അവര്‍ പാന്റ്‌സ് ധരിച്ചത് വാര്‍ത്തയായി 

ജീന്‍സ് ധരിച്ച റോഹിംഗ്യ കുട്ടികള്‍- വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധികരിച്ച ചിത്രം.

ധാക്ക- ബംഗ്ലാദേശില്‍ റോഹിംഗ്യ അഭയാര്‍ഥികള്‍ പാന്റസ് ധരിച്ചത് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായി. പെരുന്നാള്‍ ആഘോഷിക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ പാന്റസ് വിതരണം ചെയ്തതൊന്നുമല്ല വാര്‍ത്തയുടെ അടിസ്ഥാനം. 
28 വയസ്സായ അബ്ദുല്‍ അസീസ് പറയുന്നത് നോക്കുക. പാന്റസ് ഇടുന്നതിന്റെ സൗകര്യമോ സുഖമോ താന്‍ ഇതുവരെ അറിഞ്ഞിട്ടില്ല. 
ജന്മനാട്ടില്‍ പുരുഷന്മാരായ റോഹിംഗ്യ മുസ്്‌ലികള്‍ക്ക് പാന്റസ് ധരിക്കാന്‍ അവകാശമുണ്ടായിരുന്നില്ല. പരമ്പരാഗത ലുങ്കികള്‍ മാത്രമേ ധരിക്കാവൂ എന്ന നിബന്ധന ഉണ്ടായിരുന്നു. അടിയാളരായി നില്‍ക്കാനുള്ള അനൗദ്യോഗിക യൂനിഫോമായിരുന്നു അവര്‍ക്ക് ലുങ്കി. 
നഗരങ്ങള്‍ക്ക് പുറത്ത് പാന്റ്‌സ് ധരിക്കുന്നത് അധികൃതര്‍ കര്‍ശനമായി തടഞ്ഞിരുന്നുവെന്ന് റോഹിംഗ്യ അഭയാര്‍ഥികള്‍ പറഞ്ഞു. വിലക്ക് ലംഘിച്ച് പാന്റസ് ധരിക്കുന്നവരെ അറസ്റ്റ് ചെയ്ത് പിഴ ഈടാക്കിയിരുന്നു.
ഇപ്പോള്‍ താന്‍ ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നതെന്നും ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും പാന്റ്‌സ് ധരിക്കാമെന്നും അബ്ദുല്‍ അസീസ് പറഞ്ഞു.  
മ്യാന്മര്‍ പട്ടാളത്തിന്റെ കൊലയും കൊള്ളിവെയ്പും ബലാത്സംഗവും കാരണം സ്വന്തം ഗ്രാമങ്ങള്‍ വിട്ട ഏഴ് ലക്ഷം റോഹിംഗ്യകളാണ് ബംഗ്ലാദേശില്‍ അഭയാര്‍ഥികളായി കഴിയുന്നത്. പെരുന്നാള്‍ ദിനത്തില്‍ നീതിയും മാന്യമായ പുനരധിവാസവും ആവശ്യപ്പെട്ട് അവര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരന്നു. 

 

Latest News