കാസർകോട്- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പോക്സോ കേസിൽ പ്രതിയായ ഓട്ടോ ഡ്രൈവറെ കോടതി 33 വർഷം കഠിന തടവിന് ശിക്ഷിച്ചു. കുംബഡാഡെ ഗൗരിയടുക്കത്തെ കയ്യാലമൂല ഹൌസിൽ ഭാസ്‌ക്കരനെ (51) ആണ് കാസർകോട് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി എ.വി ഉണ്ണികൃഷ്ണൻ ശിക്ഷിച്ചത്. 2019 ജൂൺ മുതൽ 2020 ജനുവരി വരെയുള്ള മാസങ്ങളിൽ പല ദിവസങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. പോക്സോ വകുപ്പ് പ്രകാരം 28 വർഷം തടവും 40000 രൂപ പിഴയുമാണ് വിധി. കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം 5 വർഷം തടവും 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ രണ്ടരവർഷം അധിക തടവനുഭവിക്കണം. ബദിയടുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തിയത് അന്നത്തെ വനിത സെൽ ഇൻസ്പെക്ടർ സി. ഭാനുമതിയാണ്. കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ബദിയടുക്ക സി.ഐ ആയിരുന്ന എ. അനിൽകുമാർ ആണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.കെ പ്രിയ ഹാജരായി.