ബംഗളൂരു- കര്‍ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പട്ടിക പുറത്തുവന്നതിന് പിന്നാലെയുള്ള പ്രതിസന്ധി തുടരുന്നതിനിടെ ബി.ജെ.പി രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 23 സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്. കേന്ദ്ര നേതൃത്വവുമായി ഉടക്കിനില്‍ക്കുന്ന മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിന്റെ മണ്ഡലമായ ഹുബള്ളി സെന്‍ട്രലില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇനി 12 മണ്ഡലങ്ങളില്‍കൂടിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ഉള്ളത്. ഈശ്വരപ്പയുടെ മണ്ഡലമായ ശിവമോഗയിലും സ്ഥാനാര്‍ത്ഥിയായിട്ടില്ല. ഇതുവരെ 212 മണ്ഡലങ്ങളിലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി ബി.ജെ.പിയില്‍ പൊട്ടിത്തെറി തുടരുകയാണ്. മുന്‍ ഉപമുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായ ലക്ഷ്മണ്‍ സാവഡി സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വം രാജിവെച്ചു.
നാലാം യെദിയൂരപ്പ മന്ത്രിസഭയില്‍ അംഗമായിരുന്ന ലക്ഷ്മണ്‍ സാവഡി, യെദിയൂരപ്പയുടെ വിശ്വസ്തനും ബെലഗാവിയിലെ മുതിര്‍ന്ന ലിംഗായത്ത് നേതാവുമാണ്. 2004 മുതല്‍ 2018 വരെ ബെലഗാവി ഉത്തര്‍ എം.എല്‍.എയായിരുന്നു. 2018 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന മഹേഷ് കുമത്തള്ളിയോട് തോറ്റു. 2019 ല്‍ കുമത്തള്ളി കൂറുമാറി ബി.ജെ.പിയിലെത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം.
ഉഡുപ്പി എം.എല്‍.എ രഘുപതി ഭട്ടും പാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ചു. പാര്‍ട്ടി തന്നോട് പെരുമാറിയ രീതി വേദനിപ്പിച്ചതായി ഉഡുപ്പി നിയോജക മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എം.എല്‍.എയായ രഘുപതി ഭട്ട് കരഞ്ഞുകൊണ്ട് പറഞ്ഞു. ബി.ജെ.പി ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കവേ ഭട്ട് പൊട്ടിക്കരഞ്ഞു. പാര്‍ട്ടിയുടെ തീരുമാനത്തില്‍ തനിക്ക് സങ്കടമില്ലെന്നും പാര്‍ട്ടി തന്നോട് പെരുമാറിയതില്‍ വേദനയുണ്ടെന്നും ജില്ല പ്രസിഡന്റ് പോലും വിളിച്ച് അറിയിച്ചിട്ടില്ലെന്നും ടി.വി വഴിയാണ് തനിക്ക് ടിക്കറ്റ് നിഷേധിച്ച വിവരം അറിഞ്ഞതെന്നും ഭട്ട് പറയുന്നു.
എന്റെ ജാതിയാണ് ടിക്കറ്റ് നിഷേധിക്കാന്‍ കാരണമെങ്കില്‍ അത് സമ്മതിക്കില്ല. ഇന്ന് പാര്‍ട്ടി വളര്‍ന്നു. ഇപ്പോള്‍ എന്നെ വേണ്ടെന്ന് കരുതുന്നു. തീരദേശ ജില്ലകളില്‍ പാര്‍ട്ടിക്ക് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ പ്രയാസകരമായ സമയങ്ങളിലും ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടുതല്‍ തീരുമാനങ്ങള്‍ പിന്നീട് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് അനുയായികള്‍ രഘുപതി ഭട്ടിന്റെ വസതിക്ക് സമീപം തടിച്ചുകൂടി.






