Sorry, you need to enable JavaScript to visit this website.

വാഴക്കൈയ്യിലും ഓടുകള്‍ക്കിടയിലും വരെ കൈക്കൂലിപ്പണം, പരിശോധനക്കെത്തിയവര്‍ അമ്പരന്ന് പോയി

വാഴക്കെയ്യില്‍ തിരുകി വെച്ച കൈക്കൂലിപ്പണം വിജിലന്‍സ് കണ്ടെത്തുന്നു

പാലക്കാട് -  കൈക്കൂലി വാങ്ങിയ പണം  ഉദ്യോഗസ്ഥര്‍ പോക്കറ്റില്‍ സൂക്ഷിച്ചാല്‍ പിടിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. അപ്പോള്‍ എന്തു ചെയ്യും? അതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് പാലക്കാട് ഗോപാലപുരം കന്നുകാലി ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍. കൈക്കൂലിയായി കിട്ടുന്ന പണം വാഴക്കൈയ്യിലും കെട്ടിടത്തിന്റെ ഓടുകള്‍ക്കിടയിലും മറ്റും തിരുകി വെയ്ക്കുകയാണ് ഇവര്‍ ചെയ്യുന്നത്. അപ്പോള്‍ കാര്യം സേഫാകും. കൈക്കൂലിക്കാരെ പിടികൂടാനായി വിജിലന്‍സ് എത്തിയാല്‍ പോലും പേടിക്കാനില്ല. ഉടമസ്ഥരില്ലാത്ത പണമായി ഇത് മാറും,
കഴിഞ്ഞ ദിവസം കൊഴിഞ്ഞമ്പാറ ഗോപാലപുരം കന്നുകാലി ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ വാഴക്കെയ്യിലും കെട്ടിടത്തിന്റെ ഓടുകള്‍ക്കിടയിലും ഒളിച്ചുവെച്ച നിലയില്‍ 8931 രൂപയാണ് കണ്ടെത്തിയത്. കന്നുകാലികളുമായി കേരളത്തിലേക്ക് കടക്കുന്ന ലോറി ഉടമകളില്‍ നിന്ന് വാങ്ങുന്ന കൈക്കൂലി പണം ചുരുളുകളാക്കി വാഴക്കൈയ്യിലും ഓടുകള്‍ക്കിടയിലും തിരുകി വെയ്ക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സി ഐയുടെ നേതൃത്വത്തിലാണ് ചെക്ക്‌പോസ്റ്റില്‍  പരിശോധന നടത്തിയത്. കൈക്കൂലിപ്പണം ഒളിപ്പിച്ച രീതി കണ്ട് വിജിലന്‍സുകാര്‍ പോലും അമ്പരന്ന് പോയി. കേരളത്തിലേക്ക് കൊണ്ടു വരുന്ന കന്നുകാലികളുടെ എണ്ണത്തിനനുസരിച്ചാണ് ചെക്ക് പോസ്റ്റില്‍ പണമടയ്ക്കുന്നത്. എന്നാല്‍ കൃത്യമായ എണ്ണം കാണിക്കാതെ ഒരു തുക കൈക്കൂലിയായി നല്‍കി കാലികളെ കൊണ്ടു വരുന്നവര്‍ അതിര്‍ത്തി കടക്കുകയാണ് ചെയ്യുന്നത്. കന്നുകാലികളെ ഡോക്ടര്‍ പരിശോധിച്ച് രോഗങ്ങളില്ല എന്ന് ഉറപ്പിച്ച്  സര്‍ട്ടിഫിക്കറ്റും നല്‍കേണ്ടതുണ്ട്. എന്നാല്‍ പരിശോധന ഇല്ലാതെ സര്‍ട്ടിഫിക്കറ്റുകള്‍ മുന്‍കൂട്ടി എഴുതി ഒന്നിച്ച് സീല്‍ പതിച്ചുവെയ്ക്കുകയാണ് ചെക്ക് പോസ്റ്റില്‍ ചെയ്യുന്നത്. ഇത്തരത്തില്‍ മുന്‍കൂട്ടി ഒപ്പിട്ട് വെച്ച സര്‍ട്ടഫിക്കറ്റുകളും വിജിലന്‍സിന്റെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. 

 

 

Latest News