Sorry, you need to enable JavaScript to visit this website.

കുവൈത്തിൽ വാർത്ത വായിക്കാൻ നിർമിത ബുദ്ധി അവതാരക

ഫിദ്ദ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച്  വെർച്വൽ ന്യൂസ് അവതാരകയെ സൃഷ്ടിച്ച് കുവൈത്ത് മാധ്യമ സ്ഥാപനം. കുവൈത്ത് ടൈംസുമായി ബന്ധപ്പെട്ട കുവൈത്ത് ന്യൂസിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഫിദ്ദ എന്ന വെർച്വൽ അവതാരക അരങ്ങേറ്റം കുറിച്ചത്.
കറുത്ത ജാക്കറ്റും വെളുത്ത ടിഷർട്ടും ധരിച്ച ഇളം നിറമുള്ള മുടിയുള്ള യുവതിയായാണ് അവതാരക പ്രത്യക്ഷപ്പെടുന്നത്. നൂതന ഉള്ളടക്കം വാഗ്ദാനം ചെയ്യാനുള്ള കഴിവാണ് തങ്ങൾ പരീക്ഷിച്ചതെന്ന് കുവൈത്ത് ന്യൂസ് ഡെപ്യൂട്ടി എഡിറ്റർ ഇൻ ചീഫ് അബ്ദുല്ല ബൂഫതൈൻ എഎഫ്പി വാർത്ത ഏജൻസിയോട് പറഞ്ഞു. 
ഞാൻ ഫിദ്ദയാണ്, കുവൈത്ത് ന്യൂസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന കുവൈത്തിലെ ആദ്യത്തെ അവതാരക. ഏത് തരത്തിലുള്ള വാർത്തകളാണ് നിങ്ങൾ ഇഷ്ടപ്പെടുന്നത്? നിങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാം. എഐ സൃഷ്ടിച്ച അവതാരക അറബിയിൽ പറഞ്ഞു.
കുവൈത്തി ഉച്ചാരണത്തിൽ തന്നെ  ഓൺലൈൻ വാർത്ത ബുള്ളറ്റിനുകൾ വായിക്കാൻ ഫിദ്ദയെ വികസിപ്പിക്കുമെന്ന് അബ്ദുല്ല ബൂഫതൈൻ പറഞ്ഞു.
വെളളി ലോഹത്തെ സൂചിപ്പിക്കുന്ന പഴയ ജനപ്രിയ കുവൈത്ത് നാമമാണ് ഫിദ്ദ. 
റോബോട്ടുകൾ ലോഹ നിറത്തിലാണെന്നാണ് നമ്മുടെ സങ്കൽപം. അവതാരകയുടെ സുന്ദരമായ മുടിയും ഇളം നിറമുള്ള കണ്ണുകളും രാജ്യത്തെ കുവൈത്തികളും പ്രവാസികളും അടങ്ങുന്ന വൈവിധ്യമാർന്ന ജനസംഖ്യയെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എ.ഐ സൃഷ്ടിച്ച വാർത്ത അവതാരകയെ പുറത്തിറക്കിയ ആദ്യത്തെ രാജ്യമല്ല കുവൈത്ത്. 2018 ൽ ചൈനയുടെ സ്‌റ്റേറ്റ് ന്യൂസ് ഏജൻസി സ്വന്തം വെർച്വൽ ന്യൂസ് റീഡർ പുറത്തിറക്കിയിരുന്നു.
300 ദശലക്ഷം മുഴുവൻ സമയ ജോലികൾക്ക് തുല്യമായ ജോലികൾ ആർടിഫിഷ്യൽ ഇന്റലിജൻസ് മാറ്റിസ്ഥാപിക്കുമെന്ന് നിക്ഷേപ ബാങ്കായ ഗോൾഡ്മാൻ സാച്ച്‌സ് കഴിഞ്ഞ മാസം നടത്തിയ പഠനത്തിൽ പറഞ്ഞിരുന്നു. യുഎസിലെയും യൂറോപ്പിലെയും ജോലിയുടെ നാലിലൊന്ന് ജോലികൾ സാങ്കേതിക വിദ്യക്ക് ഏറ്റെടുക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
 

Latest News