മാനന്തവാടി-വയനാട്ടിൽ കാൻസർ ബാധിതരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ജില്ലയിൽ ആയിരം പേരിൽ അർബുദം കണ്ടെത്തി. പാലിയേറ്റിവ് കേന്ദ്രങ്ങളിലെ കണക്കുകൾ അനുസരിച്ച് 2022 മാർച്ചിൽ ജില്ലയിൽ 2,972 അർബുദ രോഗികളാണ് ഉണ്ടായിരുന്നത്. 2023 മാർച്ചിൽ ഇത് 3,972 ആയി. ഇതിൽ 699 പേർ മരിച്ചു. 39 പേർ മറ്റു ജില്ലകളിലേക്ക് താമസം മാറ്റി. പാലിയേറ്റീവ് കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യാത്ത അർബുദ രോഗികളും ജില്ലയിലുണ്ട്. പാലിയേറ്റീവ് കേന്ദ്രങ്ങൾ വഴി രജിസ്റ്റർ ചെയ്തതിൽ ഏറ്റവും കൂടുതൽ അർബുദ രോഗികൾ അമ്പലവയൽ പഞ്ചായത്തിലാണ്-250. തവിഞ്ഞാൽ പഞ്ചായത്തിൽ 202 ഉം പനമരം പഞ്ചായത്തിൽ 178 ഉം സുൽത്താൻ ബത്തേരി മുനിസിപാലിറ്റിയിൽ 177 ഉം കാൻസർ ബാധിതർ നിലവിലുണ്ട്. ഇതിലധികവും സ്ത്രീകളാണ്. സ്തന-ഗർഭാശയ അർബുദമാണ് സ്ത്രീകളെ കൂടുതലായി ബാധിക്കുന്നത്. നല്ലൂർനാട് ഗവ.ട്രൈബൽ ഹോസ്പിറ്റൽ ആണ് ജില്ലയിലെ ഏക കാൻസർ ചികിത്സാലയം. കീമോതെറാപ്പി ഉൾപ്പെടെ സേവനങ്ങൾ ഇവിടെ ലഭ്യമാണ്.