Sorry, you need to enable JavaScript to visit this website.

കണ്ണീരൊപ്പിയ കൈകള്‍ ഇനി രാഷ്ട്രീയ ഗോദയിലേക്ക്, അര്‍ഷുല്‍ അഹമ്മദ് റിയാദില്‍നിന്ന് മടങ്ങുന്നു

റിയാദ്- രണ്ടു പതിറ്റാണ്ടിലേറെ കാലം റിയാദിൽ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച കോഴിക്കോട് തെക്കേപ്പുറം സ്വദേശി എസ്.വി അർഷുൽ അഹമ്മദ് ഇനി ജന്മനാടിന്റെ രാഷ്ട്രീയ ഗോദയിലേക്ക്. പ്രവാസ ജീവിതത്തിന്റെ ഊഷരതയിൽ കഷ്ടപ്പെടുന്നവർക്ക് താങ്ങും തണലുമായി നിന്ന 22 വർഷത്തെ അതുല്യമായ അനുഭവ സമ്പത്തുമായാണ് ഇദ്ദേഹത്തിന്റെ മടക്കം. 
കോഴിക്കോട് സൗത്ത് മണ്ഡലം മുസ് ലിം ലീഗിന്റെ ജനറൽ സെക്രട്ടറിയായി സാമൂഹിക സേവന രംഗത്ത് തുടരാനാണ് ഭാവി പദ്ധതി. 2001 ൽ പ്രവാസ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുമ്പോൾ സാമൂഹിക, സാംസ്‌കാരിക സംഘടനകളൊന്നും ഇന്നത്തെ പോലെ സജീവമായിരുന്നില്ലെന്ന് ഇദ്ദേഹം ഓർക്കുന്നു. കോഴിക്കോട് സിറ്റി എം.എസ്.എഫ് ഭാരവാഹി, ചെമ്മങ്ങാട് ശാഖ മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി എന്നീ പദവികളിലായി നാട്ടിൽ രാഷ്ട്രീയ രംഗത്തുണ്ടായിരുന്ന ഇദ്ദേഹം റിയാദിൽ കെ.എം.സി.സിയുടെ പ്രവർത്തകനായി അരങ്ങിലെത്തി. ആദ്യം കോഴിക്കോട് സിറ്റി കെ.എം.സി.സി ജനറൽ സെക്രട്ടറിയായി. 
പിന്നീട് കോഴിക്കോട് ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി, റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി, സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സെക്രട്ടറി, റിയാദ് ഇന്ത്യൻ ഇസ് ലാഹി സെന്റർ പ്രവർത്തക സമിതി അംഗം എന്നീ പദവികൾ വഹിച്ചു. ഇപ്പോൾ കെ.എം.സി.സി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് മെമ്പറാണ്.
പ്രിന്റിംഗ്, റെസ്‌റ്റോറന്റ് മേഖലയിലാണ് ജോലി ചെയ്തിരുന്നതെങ്കിലും സാമൂഹിക, ജീവകാരുണ്യ പ്രവർത്തനം അർഷുലിന് എപ്പോഴും ഹരമായിരുന്നു. ഉജ്വല പ്രഭാഷകൻ കൂടിയായ ഇദ്ദേഹം സൗദിയിലും ബഹ്‌റൈനിലും വിവിധ വേദികളിൽ പ്രഭാഷണം നടത്തിയിട്ടുണ്ട്. വിഷയങ്ങളെ അപഗ്രഥിച്ച് നടത്തുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ശ്രോതൃഹൃദയങ്ങളെ പുളകം കൊള്ളിക്കും. കെ.എം.സി.സിയുടെയും കോൺഗ്രസിന്റെ പോഷക സംഘടനയായ ഒ.ഐ.സി.സിയുടെയും വേദികളിൽ പല പ്രാവശ്യം ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ഉണ്ടായിട്ടുണ്ട്. ശ്രോതാക്കളെ ഇരുത്തിച്ചിന്തിപ്പിക്കുന്നതായിരിക്കും ഇദ്ദേഹത്തിന്റെ മുർച്ചയുള്ള വാക്കുകൾ. സൗദി മതകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഹായിലിലും ബുറൈദയിലും പ്രഭാഷണം നടത്തിയിട്ടുണ്ട്.
സൗദിയിൽ പൊതുമാപ്പ് പ്രഖ്യാപിച്ച ഘട്ടങ്ങളിൽ പാവപ്പെട്ട തൊഴിലാളികളുടെ രേഖകൾ ശരിയാക്കാൻ സ്വന്തം തൊഴിൽ പോലും മാറ്റിവെച്ച് ഇദ്ദേഹം രംഗത്തുണ്ടായിരുന്നു. കോവിഡ് മഹാമാരി പിടിമുറുക്കിയപ്പോൾ പുറത്തിറങ്ങാനാവാതെ റൂമുകളിൽ കഴിയേണ്ടി വന്നവർക്ക് ഭക്ഷണവും മരുന്നും എത്തിച്ചു നൽകുന്നതിന് നേതൃത്വം നൽകി. 
തൊഴിൽ പ്രശ്‌നങ്ങളിൽ ഇടപെട്ട് ആവശ്യമായ സഹായങ്ങൾ നൽകി. വിസ റാക്കറ്റിന്റെ ചതിയിൽ പെട്ട് റിയാദിൽ കുടുങ്ങിയ ഒരു ഗാർഹിക ജോലിക്കാരിയുടെ വിഷയത്തിൽ ഇടപെട്ട് 8000 റിയാൽ ജാമ്യത്തുക സംഘടിപ്പിച്ച് മോചിപ്പിച്ച് നാട്ടിലേക്ക് അയച്ചത് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി സഹകരിച്ചായിരുന്നു ഈ നടപടി. റിയാദിലും പരിസരങ്ങളിലുമായി മരിച്ച നിരവധി പ്രവാസികളുടെ മയ്യിത്തുകളുമായി ബന്ധപ്പെട്ട അനന്തര നടപടികൾ പൂർത്തിയാക്കുന്നതിനും ഇദ്ദേഹം നേതൃത്വം നൽകി.
തികച്ചും സാധാരണക്കാരനായി ജിവിക്കാൻ താത്പര്യപ്പെട്ടിരുന്ന അർഷുലിന് മുസ് ലിം ലീഗ് നേതാക്കാളുമായി അടുത്ത ബന്ധമുണ്ട്. ഇതുവഴി സാമൂഹിക, ജീവകാരുണ്യ മേഖലയിൽ അദ്ദേഹത്തിന് കൂടുതൽ ഊർജം ലഭിച്ചു. ഒ.ഐ.സി.സി സദ്ഭാവന അവാർഡ്, ഫ്രന്റ്‌സ് ക്രിയേഷൻസ് അവാർഡ്, റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആദരവ്, റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ആദരവ്, റിയാദ് കെ.എം.സി.സി തിരൂർ മണ്ഡലം കമ്മിറ്റി ആദരവ് തുടങ്ങിയവ ജീവകാരുണ്യ മേഖലയിൽ അദ്ദേഹത്തിന്റെ മികവിനുള്ള അംഗീകാരങ്ങളാണ്. 
കോഴിക്കോട് തെക്കേപ്പുറത്തുകാരുടെ കൂട്ടായ്മയായ സംഗമം കൾച്ചറൽ സെന്റർ സൊസൈറ്റിയുടെ സജീവ സാന്നിധ്യമായ ഇദ്ദേഹം എം.എസ്.എസ് റിയാദ് മെമ്പറുമാണ്. തീവ്രമായ രാഷ്ട്രീയം പറയുമെങ്കിലും എല്ലാവർക്കും പ്രിയങ്കരനാണ് അർഷുൽ, സൽക്കാരപ്രിയനുമാണ്. മുസ് ലിം ലീഗിന് കീഴിൽ തമിഴ്‌നാട്ടുകാരെ സംഘടിപ്പിച്ച് ഖാഇദെ മില്ലത്ത് പേരവൈ എന്ന സംഘടന രൂപീകരിച്ചതിൽ പ്രധാന പങ്ക് വഹിച്ചു.
ആറു വർഷത്തിന് ശേഷം പുതിയ വിസയിൽ തിരിച്ചെത്താനായി നാട്ടിലേക്ക് തിരിച്ചതായിരുന്നു അർഷുൽ. അതിനിടയിലാണ് കോഴിക്കോട് സൗത്ത് മണ്ഡലം മുസ് ലിം ലീഗ് ജനറൽ സെക്രട്ടറിയായി ചുമതലയേറ്റത്. ഇപ്പോൾ സംസ്ഥാന മുസ് ലിം ലീഗ് കൗൺസിൽ മെമ്പർ കൂടിയാണിദ്ദേഹം. സാധാണക്കാരനായി കെ.എം.സി.സിയിൽ പ്രവർത്തിച്ച് മുസ് ലിം ലീഗിന്റെ ഉന്നത സ്ഥാനത്തെത്തുന്ന അപൂർവം ചിലരിൽ ഒരാളിണിദ്ദേഹം.
ഭാര്യ: ചെമ്മങ്ങാട് ശാഖ വനിതാ ലീഗ് സെക്രട്ടറി കൊശാനിവീട് റഷീദ. മക്കൾ: എസ്.വി ഹസനുൽ ബന്ന (റിയാദ്), എസ്.വി യാസർ (റിയാദ് കോഴിക്കോട് സിറ്റി കെ.എം.സി.സി സെക്രട്ടറി), എസ്.വി ഹബീബ് റഹ്‌മാൻ (ജെ.ഡി.ടി ഡിഗ്രി വിദ്യാർഥി), മൻഹ മർയം (എം.എം.എൽ.പി സ്‌കൂൾ ഒന്നാം ക്ലാസ്).
വെള്ളിയാഴ്ച റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയും ശനിയാഴ്ച കോഴിക്കോട് ജില്ല കെ.എം.സി.സിയും ഇദ്ദേഹത്തിന് സ്വീകരണം നൽകുന്നുണ്ട്. ഞായറാഴ്ച നാട്ടിലേക്ക് മടങ്ങും.
-----

Latest News