം നടന്ന സ്ഥലവും സമയവും തെറ്റായി രേഖപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ടത്.
ചിത്രമെടുത്ത എസ്.ഐ അപ്‌ലോഡ് ചെയ്യുന്ന വഴി ജി.പി.എസിനുണ്ടായ സാങ്കേതിക പ്രശ്‌നമാണ് പ്ലേസ് ഓഫ് ഇന്‍സിഡന്റ് മാറാന്‍ കാരണമായത്. ജി.പി.എസ് ഓണ്‍ ചെയ്യാതെയാകണം ചിത്രമെടുത്തത്. ഇതിന് ഉപയോഗിച്ച ഉപകരണം നിര്‍മിച്ച സ്ഥലംതന്നെയാകും അപ്പോള്‍ പ്ലേസ് ആയി കാണിക്കുക. ഏതു രീതിയിലും പെറ്റി ഈടാക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഗതാഗത നിയമലംഘനം സിവിലിയന്മാര്‍ക്കും ചൂണ്ടിക്കാണിക്കാം. ചിത്രങ്ങള്‍ എടുത്ത് അപ്‌ലോഡ് ചെയ്യുന്നതിന് പോലീസും മോട്ടോര്‍ വാഹന വകുപ്പും സൗകര്യം ഒരുക്കിയിട്ടുണ്ട്. നിയമലംഘനത്തിന്റെ ചിത്രം കിട്ടിയാല്‍ അപ്പോള്‍ തന്നെ വാഹനത്തിന്റെ നമ്പര്‍ നോക്കി ഉടമയ്ക്ക് പിഴ അടയ്ക്കാനുള്ള നോട്ടീസ് അയക്കുന്ന സംവിധാനമാണിത്. ഇതിന് പുറമേയാണ് ചിത്രമെടുക്കാനുള്ള കാമറ പോലീസിനും ട്രാഫിക് പോലീസ് യൂണിറ്റുകള്‍ക്കും കൈമാറിയിട്ടുള്ളത്.
സംഭവത്തില്‍ പോലീസ് പറയുന്നത് മുഴുവന്‍ പച്ചക്കള്ളമെന്ന് സ്‌കൂട്ടര്‍ യാത്രക്കാരനായ അരുണ്‍ നെല്ലിമുകള്‍ പറഞ്ഞു. ചിത്രം അടൂര്‍ ടൗണില്‍ അടൂര്‍ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ പകര്‍ത്തിയതാണെന്നായിരുന്നു അടൂര്‍ ട്രാഫിക് പോലീസ് എസ്.ഐ അജി പറഞ്ഞിരുന്നത്. എന്നാല്‍, ഇത് പച്ചക്കള്ളമാണെന്ന് അരുണ്‍ പറയുന്നു. ഏപ്രില്‍ 11 ന് വൈകിട്ട് 4.31 നാണ് ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്തിരിക്കുന്ന ചിത്രം പതിഞ്ഞിരിക്കുന്നത് എന്നാണ് ചെല്ലാനില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ താന്‍ അതു വഴി പോയത് 3.20 നാണ്. ഈ സമയം ഭാര്യയും ഇളയ കുഞ്ഞുമായിട്ടാണ് നെല്ലിമുകള്‍ കേരളാ ബാങ്കില്‍ പോയത്. ഉടന്‍ തന്നെ തിരിച്ചു വരികയും ചെയ്തു. ഏനാത്ത് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വച്ചുള്ള ചിത്രമാണ് അത്.
ചെല്ലാന്‍ രസീതിലെ സമയംകൂടി തെറ്റിയപ്പോള്‍ ചെല്ലാന്‍ അരിച്ചു പെറുക്കി നോക്കുമ്പോഴാണ് പ്ലേസ് ഓഫ് ഇന്‍സിഡന്റ് കുറില്‍ ഐലന്‍ഡ് ആണെന്ന് കണ്ടത്. ഇതേത് സ്ഥലമെന്ന് കണ്‍ഫ്യൂഷന്‍ അടിച്ചാണ് ഗൂഗിളില്‍ സേര്‍ച്ച് ചെയ്തത്. അപ്പോഴാണ് പസഫിക് സമുദ്രത്തിലെ ദ്വീപ സമൂഹമാണെന്നും അതിന്മേല്‍ റഷ്യയും ജപ്പാനും അവകാശ തര്‍ക്കം ഉണ്ടെന്നും മനസിലാക്കുന്നത്. എന്തായാലും ഈ പെറ്റി താന്‍ അടയ്ക്കില്ലെന്ന് അരുണ്‍ പറയുന്നു.

 

Latest News