കൊച്ചി-പള്ളുരുത്തിയിലെ മധുര കമ്പനിക്ക് സമീപം നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് അരക്കോടി രൂപ വിലവരുന്ന 174 കിലോ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ പൊലിസ് പിടിയിലായി.രാമേശ്വരം മരടിൽ പറമ്പിൽ ഇപ്പോൾ കെ.എം.പി.നഗറിൽ താമസിക്കുന്ന സജീർ(39),ഇടക്കൊച്ചി കണ്ടത്തിൻ പറമ്പിൽ വീട്ടിൽ ഷമീർ(40)എന്നിവരെയാണ് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ കെ.ആർ മനോജ്,പള്ളുരുത്തി പോലിസ് ഇൻസ്‌പെക്ടർ സുനിൽ തോമസ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഞ്ചാവ് സൂക്ഷിച്ച കാർ പള്ളുരുത്തിയിൽ കൊണ്ട് വരാൻ സഹായിച്ചവരാണ് ഇവരെന്നാണ് വിവരം.സി.സി.ടി.വി ദൃശ്യങ്ങളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയതെന്ന് പോലിസ് പറഞ്ഞു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കാർ വാടകക്ക് എടുത്ത അമ്പലമേട് കഞ്ചാവ് കേസിലെ പ്രതി അക്ഷയ് രാജിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പോലിസ് അപേക്ഷ നൽകും. അക്ഷയ് രാജിനെ ചോദ്യം ചെയ്താൽ മാത്രമേ കേസിലെ മറ്റ് കാര്യങ്ങളെ സംബന്ധിച്ച് വിവരം ലഭ്യമാകൂ. കഞ്ചാവ് എവിടെ നിന്നാണ് എത്തിച്ചത്,ആരാണ് എത്തിച്ചത് ഇത് പോലെ മറ്റ് എവിടെയൊക്കെ കഞ്ചാവ് എത്തിച്ചിട്ടുണ്ട് എന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ട്. പള്ളുരുത്തി മധുര കമ്പനിക്ക് സമീപം റോഡരികിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രി മുതൽ മൂടിയിട്ട നിലയിൽ കിടക്കുകയായിരുന്ന കാറിൽ നിന്ന് വെള്ളിയാഴ്ചയാണ് കഞ്ചാവ് കണ്ടെടുത്തത്. എറണാകുളത്തെ സ്വകാര്യ ഗ്രൂപ്പിന്റേതാണ് കാർ.