Sorry, you need to enable JavaScript to visit this website.

യുവതിയോടൊപ്പം  ഒളിച്ചോടിയ 'കാമുകൻ'  പരിശോധനയിൽ 'കാമുകി'യായി 

കാസർകോട്- 12 പവനും അഞ്ചു ലക്ഷം രൂപയുമായി മകളെയും ഭർത്താവിനെയും ഉപേക്ഷിച്ച് വീട്ടമ്മ 'ഒളിച്ചോടിയത്' പെണ്ണിനോടൊപ്പം. കാഞ്ഞങ്ങാട്ടെ തമ്പുരാട്ടി ഫിനാൻസ് ഉടമ ആവിക്കര എൻ.കെ. ക്വാർട്ടേഴ്സിൽ താമസിക്കുന്ന സന്തോഷിന്റെ ഭാര്യ യോഗിത (34) യോടൊപ്പം കാണാതായ 'കാമുകൻ' ജംഷീർ പെണ്ണാണെന്ന് തിരിച്ചറിഞ്ഞത് സന്തോഷിന്റെ പരാതിയെ തുടർന്ന് ഹൊസ്ദുർഗ് പോലീസ് നടത്തിയ അന്വേഷണത്തിൽ. കഴിഞ്ഞ ദിവസം യോഗിതയെയും ജംഷീറിനെയും ആന്ധ്രയിലെ ചിറ്റൂർ വെങ്കിടിഗിരി കോട്ടയിലെ ക്വാർട്ടേഴ്സിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്. ജംഷീറിന്റെ ഒരു സുഹൃത്തിന്റെ ബന്ധത്തിലാണ് ഇവർ ആന്ധ്രയിൽ വാടക വീടെടുത്ത് താമസിച്ചിരുന്നത്. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത യോഗിതയെയും ജംഷീറിനെയും ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ജംഷീറിന് സ്ത്രൈണ സ്വഭാവമാണെന്ന് അറിയാമായിരുന്നുവെങ്കിലും സ്ത്രീ തന്നെയാണെന്ന് തിരിച്ചറിഞ്ഞത് സ്റ്റേഷനിൽ വനിതാ പോലീസിന്റെ സഹായത്തോടെ ദേഹപരിശോധന നടത്തിയപ്പോഴാണ്. പിന്നീട് ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ സ്ത്രീയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 
കഴിഞ്ഞ മെയ് 21 നാണ് യോഗിത 10 വയസ്സുള്ള മകളെ വാടക ക്വാർട്ടേഴ്സിൽ അമ്മയുടെയും സഹോദരന്റെയും കൂടെ നിർത്തിയ ശേഷം വീട്ടിൽ നിന്നും ഇറങ്ങിയത്. ആശുപത്രിയിൽ ബി.പി പരിശോധിക്കാനെന്ന് പറഞ്ഞ് പോയ യുവതി പിന്നീട് തിരിച്ചെത്തിയില്ല. ജംഷീറും യോഗിതയും സുഹൃത്തുക്കളാണെന്നാണ് പോലീസിന് മൊഴി നൽകിയത്. ജംഷീർ പതിവായി യോഗിതയുടെ ക്വാർട്ടേഴ്സ് സന്ദർശിക്കാറുണ്ടായിരുന്നു. തൊട്ടടുത്ത് താമസിക്കുന്ന ജംഷീറിന് ഭക്ഷണമുണ്ടാക്കി നൽകുന്നതും മുറി വൃത്തിയാക്കുന്നതും യോഗിത തന്നെയായിരുന്നു. ഇതിനിടയിലാണ് കുടുംബ ജീവിതം മടുത്തെന്നും ജീവിതം അവസാനിപ്പിക്കുന്നുവെന്നും യോഗിത ജംഷീറിനോട് പറഞ്ഞത്. തുടർന്ന് ആത്മഹത്യ ചെയ്യരുതെന്നും നമുക്ക് ദൂരെയെവിടെയും പോയി ഒരുമിച്ച് താമസിക്കാമെന്നും പറഞ്ഞ് ജംഷീറ, യോഗിതയെ കൂട്ടി ആന്ധ്രയിലേക്ക് പോവുകയായിരുന്നു. വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ എടുത്ത അഞ്ചു ലക്ഷം രൂപയും ഇതിനകം ഇരുവരും ചെലവഴിച്ചുകഴിഞ്ഞിരുന്നു. സ്വർണം പണയം വെച്ച് 75,000 രൂപയും എടുത്തു. 
യോഗിതയേയും ജംഷീറിനെയും കാണാതായതിനെ തുടർന്ന് നിരവധി അഭ്യൂഹങ്ങളാണ് നാട്ടിൽ പരന്നത്. എന്നാൽ ഇവരെ കണ്ടെത്തുകയും ജംഷീർ പെണ്ണാണെന്ന് തിരിച്ചറിയുകയും ചെയ്തതോടെ അഭ്യൂഹങ്ങളെല്ലാം അസ്ഥാനത്തായി. 
ഹൊസ്ദുർഗ് എസ്.ഐ വിഷ്ണുപ്രസാദ് കോടതിയിൽ ഹാജരാക്കിയ യോഗിത മാതാവിനോടൊപ്പം പോകുന്നതായി കോടതിയെ അറിയിച്ചു. തുടർന്ന് യോഗിതയെ മാതാവിനൊപ്പം വിട്ടയച്ചു. ജംഷീറാകട്ടെ കോടതിയിൽ കാത്തുനിന്ന മാതാവിനോടൊപ്പവും മടങ്ങി.
 

Latest News