നയം തിരുത്തണമെന്ന് ട്രംപിനോട് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍
വാഷിംഗ്ടണ്‍- അമേരിക്കന്‍ അതിര്‍ത്തിയില്‍ കുടിയേറ്റക്കാരായ കുട്ടികളെ മാതാപിതാക്കളില്‍നിന്ന് വേര്‍പെടുത്തുന്ന മനസ്സാക്ഷിക്കു നിരക്കാത്ത നടപടിയെ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ചെയര്‍മാന്‍ ശക്തിയായി അപലപിച്ചു. ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കണ്ണില്‍ ചോരയില്ലാത്ത നടപടിക്കെതിരെ ഒടുവില്‍ പ്രഥമ വനിത മെലാനിയ ട്രംപും രംഗത്തു വന്നിട്ടുണ്ട്. അതിര്‍ത്തി സുരക്ഷാ നയങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന പ്രഖ്യാപനത്തോടെ ട്രംപ് ഭരണകൂടം നടപ്പിലാക്കിയ നയം കുടിയേറ്റ കുടുംബങ്ങളെ കണ്ണീരിലാക്കുകയും രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമാകുകയും ചെയ്തിരിക്കേയാണ് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ഇടപെടുന്നത്. അമേരിക്ക ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്നതിനിടെ ട്രംപിന്റെ വിവാദ നടപടി അനുരണനങ്ങളുണ്ടാക്കുകയും ചെയ്തു.
മാതാപിതാക്കളുടെ കുടിയേറ്റം തടയുകയെന്ന ലക്ഷ്യത്തോടെ കുട്ടികളെ ഇങ്ങനെ ഉപദ്രവിക്കുന്ന നടപടി മനസ്സാക്ഷിക്കു നിരക്കുന്നതല്ലെന്ന് ജനീവയില്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ സെഷനു തുടക്കം കുറിച്ചു കൊണ്ട് ചെയര്‍മാന്‍ സെയദ് റാഅദ് അല്‍ ഹുസൈന്‍ പറഞ്ഞു. നിര്‍ബന്ധപൂര്‍വം കുട്ടികളെ വേര്‍പെടുത്തുന്ന നടപടി അമേരിക്ക ഉടന്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടി കടുത്ത തിന്മയും മനുഷ്യത്വമില്ലായ്മയുമാണെന്ന് ചൂണ്ടിക്കാട്ടി ഡെമോക്രാറ്റുകളും എതിര്‍പ്പ് ശക്തമാക്കി. അതിര്‍ത്തി സംരക്ഷണ നയത്തില്‍ സീറോ ടോളറന്‍സ് എന്നാണ് ട്രംപ് വിശേഷിപ്പിക്കുന്നതെങ്കില്‍ ഇത് സീറോ ടോളറന്‍സല്ല, സീറോ ഹ്യുമാനിറ്റി ആണെന്നാണ് ഡെമോക്രാറ്റ് വിമര്‍ശം. ഈ നയത്തില്‍ സീറോ ലോജിക്കാണുള്ളതെന്ന് ഡെമോക്രാറ്റ് പ്രതിനിധികള്‍ക്ക് നേതൃത്വം നല്‍കി മെക്‌സിക്കന്‍ അതിര്‍ത്തിയിലെത്തിയ സെനറ്റര്‍ ജെഫ് മെര്‍ക്‌ലേ പറഞ്ഞു. കുടിയറ്റക്കാരായ 1500 കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന ക്യാമ്പ് ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു. വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റാണ് കുട്ടികള്‍ക്കുള്ള അഭയകേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. നിയമത്തിന്റെ പേരില്‍ കുട്ടികളെ ഇങ്ങനെ പീഡിപ്പിക്കുന്നത് കടുത്ത തിന്മയും ദ്രോഹവുമാണെന്ന് ജെഫ് മെര്‍ക് ലേ പറഞ്ഞു. ഇനിയും കുട്ടികളെത്തുമെന്ന പ്രതീക്ഷയില്‍ ടെക്‌സസിലെ സൈനിക താവളങ്ങളില്‍ കൂടുതല്‍ ക്യാമ്പുകള്‍ ആരംഭിക്കാനും സര്‍ക്കാര്‍ പദ്ധതിയുണ്ട്. മാതാപിതാക്കളില്‍നിന്നും മുതിര്‍ന്ന രക്ഷാകര്‍ത്താക്കളില്‍നിന്നും കഴിഞ്ഞ ആറാഴ്ചക്കിടെ 2000 കുട്ടികളെയാണ് വേര്‍പെടുത്തിയതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു.
കുട്ടികളെ വേര്‍പെടുത്തുന്നത് അവസാനിപ്പിക്കണെമന്നാണ് തന്റേയും ആഗ്രഹമെങ്കിലും നിലവിലെ പ്രതിസന്ധിക്ക് കാരണം ഡെമോക്രാറ്റുകളാണെന്ന് ട്രംപ് ആരോപിക്കുന്നു. അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കേ സ്വീകാര്യമായ കുടിയേറ്റ നയവും പദ്ധതിയും രൂപീകരിക്കാന്‍ റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ക്കാകുന്നില്ല.
പ്രശ്‌നം പരിഹരിക്കാന്‍ കുടിയേറ്റ പരിഷ്‌കാരം സംബന്ധിച്ച അഭിപ്രായ സമന്വയത്തിലെത്തണമെന്നാണ് ട്രംപിന്റെ ഭാര്യ പ്രഥമവനിത മെലേനിയ ആവശ്യപ്പെട്ടത്.
കുട്ടികളെ അവരുടെ കുടുംബത്തില്‍നിന്ന് വേര്‍പെടുത്തുന്നത് മിസിസ് ട്രംപ് വെറുക്കുന്നുവെന്നും വിജയകരമായ കുടിയേറ്റ പരിഷ്‌കരണത്തിന് ഇരുപക്ഷവും തയാറകണമെന്നുമാണ് അവര്‍ ആവശ്യപ്പെടുന്നതെന്നും വക്താവ് സ്റ്റെഫാനി ഗ്രിഷാം പറഞ്ഞു. എല്ലാ നിമയങ്ങളും പാലിക്കുന്ന രാജ്യമാവുക എന്നതിനോടൊപ്പം മനുഷ്യത്വത്തോടെ ഭരിക്കുന്ന രാജ്യമാവുകയെന്നതും അവരുടെ ആഗ്രഹമാണെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തി സുരക്ഷ സംബന്ധിച്ച് റിപ്പബ്ലിക്കന്‍സുമായി ചേരണമെന്ന് ഡെമോക്രാറ്റ് അംഗങ്ങളോട് പ്രസിഡന്റ് ട്രംപ് ട്വിറ്ററില്‍ അഭ്യര്‍ഥിച്ചു. തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കരുതെന്നും നിങ്ങളതില്‍ പരാജയപ്പെടുമെന്നും ട്രംപ് ഡെമോക്രാറ്റുകളെ ഉണര്‍ത്തി.
അമേരിക്കന്‍ രാഷ്ട്രീയത്തിലെ തീപ്പൊരി വിഷയമാണ് കുടിയേറ്റം. മെക്‌സിക്കോയില്‍നിന്ന് നിയമവിരുദ്ധമായി അതിര്‍ത്തി കടക്കുന്നവരെ അവര്‍ മുതിര്‍ന്നവരാണോ കുട്ടികളാണോ എന്നു നോക്കാതെ മുഴുവന്‍ പേരേയു അറസ്റ്റ് ചെയ്യണമെന്ന് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് കഴിഞ്ഞ മാസം ആദ്യം ആവശ്യപ്പെട്ടിരുന്നു. മാതാപിതാക്കളെ കസ്റ്റഡിയില്‍വെച്ചിരിക്കുന്ന കേന്ദ്രങ്ങളിലേക്ക് കുട്ടികളെ അയക്കുന്നില്ല. ഇത് കുട്ടികളില്‍ പരിഹരിക്കാനാകാത്ത മാനസികാഘാതമാണുണ്ടാക്കുന്നതെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് മുന്നറിയിപ്പ് നല്‍കി. ഭാര്യയില്‍നിന്നും മൂന്ന് വയസ്സായ മകനില്‍നിന്നും അകറ്റിയതിനെ തുടര്‍ന്ന് ഹോണ്ടുറാസില്‍നിന്നുള്ള ഒരു അഭയാര്‍ഥി കഴിഞ്ഞ മാസം ജീവനൊടുക്കിയതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതിര്‍ത്തിയില്‍ കുടുംബങ്ങളെ വേര്‍പെടുത്തുക നയമല്ലെന്നും കുട്ടികള്‍ അപകടത്തിലാകുന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്നും ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റ്‌ജെന്‍ നീല്‍സണ്‍ അവകാശപ്പെട്ടു.
കടുത്ത വിമര്‍ശനത്തിന് ഇരയായ നയം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഏതാനും റിപ്പബ്ലിക്കന്‍ അംഗങ്ങളും രംഗത്തു വന്നിട്ടുണ്ട്. അതിര്‍ത്തി കടക്കാന്‍ പോയാല്‍ കുട്ടികള്‍ നഷ്ടപ്പെടുമെന്ന സന്ദേശം അഭയാര്‍ഥികള്‍ക്ക് നല്‍കാനാണ് പ്രസിഡന്റ് ട്രംപ് ഈയൊരു നയം ആരംഭിച്ചതെന്ന് സെനറ്റര്‍ സൂസന്‍ കോളിന്‍സ് സി.ബി.എസ് ടെലിവിഷനിലെ ഫേസ് ദ നേഷന്‍ പരിപാടിയില്‍ പറഞ്ഞു. നിരപരാധികളായ കുട്ടികള്‍ക്ക് ആഘാതമേല്‍പിക്കുന്ന രാജ്യം കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അവര്‍ പറഞ്ഞു. അതിര്‍ത്തി സംരക്ഷിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെങ്കിലും കുട്ടികളേയും മാതാപിതാക്കളേയും വേര്‍പെടുത്തുന്ന രീതി ക്രൂരമാണെന്ന് മുന്‍ പ്രഥമ വനിതയും റിപ്പബ്ലിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ഡബ്ല്യു ബുഷിന്റെ ഭാര്യയുമായ ലോറ ബുഷ് അഭിപ്രായപ്പെട്ടു. മുന്‍ പ്രസിഡന്റും ഡോമക്രാറ്റുമായി ബില്‍ ക്ലിന്റണും ഇതു ശരിവെച്ചു. കുട്ടികളെ വില പേശലിന് ഉപകരണമാക്കരുതെന്നും കുട്ടികളെ അവരുടെ കുടുംബങ്ങളില്‍ ചേര്‍ക്കുന്നത് കുട്ടികളെ സ്‌നേഹിക്കുന്ന മാതാപിതാക്കള്‍ക്കുളള പിന്തുണയാകുമെന്നും അമേരിക്കയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ടെക്‌സസില്‍ കുടിയറ്റക്കാരുടെ വാഹനവും പിന്തുടര്‍ന്ന അതിര്‍ത്തി പട്രോളിംഗ് യൂനിറ്റിന്റെ വാഹനവും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് അഞ്ച് കുടിയേറ്റക്കാര്‍ മരിച്ച സംഭവവും ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയത്തിനെതിരായ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.