Sorry, you need to enable JavaScript to visit this website.

ക്രൈസ്തവര്‍ക്കെതിരായ അക്രമം പെരുപ്പിച്ച് കാണിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി- ക്രൈസ്തവര്‍ക്കെതിരേ രാജ്യത്തു നടക്കുന്ന അക്രമങ്ങളുടെ എണ്ണം പരാതിക്കാര്‍ സുപ്രീംകോടതിയില്‍ പെരുപ്പിച്ചു കാട്ടിയെന്ന് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവിധ കേസുകളുടെ എണ്ണം പരിശോധിക്കുമ്പോള്‍ സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന ഹരജിയിലെ കണക്കുകളുമായി വലിയ വ്യത്യാസമുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. ക്രൈസ്തവര്‍ക്കെതിരേയും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരേയും നടക്കുന്ന അക്രമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹരജി ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ പി.എസ് നരസിംഹ, ജെ.ബി പര്‍ദീവാല എന്നിവരുള്‍പ്പെട്ട ബെഞ്ചാണു പരിഗണിക്കുന്നത്. വിഷയം ആളിക്കത്തിക്കുക മാത്രമാണു പരാതിക്കാരുടെ ലക്ഷ്യമെന്നും ഇത് സമൂഹത്തിലേക്ക് തെറ്റായ സന്ദേശം പടര്‍ത്തുമെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.
എന്നാല്‍, ക്രൈസ്തവര്‍ക്കെതിരേ നടക്കുന്ന അക്രമങ്ങള്‍ വര്‍ധനവുണ്ടായിരിക്കുകയാണെന്ന് പരാതിക്കാരുടെ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് ചൂണ്ടിക്കാട്ടി. ചത്തീസ്ഗഡില്‍ ക്രൈസ്തവരുടെ പ്രാര്‍ഥന യോഗങ്ങള്‍ തടയുകയും ക്രൈസ്തവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്യുകയാണ് പതിവ്. എന്നാല്‍, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഈ വാദങ്ങള്‍ തെറ്റാണെന്ന് വാദിച്ചു. സംസ്ഥാനങ്ങളില്‍ നിന്നുള്ള കണക്കുകള്‍ പരിശോധിക്കാനും ആവശ്യപ്പെട്ടു. ക്രൈസ്തവര്‍ക്കെതിരേ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാനും നടപടിയെടുക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കണമെന്നു ചൂണ്ടിക്കാട്ടി ബംഗ്ലൂര്‍ രൂപത അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ. പീറ്റര്‍ മക്കാഡോയും നാഷണല്‍ സോളിഡാരിറ്റി ഫോറവും ചേര്‍ന്നാണു സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. ഹരജി കഴിഞ്ഞ തവണ പരിഗണിച്ചപ്പോള്‍ ക്രൈസ്തവര്‍ക്കെതിരേ നടക്കുന്ന അക്രമണങ്ങളില്‍ എട്ടു സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. അക്രമങ്ങളില്‍ ലഭിച്ച പരാതികള്‍, അന്വേഷണം, അറസ്റ്റ്, കുറ്റപത്രം എന്നിവ സംബന്ധിച്ച വിശദ വിവരം നല്‍കണമെന്നായിരുന്നു നിര്‍ദേശം.
 പരാതിക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന കണക്കുകള്‍ ശരിയല്ലെന്ന്     സോളിസിറ്റര്‍ ജനറല്‍പറഞ്ഞു. ക്രൈസ്തവര്‍ക്കെതിരേ സമീപ കാലത്ത് അഞ്ഞൂറോളം അക്രമ സംഭവങ്ങള്‍ നടന്നു എന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍, സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇതു കൃത്യമല്ലെന്നാണ് മനസിലായത്. ആദ്യമായി ബിഹാറിന്റെ കാര്യം എടുത്താല്‍ അയല്‍വാസികള്‍ തമ്മിലുള്ള വഴക്കുകള്‍ പോലും ക്രൈസ്തവര്‍ക്കെതിരേ നടന്ന അക്രമമായി ചിത്രീകരിച്ചിരിക്കുകയാണ്. ഈ തര്‍ക്കങ്ങളില്‍ പരിഹാരം ഉണ്ടായിട്ടുള്ളതാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നതും. അതിനാല്‍ തന്നെ പരാതിക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. ചത്തീസ്ഗഡില്‍ നടന്നു എന്ന് പറഞ്ഞു നല്‍കിയിരിക്കുന്ന അക്രമ സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങളും തെറ്റാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
    കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രാത്രി വൈകി മാത്രം ഫയല്‍ ചെയ്ത സത്യവാംഗ്മൂലം പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് പരാതിക്കാരുടെ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് ആവശ്യപ്പെട്ടത്. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് പരിഗണിക്കണം എന്നാവശ്യപ്പെട്ട സോളിസിറ്റര്‍ ജനറല്‍ പരാതിയില്‍ പറഞ്ഞിരിക്കുന്ന പല വിവരങ്ങളും തെറ്റാണെന്ന് ആരോപിച്ചു. മിക്ക സംസ്ഥാനങ്ങളും ഇതില്‍ പറയുന്ന അക്രമ സംഭവങ്ങള്‍ നടന്നിട്ടേയില്ല എന്നാണ് പ്രതികരിച്ചിരിക്കുന്നതെന്നും പറഞ്ഞു. ക്രൈസ്തവര്‍ ഇന്ത്യയില്‍ പരക്കെ ആക്രമിക്കപ്പെടുകയാണെന്ന പ്രതിച്ഛായ രാജ്യത്തിനു പുറത്ത് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. രണ്ടാഴ്ചയ്ക്ക് ശേഷം ഹരജി തള്ളുകയാണ് വേണ്ടതെന്നും വാദിച്ചു.
    സുപ്രീംകോടതി നല്‍കിയ നിര്‍ദേശം അനുസരിച്ച് സംസ്ഥാനങ്ങളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തയാറാക്കി വരികയാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി അറിയിച്ചു. കേസ് അടുത്ത തവണ പരിഗണിക്കുന്നതിന് മുന്‍പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും വ്യക്തമാക്കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News