കേരളത്തിന്റെ ഐക്യത്തിന്റെ പ്രതീകമാണ് കെ.എസ്.ആർ.ടിസി. മലബാറിലെ പഴമക്കാർ ഇതിനെ സ്റ്റേറ്റ് ബസ് എന്നും ദക്ഷിണ മേഖലയിലുള്ളവർ ട്രാൻസ്‌പോർട്ട് ബസ് എന്നും ആനവണ്ടിയെന്നും തരാതരം വിളിച്ചോണ്ടിരുന്ന സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള പൊതു ഗതാഗത സംവിധാനം. ഇത് നഷ്ടത്തിലാണെന്ന പാട്ട് പുതിയതല്ല. എല്ലാ കാലത്തും കേൾക്കാറുള്ളതാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്നൊന്നും ഇത്തരമൊരു വിലാപം കേൾക്കാറേയില്ല. തമിഴ്‌നാട് സ്ത്രീകൾക്കും വിദ്യാർഥികൾക്കും സൗജന്യം അനുവദിക്കുന്നു. എന്നിട്ടും അവിടത്തെ സർക്കാരിന് അതൊരു ബാധ്യതയേ അല്ല. കേരളമാണെങ്കിൽ ഇതിനെ നിലനിർത്താനെന്ന പേരിലാണ് ഇന്ത്യയിൽ മറ്റൊരിടത്തുമില്ലാത്ത യാത്ര നിരക്ക് ഈടാക്കുന്നത്. അതുകൊണ്ടൊന്നും കാര്യമില്ലെന്നാണ് അനുഭവം. തെക്കേ ഇന്ത്യയിൽ ഏറ്റവും നഷ്ടമുണ്ടാക്കുന്ന പൊതുഗതാഗത സംവിധാനമാണ് കെ.എസ്.ആർ.ടി.സി. പൊതുമേഖല സ്ഥാപനത്തെ സർക്കാർ നിശ്ശബ്ദ മരണത്തിലേക്ക് നയിക്കുകയാണെന്ന് പരക്കെ ആശങ്ക പരന്നിട്ടുണ്ട്.
ഈസ്റ്റർ-വിഷു പെരുന്നാൾ തിരക്ക് കണക്കിലെടുത്ത് കർണാടക തലസ്ഥാനമായ ബംഗളൂരുവിലേക്ക് പ്രത്യേക സർവീസ് ഏർപ്പെടുത്താനൊന്നും നമുക്കായില്ല. കർണാടകയുടെ അത്യാഡംബര സർവീസായ ഐരാവതവും അംബാരി ഉത്സവുമിതാ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്കെല്ലാം സർവീസ് നടത്തുന്നു. എന്താണ് കെ.എസ്.ആർ.ടി.സിയുടെ പ്രധാന വിഷയം? ജീവനക്കാരുടെ അർപ്പണ ബോധത്തിന്റെയും ആത്മാർഥതയില്ലായ്മയുടെയും പ്രശ്‌നം മാത്രമാണോ? നടത്തിപ്പുകാരുടെ കഴിവില്ലായ്മയും തകർച്ചയ്ക്ക് ആക്കം കൂട്ടുന്നുവെന്നതാണ് വസ്തുത. പ്രശ്‌നമെന്തെന്ന് പഠിക്കാതെ തൊലിപ്പുറമെയുള്ള ചികിത്സ നടത്താനാണ് ഭരിക്കുന്നവർക്കും താൽപര്യം. പാലക്കാട്ട് വിദ്യാർഥികളുടെ വിനോദ യാത്ര ബസ് അപകടത്തിൽ പെട്ടപ്പോൾ നാളെ മുതൽ എല്ലാ ബസുകളും വെള്ള നിറത്തിലാക്കി അപകടമില്ലാതാക്കാമെന്ന് കണ്ടുപിടിച്ചത് പോലുള്ള ബുദ്ധി. കെ.എസ്.ആർ.ടി.സി നിലനിൽക്കേ സ്വിഫ്റ്റ് എന്ന പേരിൽ മറ്റൊരു ബസ് കമ്പനിയുണ്ടാക്കിയപ്പോൾ തന്നെ അപകടം മണത്തിരുന്നു. പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാൻ നാല് കമ്പനികളായി തിരിക്കാനാണ് ഇപ്പോഴത്തെ ആലോചന. ഒറ്റ സ്ഥാപനമായി നിലനിന്നതായിരുന്നുവോ ഇതേ വരെയുണ്ടായിരുന്ന പ്രശ്‌നം? പല കമ്പനികളാക്കി മാറ്റി കെ.എസ്.ആർ.ടി.സി എന്നെന്നേക്കുമില്ലാതായിത്തീരുന്ന സാഹചര്യം വരുമോയെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്. സ്വിഫ്റ്റിന്റെ പിറവിയും പുതിയ കമ്പനികളുടെ രൂപീകരണവും കോർപറേഷന്റെ സൈലന്റ് ഡെത്തിന് വഴിയൊരുക്കാനിടയുണ്ട്.
അടുത്തിടെയുണ്ടായ ഇന്ധന വില വർധനയും കോർപറേഷന്റെ ദുരിതം കൂട്ടി. വൻകിട വാങ്ങലുകാരെന്ന നിലയിൽ വിപണി വിലയിലും പത്ത് ശതമാനം കുറഞ്ഞ നിരക്കിലാണ് നേരത്തെ ഇന്ധനം ലഭിച്ചിരുന്നത്. ഇപ്പോൾ നിത്യേന 75 മുതൽ 83 ലക്ഷം വരെ ഈ ഇനത്തിൽ കൂടുതലായി ചെലവ് വരുന്നു. ഇതിന് മാത്രം 25 കോടി രൂപ മാസം കൂടുതലായി ചെലവാക്കുന്നുവെന്നാണ് മന്ത്രി നിയമസഭയിൽ പറഞ്ഞത്. എന്നാൽ ഇതൊന്നും പുതിയ കാര്യമല്ല. മുൻ യു.ഡി.എഫ് സർക്കാർ കെ.എസ്.ആർ.ടി.സിയെ താങ്ങി നിർത്താൻ 1534.86 കോടി രൂപ ധനസഹായമായി നൽകിയിട്ടുണ്ട്. ഒന്നാം പിണറായി സർക്കാർ അഞ്ചു വർഷത്തിനിടെ 4924 കോടി രൂപയാണ് സഹായമായി അനുവദിച്ചത്.
ജോലി ചെയ്തവർക്ക് ശമ്പളം കൃത്യമായി നൽകാതെ പരിഹാസ പാത്രമാകുന്ന സ്ഥാപനമാണിത്. വിചിത്രമായ പല ഉത്തരവുകളും ഇറക്കുകയും ചെയ്യും. കലക്്ഷൻ നോക്കിയാവും ഇനിയുള്ള കാലം ശമ്പളം മാസത്തിൽ രണ്ടു തവണയായി നൽകുകയെന്ന് അടുത്തിടെ ഉത്തരവ് ഇറക്കിയിരുന്നു. വിദ്യാർഥികളുടെ യാത്ര സൗജന്യം നിർത്തലാക്കാൻ ആലോചിച്ചതും പുരോഗമന സർക്കാരാണ്. കേരളത്തിലെ പ്രതിപക്ഷം നിഷ്‌ക്രിയമാകയാൽ ഇവിടെ എന്തും നടക്കും.
നഷ്ടത്തിൽ നിന്ന് കരകയറാൻ കെ.എസ്.ആർ.ടി.സിയെ മൂന്നു സ്വതന്ത്ര മേഖലകളായി വിഭജിക്കാനാണ് പദ്ധതി. സ്വിഫ്റ്റ് സർവീസ് വേറിട്ടു പ്രവർത്തിക്കുന്നതിനാൽ ഫലത്തിൽ കെ.എസ്.ആർ.ടി.സി നാലായി പിരിയും. ജൂൺ മുതൽ നടപ്പാക്കാനാണ് നീക്കം.
കെ.എസ്.ആർ.ടി.സിയെ കാര്യക്ഷമമാക്കാൻ ഇതിനുമുമ്പും നീക്കങ്ങളുണ്ടായിട്ടുണ്ട്. യു.ഡി.എഫ് സർക്കാരിൽ ഗണേഷ് കുമാർ മന്ത്രിയായ കാലത്താണ് ഇതിനെയൊന്ന് ശരിപ്പെടുത്താൻ ശ്രമമുണ്ടായത്. തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും എ.സി വോൾവോ സർവീസുകൾ ആരംഭിച്ച് സ്വകാര്യ ബസുകളുമായി മത്സരിക്കാൻ ശ്രമം തുടങ്ങി. ടോമിൻ ജെ. തച്ചങ്കരി എം.ഡിയായി ചുമതലയേറ്റ ശേഷമാണ് ആന വണ്ടിക്ക് നല്ല കാലം തെളിഞ്ഞത്. അദ്ദേഹം പല പരിഷ്‌കാരങ്ങളും നടപ്പാക്കി. രാത്രിയിലാണ് ദീർഘദൂര യാത്രയ്ക്ക് ആളുകൾ തെരഞ്ഞെടുക്കുന്നത്. ഇതിന്റെ ഗുണം റെയിൽവേയ്ക്കാണ് ലഭിക്കുന്നത്. കോഴിക്കോട്ടു നിന്ന് 12 മണിക്കൂറെടുത്ത് എത്തുന്ന ട്രെയിനിലും നിറയെ യാത്രക്കാരാണ്. ഈ വിഭാഗത്തെ ലക്ഷ്യമിട്ടാണ് തലസ്ഥാന നഗരത്തിൽ നിന്ന് മിന്നൽ സർവീസ് തുടങ്ങിയത്. കൊല്ലം, ആലപ്പുഴ, വൈറ്റില, തൃശൂർ നഗരങ്ങളിൽ സ്റ്റോപ്പ് ചെയ്ത് ആറോ, ഏഴോ മണിക്കൂറുകൾ എടുത്താണ് മിന്നൽ പറെന്നത്തുത്.
കെ.എസ്.ആർ.ടി.സിക്ക് ടിക്കറ്റിതര വരുമാനമുണ്ടാക്കാൻ പല അഭ്യാസങ്ങളും കുറച്ചു കാലമായി നടത്തി വരുന്നുണ്ട്. ബസ് സർവീസ് നടത്തി വരുമാനമുണ്ടാക്കുന്നതിന് പുറമെ കോർപറേഷന്റെ കൈവശമുള്ള നഗരങ്ങളിലെ കണ്ണായ സ്ഥലങ്ങളിൽ വാണിജ്യ ഉദ്ദേശ്യത്തോടെ കെട്ടിടം പണിയാൻ മുൻ സർക്കാർ തീരുമാനിച്ച് പണി ആരംഭിച്ചിരുന്നു. 417 ഏക്കർ ഭൂമി കൈവശമുള്ള സ്ഥാപനമാണെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. എട്ട് ഷോപ്പിംഗ് കോംപ്ലക്‌സുകൾ സ്വന്തമായുണ്ടെന്നും ആറെണ്ണം നിർമാണത്തിലാണെന്നും കോടതിയെ അറിയിക്കുകയും ചെയ്തു. മലപ്പുറത്തെ കാര്യമൊക്ക പറയാതിരിക്കുകയാവും ഭേദം. കോഴിക്കോട്ട് പണിത ഇരുളടഞ്ഞ കൂറ്റൻ ഗുഹ ഡിസൈൻ ചെയ്തവരെ ആദരിക്കേണ്ടതാണ്. 130 കോടിയാണ് ഇതിന് ചെലവാക്കിയത്.
ഗതാഗത മന്ത്രി പറയുന്നത് നിലവിൽ ലാഭകരമായ റൂട്ടുകളിൽ പതിനഞ്ച് ശതമാനം മാത്രമാണ് സ്വിഫ്റ്റിന് അനുവദിച്ചതെന്നാണ്. 85 ശതമാനം ലാഭകരമായ സർവീസുകൾ കൈവശമുണ്ടായിട്ടും കെ.എസ്.ആർ.സി നഷ്ടത്തിലേക്ക് കൂപ്പു കുത്തുകയാണ്. പ്രതിസന്ധിക്കിടയിലും 1336 പുതിയ ബസുകൾ വാങ്ങാനുള്ള പരിപാടിയിലാണ് കോർപറേഷൻ. എങ്കിലല്ലേ ഇത് കൈകാര്യം ചെയ്യുന്നവർക്ക് കമ്മീഷൻ ലഭിക്കുകയുളളൂ. അടുത്തിടെ രസകരമായ ഒരു വാർത്ത വായിച്ചിരുന്നു. കേരളത്തിലെ എല്ലാ ട്രാൻസ്‌പോർട്ട് ഡിപ്പോകൾക്കും ഗാരേജുകൾക്കും സ്‌റ്റേഷൻ മാസ്റ്റർ ഓഫീസുകൾക്കും ഒരേ നിറത്തിലെ പെയിന്റടിക്കാൻ അധികൃതർ തീരുമാനിച്ചുവെന്ന്.
ഇത് നടപ്പാക്കാത്തതിന്റെ ഒരു കുറവാണുണ്ടായിരുന്നത്. കോട്ടയം ട്രാൻസ്‌പോർട്ട് സ്റ്റാൻഡിൽ അർധ രാത്രി കഴിഞ്ഞെത്തിയപ്പോൾ എം.സി റോഡ് വഴി തിരുവനന്തപുരത്തേക്ക് പോകാൻ തയാറായി നിൽക്കുന്നത് മൂന്ന് ബസുകൾ. രണ്ടും മൂന്നും മിനിറ്റുകൾക്കിടെ എല്ലാം പുറപ്പെട്ടു. പാതിരാ കഴിഞ്ഞുള്ള യാത്രയല്ലേ, വഴിക്കൊരു കൂട്ടാകുമെന്ന് കരുതിക്കാണും.
തൃശൂരിൽ നിന്ന് പുറപ്പെട്ട് കണ്ണൂരിലേക്ക് പോകുന്ന മൂന്ന് ബസുകൾ കോഴിക്കോട്ടെ ട്രാഫിക് പോയന്റിൽ സിഗ്നൽ തെളിയുന്നത് കാത്തു നിൽക്കുന്ന പടം സമൂഹ മാധ്യമങ്ങളിലുണ്ടായിരുന്നു. ഇവിടെ പ്രശ്‌നം ഇന്ധന വിലക്കയറ്റമോ, തൊഴിലാളികളുടെ കൂറില്ലായ്മയോ അല്ല. തലസ്ഥാന നഗരിയിലെ കാര്യം തന്നെയെടുക്കാം. ദീർഘദൂര ട്രെയിനുകൾ മിക്കവയും പുറപ്പെടുന്നത് നാലഞ്ച് കിലോ മീറ്റർ അകലെ കൊച്ചുവേളിയെന്ന സാറ്റലൈറ്റ് റെയിൽവേ സ്‌റ്റേഷനിൽ നിന്ന്. ഇവിടേക്കെത്താൻ ട്രെയിനൊന്നും അസമയത്ത് കിട്ടില്ല.
തമ്പാനൂരിൽ നിന്ന് ഓട്ടോറിക്ഷ പിടിച്ചു പോകാൻ ഇരുനൂറ്റിയമ്പത് രൂപയാണ് നിരക്ക്. ഈ റൂട്ടിൽ പകൽ സമയത്ത് കെ.എസ്.ആർ.ടി.സി വോൾവോയുണ്ട്. രാത്രികാലങ്ങളിലും ഇതേ സർവീസ് നടത്തണമെന്ന് നിർദേശിക്കാനുള്ള ബുദ്ധി കോർപറേഷന്റെ തലപ്പത്തുള്ളവർക്ക് വേണം. കോഴിക്കോട്, തൃശൂർ, കണ്ണൂർ, കൊച്ചി നഗരങ്ങളിലും കോവിഡിന് ശേഷം രാത്രി എട്ട് കഴിഞ്ഞാൽ ടൗൺ ബസുകൾ ഓടാറില്ല. ഇതും മുതലാക്കാവുന്നതേയുള്ളൂ. കെ.എസ്.ആർ.ടി.സിയുടെ പോസിറ്റിവ് വശങ്ങളെ പറ്റി പറയാൻ അറിയാത്തവരാണ് അതിനെ നയിക്കുന്നത്. മുട്ടിയിരുന്ന് സീറ്റുകൾ ഘടിപ്പിച്ച സ്വകാര്യ ബസുകളെ അപേക്ഷിച്ച് ആവശ്യത്തിന് ലെഗ് സ്‌പെയിസുള്ള കെഎസ്.ആർ.ടി.സി യാത്രയാണ് സുഖകരവും സുരക്ഷിതവും.






