ഓഡി മേധാവി തട്ടിപ്പു കേസില്‍ അറസ്റ്റില്‍

ഓഡി സി.ഇ.ഒ റുപര്‍ട്ട് സ്റ്റാഡ്‌ലര്‍

ഫ്രാങ്ക്ഫര്‍ട്ട്- ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാണ കമ്പനിയായ ഓഡിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ റുപര്‍ട്ട് സ്റ്റാഡ്‌ലര്‍ തട്ടിപ്പു കേസില്‍ അറസ്റ്റിലായി. ഓഡിയുടെ മാതൃകമ്പനിയായ ഫോക്‌സ്‌വാഗന്‍ ഉള്‍പ്പെട്ട ഡീസല്‍ഗേറ്റ് എന്നുവിളിക്കപ്പെടുന്ന തട്ടിപ്പു കേസുമായ ബന്ധപ്പെട്ടാണ് അറസ്റ്റ്. കമ്പനിയുടെ ഡീസല്‍ എഞ്ചിനുകളുടെ മലിനീകരണ തോത് കുറച്ചു കാണിക്കുന്നതിന് യന്ത്രത്തില്‍ കൃത്രിമം കാട്ടി ഉപഭോക്താക്കളെ പറ്റിച്ചതിനാണ് ഫോക്‌സ്‌വാഗണ്‍ കേസിലുള്‍പ്പെട്ടത്. യൂറോപ്പിലെ ഉപഭോക്താക്കള്‍ക്കുള്ള കാറുകളില്‍ തട്ടിപ്പ് സോഫ്റ്റ്്‌വെയര്‍ ഉപയോഗിക്കുന്നതിന് വഴിയൊരുക്കിയ രേഖകളില്‍ കൃത്രിമം കാട്ടിയെന്നാണ് സ്റ്റാഡ്‌ലര്‍ക്കെതിരെ അന്വേഷണ സംഘം ചുമത്തിയിരിക്കുന്ന കേസ്. സ്റ്റാഡ്‌ലറുടെ വീട് അന്വേഷണം സംഘം ഒരാഴ്ച മുമ്പ് റെയ്ഡ് ചെയ്തിരുന്നു. ഇതിനു തൊട്ടുപിറകെയാണ് അറസ്റ്റ്. തെളിവുമറച്ചു വയ്ക്കുന്നത് തടയാനാണ് സ്റ്റാഡ്‌ലറെ അറസ്റ്റ് ചെയ്തതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

കമ്പനി മേധാവിയുടെ അറസ്റ്റ് ഓഡി സ്ഥിരീകരിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി നല്‍കാന്‍ തയാറായിട്ടില്ല. ഫോക്‌സ്‌വാഗണിനെ കുരുക്കിലാക്കിയ ഡീസല്‍ഗേറ്റ് കേസിലെ അറസ്റ്റിലാകുന്ന ഏറ്റവും വലിയ ഉന്നതനാണ് സ്റ്റാഡ്‌ലര്‍. ലോകത്തൊട്ടാകെ 1.1 കോടി കാറുകളിലെ ഡീസല്‍ എഞ്ചിനുകളില്‍ മലിനീകരണ പരിശോധനകളെ തട്ടിപ്പിലൂടെ മറികടക്കാനുള്ള സോഫ്റ്റ്‌വെയര്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് 2015-ലാണ് ഫോക്‌സ്‌വാഗണ്‍ കുറ്റസമ്മതം നടത്തിയത്. ഫോക്‌സ്‌വാഗണിന്റെ ആഢംബര കാര്‍ നിര്‍മ്മാണ വിഭാഗമാണ് ഓഡി. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഓഡിയുടെ എഞ്ചിന്‍ നിര്‍മ്മാണ വിഭാഗം തലവനെ ഈ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിരുന്നു. കേസില്‍ കമ്പനി മുന്‍ മേധാവകളടക്കം മറ്റു ഉന്നതരും യുഎസില്‍ അടക്കം കേസുകള്‍ നേരിട്ടു വരികയാണ്.

Latest News