കർണാടക തെരെഞ്ഞെടുപ്പ് വിളിപ്പാടകലെയാണ്. തെന്നിന്ത്യയിൽ ബി.ജെ.പിയുടെ ശക്തിദുർഗ സംസ്ഥാനത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് അടുത്ത പാർലമെന്റ് വിധിയുടെ മുന്നോടിയാണ്. ഒപ്പം തന്നെ, തെന്നിന്ത്യയിലേക്കു ഫാസിസ രഥമുരുളുന്നതിന്റെ മുന്നൊരുക്കങ്ങളുമാണ്. അതിനാൽ ബി.ജെ.പി മുന്നോട്ട് വെക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ അതീവ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്. ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തിന്റെ ലക്ഷണമൊത്തൊരു രാഷ്ട്രമാണ് അവരുടെ മുന്നിൽ മുഖ്യം. അവിടെ വൈവിധ്യങ്ങളില്ല, ബഹുസ്വരതയില്ല, ജനാധിപത്യമില്ല. ഭീതിയാണ് ഭരിക്കുന്നത്. ഏത് സമയത്തും ശത്രുവെന്ന് മുദ്രയടിക്കപ്പെട്ടവൻ പിഴുതുമാറ്റപ്പെടാം; പുഴുക്കളെപ്പോലെ മാറ്റിനിർത്തപ്പെടാം. ഫാസിസത്തിന്റെ സവിശേഷമായ ഒരു മാതൃക ആധുനിക കാലത്ത് ഇന്ത്യയിലൂടെ ലോകത്തിന് മുന്നിൽ മ്ലേഛമായി അടയാളപ്പെടുത്തപ്പെട്ടേക്കാം. ഫാസിസത്തിലേക്ക് അതിദ്രുതം പരിണമിക്കുന്ന തെരഞ്ഞെടുപ്പ് വിശേഷങ്ങളാണ് കർണാടക പ്രദർശിപ്പിക്കുന്നത്.
അപമാനവീകരണം എന്നാണ് ശത്രുവിനെ തിരിച്ചറിയാൻ വേണ്ടി ഫാസിസമുപയോഗിക്കുന്ന ചാപ്പ. ഈ മുദ്ര ചാർത്തപ്പെടുന്നതോടെ പൊതുബോധം അവർക്കെതിരെയാകും. കൂടെയുള്ളപ്പോഴും ഒരേ പ്രസ്ഥാനത്തിൽ നിലയുറപ്പിക്കുമ്പോഴും ഈ മാനസികാവസ്ഥ ഉപബോധ മനസ്സിൽ അകറ്റിനിർത്തപ്പെടേണ്ടവനെന്ന ഒരു ചിന്തയായി അവശേഷിക്കും. നാൾക്കുനാൾ അത് മനസ്സിലുറച്ചുറച്ച് മുഖ്യ ശത്രുവായി തെളിമയാർന്ന് വരും. അതോടെ ഫാസിസ്റ്റ് അജണ്ടകളിൽ അവശേഷിക്കുന്ന പീഡനവും ഒറ്റപ്പെടുത്തി ജയിലുകളിലോ പുറംപോക്കിലോ പാർപ്പിക്കലും രേഖകളും മറ്റും ചോദ്യംചെയ്യപ്പെട്ട് വ്യവസ്ഥിതി ദുർബലപ്പെടുത്തലും അവസാനം നാസികൾ ജൂതരെ കൊന്നൊടുക്കിയ പോലെയോ മ്യാൻമർ റോഹിൻഗ്യൻ വംശജരോട് കാണിച്ച പോലെ കൂട്ട ഉന്മൂലനവും സാധ്യമാക്കും. അധികാരം നൽകുന്ന മൃഗീയ ഭൂരിപക്ഷമുപയോഗപ്പെടുത്തിക്കൊണ്ട് ഭരണഘടനയിൽ മാറ്റങ്ങൾ കൊണ്ടുവരും. ജുഡീഷ്യറിയും നീതിനിർവഹണ വിഭാഗവും എല്ലാം ഈ ഫാസിസ്റ്റ് സംവിധാനത്തിന്റെ ചട്ടുകങ്ങളായി പ്രവർത്തിക്കും. എല്ലാം സംഭവിക്കുമ്പോഴും ജനാധിപത്യം തന്നെയായിരിക്കും രാഷ്ട്രത്തിന്റെ വ്യവസ്ഥിതി.
ഫാസിസവും കമ്യൂണിസവും രണ്ട് യൂറോപ്യൻ ആശയധാരകളാണ്. ഇരുവരും ചേർന്ന് ഇരുപതാം നൂറ്റാണ്ടിനെ ചരിത്രത്തിലെ നിഷ്ഠുര കാലഘട്ടമായി രക്തപങ്കിലമാക്കി. മനുഷ്യരെന്നവകാശപ്പെടുന്ന ഒരു വിഭാഗം സഹജീവികളായ മറ്റൊരു വിഭാഗത്തിനുമേൽ പുറത്തെടുത്ത നൃശംസത അത്രമേൽ ഭീതിദമായിരുന്നു.
ഹിറ്റ്ലർ ഓസ്ച്യുവിറ്റ് ക്യാമ്പിലും സ്റ്റാലിൻ കൊളീമ ക്യാമ്പിലും മറ്റനേകം തടങ്കൽ പാളയങ്ങളിലും മനുഷ്യ ജീവൻ കൊണ്ട് അപമാനവീകരണം നടത്തിയതിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ മനസ്സാക്ഷിക്ക് ഉൾക്കൊള്ളാനോ മനസ്സിലാക്കാനോ കഴിയാത്തത്ര പ്രഹേളിക നിറഞ്ഞതായിരുന്നു. ഫാസിസ്റ്റ് ഇറ്റലിയുടെ ഏകാധിപതി മുസ്സോളിനിയെ നേരിൽ കണ്ടാണ് അന്നത്തെ ആർ.എസ്.എസിന്റെ സൂത്രധാരനും ആദ്യ ആർ.എസ്.എസ് കാര്യവാഹക് ഹെഡ്‌ഗേവാറിന്റെ മാർഗദർശിയും സുഹൃത്തുമായ ബി.എസ്. മുഞ്ചേ 1931 മാർച്ച് 15 നും 24 നുമിടക്ക് ഇറ്റലി സന്ദർശിച്ചത്. ദേശീയ പട്ടാള കോളേജുകളും ഫാസിസ്റ്റ് അക്കാദമിയും സന്ദർശിച്ചതിന് പുറമെ ബാലികാബാലന്മാരെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തുന്ന ബലീലയും അവാങ്ങുവാഡിസ്റ്റി കേന്ദ്രങ്ങളും സന്ദർശിച്ചു. അതിന്റെ പ്രചോദനത്തിലാണ് ആർ.എസ്.എസ് ശാഖകൾ വിപുലീകരിക്കപ്പെട്ടത്.
മുക്കാൽ ലക്ഷം ശാഖകളും മുക്കാൽ കോടി അംഗങ്ങളുമുള്ള സൈനിക ശക്തിയാണ് ആർ.എസ്.എസ്. അതിനു കീഴിൽ മുപ്പതിലധികം പരിവാർ സംഘടനകളുണ്ട്. ബജ്രംഗ്ദൾ, ഗോരക്ഷക് സേന, കാർണി സേന, വി.എച്ച്.പി, സാകൽ ഹിന്ദു സമാജ് എന്നിങ്ങനെ ഡസൻ കണക്കിന് മിലിറ്റന്റ് സംഘങ്ങളുണ്ട്. സാംസ്‌കാരിക, തൊഴിൽ, ട്രേഡ് യൂനിയൻ, അധ്യാപക, മതസംഘടനകൾ വേറെയുമുണ്ട്. ഇവരെല്ലാം ചേർന്ന പ്രാകൃത ഗോത്ര പ്രത്യയശാസ്ത്ര ചിന്താധാര ഉൾക്കൊള്ളുന്നതിനെയാണ് ഹിന്ദു രാഷ്ട്രം അല്ലെങ്കിൽ ഹിന്ദുത്വ എന്ന സംജ്ഞ സൂചിപ്പിക്കുന്നത്. ഈ രാഷ്ട്ര സൃഷ്ടി ഇന്ത്യയിൽ നടപ്പിലായിക്കഴിഞ്ഞാൽ അതിക്രൂരമായ കഷ്ടപ്പാടുകളാകും ബഹുഭൂരിഭാഗം ജനതയും അനുഭവിക്കേണ്ടി വരിക. ആധുനിക മനുഷ്യർ സാക്ഷികളാകേണ്ടിവന്ന അചിന്തനീയമെന്ന് പറയാവുന്ന ക്രൂരതകൾക്ക് സാക്ഷ്യം വഹിച്ചത് നമ്മുടെ തൊട്ടുമുമ്പുള്ള കാലഘട്ടത്തിൽ യൂറോപ്പിലാണെങ്കിൽ പാശ്ചാത്യ ഫാസിസത്തേക്കാൾ ഭയാനകമാകും ഇന്ത്യൻ അവസ്ഥ.
ഈയിടെ ഹിന്ദുരാഷ്ട്ര പഞ്ചായത്ത് എന്ന പേരിൽ വടക്കുകിഴക്കൻ ദൽഹിയിൽ പല പ്രമുഖർ പങ്കെടുത്ത ഒരു സമ്മേളനം നടന്നു. ആദ്യത്തെ ഹിന്ദുരാഷ്ട്ര ജില്ല പ്രഖ്യാപിക്കുന്ന ചടങ്ങായിരുന്നു അത്. 1990 കളുടെ തുടക്കത്തിൽ ഇതുപോലെ ഒരു മുദ്രാവാക്യം ഗുജറാത്ത് സംസ്ഥാനത്തിന്റെ അതിർത്തികളിൽ ഉല്ലേഖനം ചെയ്യപ്പെട്ടിരുന്നു: ഹിന്ദു രാഷ്ട്രത്തിലേക്ക് സ്വാഗതം എന്നായിരുന്നു സന്ദേശം. ഒരു പതിറ്റാണ്ട് കഴിഞ്ഞപ്പോൾ നരേന്ദ്ര മോഡിയിലൂടെ അത് സംഭവിക്കുക തന്നെ ചെയ്തു. ഇന്ത്യ മുഴുവൻ ഗുജറാത്താക്കുക എന്നതാണ് മോഡിക്ക് ആർ.എസ്.എസ് നൽകിയിരിക്കുന്ന നിയോഗാഭ്യാസം. അതിനായി അദ്ദേഹം എല്ലാ നിലയിലും പരിശ്രമിക്കുന്നുണ്ട്.
പ്രതിപക്ഷമില്ലാത്ത, ജനാധിപത്യത്തിന്റെ രീതിശാസ്ത്രങ്ങളോട് പുഛം പുലർത്തുന്ന, കോർപറേറ്റുകൾക്ക് അടിപ്പെടുന്ന, ന്യൂനപക്ഷങ്ങളോട് ശത്രുതയോടെ പെരുമാറുന്ന, ജനങ്ങളെ വിഭജിച്ച് തമ്മിലടിപ്പിക്കുന്ന ഒരവസ്ഥാവിശേഷം സംജാതമായിരിക്കുന്നു. ജുഡീഷ്യറിയും തെരഞ്ഞെടുപ്പ് കമ്മീഷനും മാധ്യമങ്ങളും അടക്കമുള്ള രാഷ്ട്രത്തിന്റെ സംവിധാനങ്ങൾ മുഴുവൻ ഈ സമഗ്രാധിപത്യത്തിന്റെ നുകങ്ങളിൽ ഞെരിഞ്ഞമരുന്നത് കണ്ടുകൊണ്ടിരിക്കുന്നു. ഒരു ഡീപ് സ്റ്റേറ്റ് (ആഴങ്ങളുള്ള രാഷ്ട്രീയ അവ്യവസ്ഥ) ഇന്ത്യൻ ജനാധിപത്യത്തെ പിടികൂടിയിരിക്കുന്നു.
ജനങ്ങളിൽ രണ്ടു വിഭാഗത്തെ സൃഷ്ടിച്ചുകൊണ്ട് ഒരു വിഭാഗത്തോട് ശത്രുത നിർമിച്ചെടുക്കുകയാണ് അപനിർമാണമെന്നത്. കർണാടകയിൽ അതിനുള്ള മണ്ണൊരുക്കുകയായിരുന്നു ഏതാനും വർഷങ്ങളായി സംഘ്പരിവാരം. ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും ശൂരനായ മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താനെ വർഗീയ വാദിയായി മുദ്ര കുത്തി ചരിത്രത്തിൽ കൈകടത്തി.
മുസ്‌ലിം പെൺകുട്ടികൾ തല മറക്കുന്ന മതാചാരം കർണാടകയിൽ വിലക്കി, അതു വഴി ലക്ഷക്കണക്കിന് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചു. മുസ്‌ലിംകൾക്ക് നാല് ശതമാനം ജോലി സംവരണമുണ്ടായിരുന്നത് യാതൊരു പഠനത്തിന്റെയും പിൻബലമില്ലാതെ അവരിൽനിന്നെടുത്തുകളഞ്ഞ് മറ്റു വിഭാഗങ്ങൾക്ക് പുനഃക്രമീകരിച്ചു. മുസ്‌ലിംകളിൽനിന്ന് പേരിന് പോലും ഒരു സ്ഥാനാർത്ഥിയെ 224 അംഗ നിയമസഭയിലേക്ക് ബി.ജെ.പി നോമിനേഷൻ കൊടുത്തില്ല. ഇങ്ങനെ, സംഘ്പരിവാരം മുസ്‌ലിം സ്വത്വത്തെ ഇല്ലായ്മ ചെയ്യുകയാണ് ഇന്ത്യയിൽ.
സ്വത്വം, സുരക്ഷിതത്വം, നീതി എന്നിവ നിഷേധിക്കപ്പെടുന്ന മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾ കർണാടക തെരഞ്ഞെടുപ്പിനെ ക്രിയാത്മകമായി വേണം സമീപിക്കാൻ. താൽക്കാലിക ലാഭങ്ങളിലോ ഫാസിസത്തിന്റെ പ്രലോഭനങ്ങളിലോ പെട്ടുപോവരുത്. നിങ്ങളുടെ ബാഹ്യ ചിഹ്നങ്ങളായ താടി, തലപ്പാവ്, പർദ്ദ, കൊന്ത, ളോഹ എന്നിവയൊക്കെ പൊതുബോധത്തിൽ അവജ്ഞ സൃഷ്ടിച്ചുകഴിഞ്ഞു. ഉത്തരവാദിത്തത്തോടെയും ക്ഷമയോടെയും സർഗാത്മകതയിലൂന്നിയും ഒപ്പം ഒരുമയിലും വർത്തിച്ചുകൊണ്ട് നിങ്ങൾക്കുമേൽ ചാർത്തപ്പെട്ടിരിക്കുന്ന അപനിർമാണത്തിന്റെ ഫാസിസ്റ്റ് ഭൂതം പിഴുതെറിയേണ്ടതുണ്ട്. പണാധിപത്യത്തിലൂടെ ജനാധിപത്യത്തെ വിലക്കു വാങ്ങാൻ പ്രയാസമില്ലാത്ത കാലത്ത് ചരിത്രം ആവർത്തിക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് ഇന്ത്യയുടെ നിലനിൽപിന്് അത്യന്താപേക്ഷിതമാണ്.
19 ാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ പ്രശസ്ത അമേരിക്കൻ എഴുത്തുകാരനായിരുന്ന മാർക് ടൈ്വൻ ഇന്ത്യയെ വിശേഷിപ്പിച്ചിരുന്നത് ഇങ്ങനെയായിരുന്നു: ''നൂറോളം രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു മഹാദേശം. നൂറിലധികം ഭാഷകളും ആയിരത്തിലധികം മതങ്ങളുമുള്ള, 25 ലക്ഷത്തോളം ആരാധനാരീതികളുള്ള, മനുഷ്യ വംശത്തിന്റെ തൊട്ടിൽ, മനുഷ്യ സംഭാഷണത്തിന്റെ ജന്മസ്ഥലം, ചരിത്രത്തിന്റെ അമ്മ, ഇതിഹാസത്തിന്റെ മുത്തശ്ശി, പാരമ്പര്യത്തിന്റെ വലിയ മുത്തശ്ശി...' ഈ ഒരിന്ത്യ എന്നുമിവിടെ ഉണ്ടാവണം. തമസ്‌കരണത്തിനും അപനിർമാണത്തിനുമല്ല, ഒരുമിച്ച് ഗംഗ പോലെ വിശുദ്ധമായൊഴുകാൻ.






