ന്യൂദൽഹി- ദൽഹി ലഫ്റ്റനന്റ് ഗവർണറുടെ വസതിയിൽ കുത്തിയിരിപ്പ് സമരം നടത്തുന്ന ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും സഹമന്ത്രിമാർക്കും ദൽഹി ഹൈക്കോടതിയിൽനിന്ന് തിരിച്ചടി. ഗവർണറുടെ വസതിയിൽ കുത്തിയിരിക്കാൻ ആരാണ് മുഖ്യമന്ത്രിക്കും സഹമന്ത്രിമാർക്കും അധികാരം നൽകിയതെന്ന് ദൽഹി ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ ചോദിച്ചു. ആരാണ് ഇത്തരത്തിൽ ധർണ നടത്താൻ ചുമതലപ്പെടുത്തിയത്. ആരുടെയെങ്കിലും വീട്ടിനകത്തേക്ക് കയറിച്ചെന്ന് അവിടെ കുത്തിയിരിക്കുന്നതിനെ ധർണ എന്ന് വിളിക്കാനാകില്ല. ഇങ്ങിനെ കുത്തിയിരിക്കാനുള്ള തീരുമാനം ആരാണ് എടുത്തത്. വ്യക്തിപരമായ തീരുമാനമാണോ, മന്ത്രിസഭയുടേതാണോ എന്നും കോടതി ചോദിച്ചു. തൊഴിലാളി സംഘടനകൾ നടത്തുന്ന രീതിയിലുള്ള സമരവുമായാണോ മുന്നോട്ടുപോകുന്നതെന്നും ഇതിന് ലഫ്റ്റനന്റ് ഗവർണർ അനുമതി നൽകിയിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു.
മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും മൂന്നു മന്ത്രിമാരും കഴിഞ്ഞ തിങ്കളാഴ്ച്ച മുതൽ ലഫ്റ്റനന്റ് ഗവർണറുടെ സ്വീകരണ മുറിയിൽ കുത്തിയിരിക്കുകയാണ്. ദൽഹിയിൽ ഉദ്യോഗസ്ഥർ നടത്തുന്ന സമരത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടാണ് സമരം. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സമരത്തിന് പിന്നിൽ കേന്ദ്രമാണെന്നാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം.
അതിനിടെ, സമരം തുടരുന്ന ദൽഹി ആരോഗ്യമന്ത്രി സതേന്ദ്ര ജയിനിനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെ തുടർന്നാണ് ഇദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയത്.