കാസർകോട്ട് ഗ്രേഡ് എസ്.ഐയെ  താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി 

കാസർകോട്- ഗ്രേഡ് എസ്.ഐ യെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി ബൈജു (54) വിനെയാണ് കാസർകോട് ട്രാഫിക് സ്‌റ്റേഷന് പിറകിലുള്ള ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് വൈകീട്ട് 4.45 മണിയോടെ മറ്റ് പോലീസുകാർ അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. വിവരം അറിഞ്ഞ്  ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. 
ഭാര്യയോടും മകളോടും ഒപ്പം നേരത്തെ കാസർകോട്ട് തന്നെയാണ് വർഷങ്ങളായി താമസിച്ച് വന്നിരുന്നത്. ഒരുവർഷം മുമ്പ് ഭാര്യ സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് നാട്ടിലേക്ക് പോയിരുന്നു. മകളും ഭാര്യയ്ക്ക് ഒപ്പമായിരുന്നു താമസം. ഇതിനുശേഷം ബൈജു പൊലീസ് ക്വാർട്ടേഴ്‌സിലേക്ക് താമസം മാറ്റിയിരുന്നു.

ബൈജുവിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതായി പറയുന്നു. ഇതാകാം മരണ കാരണമെന്നാണ് സംശയിക്കുന്നത്. കാസർകോട് ടൗൺ പോലീസ് ഇൻക്വസ്റ്റ് നടത്തി. കൊല്ലത്തെ ബന്ധുക്കളെയും വിവരം അറിയിച്ചു. പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
 

Latest News