Sorry, you need to enable JavaScript to visit this website.

ലോകായുക്ത നടപടി പ്രതീക്ഷിച്ചതെന്ന് പരാതിക്കാരൻ ആർ.എസ്. ശശികുമാർ

തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട ലോകായുക്തയുടെ പരിഗണനയിലുള്ള കേസിൽ മാർച്ച് 31ന് പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി തള്ളിയ നടപടി പതീക്ഷിച്ചതാണെന്ന് പരാതിക്കാരൻ ആർ.എസ്. ശികുമാർ. 2018 സെപ്റ്റംബർ 17ന് ലോകായുക്തയിൽ നൽകിയ പരാതിയിൽ അന്നത്തെ ലോകായുടെ ഫുൾ ബെഞ്ച് വിശദമായ വാദം കേട്ട ശേഷമാണ് 2019 ജനുവരി 14ന് പരാതിയിൽ തുടർ അന്വേഷണം ആവശ്യമാണ് എന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്നലത്തെ ലോകായുക്ത ഉത്തരവിൽ പ്രാഥമികമായി പറയുന്നത് മാർച്ച് 31 ന്റെ ഉത്തരവ് അന്തിമ ഉത്തരവ് അല്ല എന്നും അത് ഇടക്കാല ഉത്തരവ് ആയതുകൊണ്ട് തന്നെ പുനഃപരിശോധന ഹരജി പരിഗണിക്കാൻ സാധ്യമല്ല എന്നുമാണ്. ലോകായുക്ത 2019 ജനുവരി 14-ാം തീയതി തീരുമാനമെടുത്ത് ഉത്തരവ് പുറപ്പെടുവിച്ച വിഷയത്തിൽ ഇപ്പോഴും ലോകായുക്തക്കും ഉപലോകായുക്തക്കും വിരുദ്ധ അഭിപ്രായമാണ് എന്ന മാർച്ച് 31 ന്റെ ഉത്തരവിനെയാണ് പുനഃപരിശോധനാ ഹരജിയിലൂടെ ഹരജിക്കാരൻ ചോദ്യം ചെയ്തത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും വഴിവിട്ട സഹായം നൽകുവാനുള്ള മന്ത്രിസഭാ യോഗ തീരുമാനം സംബന്ധിച്ച പരാതി ലോകായുക്തയ്ക്ക് പരിഗണിക്കാമോ എന്നതു സംബന്ധിച്ച വിരുദ്ധ അഭിപ്രായമുണ്ട് എന്നതാണ്. ഈ വിഷയം ലോകായുക്തയുടെ പരിഗണനയ്ക്ക് എടുക്കാവുന്നതാണെന്നും തുടരന്വേഷണം വേണ്ടതാണെന്നും ഫുൾ ബെഞ്ച് തന്നെ 2019 ജനുവരി 14ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. ലോകായുക്തയുടെ ഇന്നത്തെ ഉത്തരവിൽ പറയുന്നത്, അന്ന് ആ ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അഭിപ്രായം കേട്ടിരുന്നില്ല എന്നാണ്.
ഇത് തെറ്റാണ്. കേസിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ എതിർകക്ഷികൾക്കെല്ലാം വേണ്ടി അന്നത്തെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് നോട്ടീസ് കൈപ്പറ്റിയിരുന്നു. മാത്രമല്ല 2019 ലെ ഉത്തരവിൽ ലോഗായിയും, ഉപലോഗായും ഇപ്രകാരം പറയുന്നു.
'നിലവിലുള്ള ചട്ടങ്ങൾ ലംഘിച്ചാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.
നിലവിലെ ചട്ടങ്ങളെ മറികടന്നും ചട്ടങ്ങൾ പുതുക്കാൻ മിനക്കെടാതെയും ഇങ്ങനെ ഫണ്ട് വിതരണം ചെയ്യുന്നത് എനിക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട'്.
ഇനി ഇത് മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെങ്കിൽ കൂടിയും മൂന്ന് ലക്ഷത്തിന് മുകളിൽ തുക അനുവദിക്കാൻ കഴിയുന്നതല്ല. മാത്രവുമല്ല ഈ മൂന്ന് പേർക്കും തുക അനുവദിച്ചത് അപേക്ഷകൾ ഇല്ലാതെയാണ്.
ഔട്ട് ഓഫ് അജണ്ടയായി കൊണ്ടുവന്നു, ക്യാബിനറ്റ് നോട്ട് ഇല്ല, ഫയൽ ഇല്ല, വരുമാന പരിധി കണക്കിലെടുത്തിട്ടില്ല.. അതിനാൽ ഇതിൽ സുതാര്യത ഇല്ലായ്മ ഉണ്ട്.
ഇത്തരം നടപടികൾക്ക് 'മന്ത്രിസഭാ തീരുമാനം' എന്ന പരിരക്ഷ ലഭിക്കില്ലെന്ന് ലാവ്‌ലിൻ, പാമൊലിൻ കേസുകളിൽ വ്യക്തമായിട്ടുണ്ട്. സ്വജന പക്ഷപാതം നടന്നിട്ടുണ്ടെന്ന് വ്യക്തം.. പൊതുജന സേവകരെന്ന കർത്തവ്യ നിർവഹണത്തിൽ, ദുരുദ്ദേശങ്ങളും, സ്വജന പക്ഷപാതവും, സത്യസന്ധത ഇല്ലായ്മയും ഉണ്ടായാൽ അന്വേഷണം നടക്കേണ്ടതുണ്ട്.
'വിവേചനാധികാരം എന്നാൽ ഏകപക്ഷീയ തീരുമാനം എടുക്കലല്ല'.
മേൽ പറഞ്ഞ നടപടികളിൽ സുതാര്യത ഇല്ലായ്മ ഉണ്ടെന്ന് വ്യക്തം.
അതിനാൽ അന്വേഷണം നടക്കേണ്ടതുണ്ട് എന്നാണ് എന്റെ പക്ഷം.
അതുകൊണ്ട് പരാതി സ്വീകരിക്കാവുന്നതും അന്വേഷണം നടത്താവുന്നതുമാണ്.''
ലോകായുക്ത ആക്ട് 1999 പ്രിയാമ്പിൾ ഉദ്ധരിച്ച് ജ. കെ.പി. ബാലചന്ദ്രന്റ ഉത്തരവിൽ പറയുന്നത് 'ഈ ചട്ടത്തിന്റെ പരിധിയിൽ കേരള സർക്കാരും സർക്കാരിലെ ഉദ്യോഗസ്ഥരും വരും. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ ലിസ്റ്റ് രണ്ട്, മൂന്ന് എന്നിവയിൽ വരുന്നതാണ് മേൽ പറഞ്ഞ വിഷയമെന്ന് അറ്റോണിക്ക് വാദമില്ല. പ്രതികൾ അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും നടത്തിയിട്ടുണ്ടെന്നാണ് കേസ്.
അതുകൊണ്ട് തന്നെ ഈ പരാതി അന്വേഷിക്കാൻ ലോകായുക്തക്ക് അധികാരമുണ്ട്. ക്യാബിനറ്റ് തീരുമാനമാണ് എന്നതിന്റെ പേരിൽ അന്വേഷണം ഒഴിവാക്കാനാകില്ല. കാരണം സർക്കാർ എടുക്കുന്ന എല്ലാ തീരുമാനങ്ങളും അന്വേഷണ പരിധിയിൽ വരുമെന്ന് ചട്ടം നിർവചിക്കുന്നു' എന്നുമാണ്.
പ്രതിസ്ഥാനത്തുള്ള മുഖ്യമന്ത്രിയോ അന്നത്തെ മന്ത്രിമാരോ ഈ ഉത്തരവിനെ ചോദ്യം ചെയ്ത് മേൽക്കോടതികളെ ഒരു ഘട്ടത്തിലും സമീപിച്ചിട്ടില്ല. അതായത് പ്രതിസ്ഥാനത്തുള്ളവർ ഒരു ഘട്ടത്തിൽ പോലും ഉന്നയിക്കാത്ത വാദങ്ങളാണ് ഇപ്പോൾ പുനഃപരിശോധനാ ഹരജി തള്ളാനായി ലോകായുക്ത മുന്നോട്ട് വെക്കുന്നത്.
അതുകൊണ്ടുതന്നെ പുനഃപരിശോധന ഹരജി തള്ളിയ ലോകായുക്തയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ താൻ നിർബന്ധിതനായിരിക്കുകയാണെന്ന് ശശികുമാർ വ്യക്തമാക്കി.

Latest News