Sorry, you need to enable JavaScript to visit this website.

വനിതാ പോസ്റ്റ്മാസ്റ്ററെ തട്ടിപ്പുകാരിയാക്കിയത് ഓണ്‍ലൈന്‍ റമ്മി കളി

ആലപ്പുഴ: ഓണ്‍ലൈന്‍ റമ്മി കളിയ്ക്ക് അടിമയായതാണ് വനിതാ പോസ്റ്റ്മാസ്റ്റര്‍ നിക്ഷേപകരുടെ പണം തട്ടാന്‍ ഇടയാക്കിയതെന്ന് അന്വേഷണ സംഘം. 
മാരാരിക്കുളം വടക്ക് പോസ്റ്റോഫീസിലെ ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ പള്ളിപ്പുറം പഞ്ചായത്ത് 15-ാം വാര്‍ഡ് പാമ്പുംതറയില്‍ വീട്ടില്‍ അമിതാനാഥിനെ (29)യാണ് മാരാരിക്കുളം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. വിവിധ നിക്ഷേപ പദ്ധതികളിലായി ഇടപാടുകാര്‍ നിക്ഷേപിച്ച 21 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. കാര്യമായ സാമ്പത്തിക ബാധ്യതകളൊന്നുമില്ലാത്ത അമിതാനാഥ് തട്ടിയെടുത്ത പണം മുഴുവന്‍ ഓണ്‍ലൈന്‍ റമ്മി കളിക്കാനാണ് ചെലവിട്ടതെന്നാണ് അന്വേഷണത്തില്‍ പോലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്. നിക്ഷേപ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ആരുടെയെങ്കിലും പാസ് ബുക്കിലെ ആദ്യ പേജ് കീറിക്കളഞ്ഞ് അതില്‍ വ്യാജ അക്കൗണ്ട് നമ്പരുകള്‍ സ്വന്തം കൈപ്പടയില്‍ എഴുതിനല്‍കിയും പണം അക്കൗണ്ടില്‍ ഇട്ടിട്ടുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചുമായിരുന്നു തട്ടിപ്പ്. സ്റ്റുഡിയോ നടത്തുന്ന ഭര്‍ത്താവിനൊപ്പം കഴിയുന്ന അമിതാനാഥിന് നാലു വര്‍ഷം മുന്‍പ് എടുത്ത കാര്‍ വായ്പയുടെ ബാക്കി അടവ് മാത്രമാണ് ബാധ്യതയായുള്ളതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനു മുന്‍പ് ഇവര്‍ക്കെതിരെ തട്ടിപ്പ് പരാതികള്‍ ഉയര്‍ന്നപ്പോള്‍ വീട്ടകാര്‍ ഭൂമി വിറ്റ് പണം നല്‍കി അത് ഒതുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കാലാവധി പൂര്‍ത്തിയായ നിക്ഷേപം പിന്‍വലിക്കാനെത്തിയ ആള്‍ തനിക്ക് പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് പോലും ഇല്ലെന്ന് മനസ്സിലായതോടെയാണ് പരാതിയുമായി എത്തിയത്. ഇത് സംബന്ധിച്ച് നടന്ന അന്വേഷണത്തിലാണ് വിവിധ ആളുകളില്‍ നിന്നായി 21 ലക്ഷം രൂപ തട്ടിയെടുത്തതായി കണ്ടെത്തിയതും അമിതാനാഥിനെ പോലീസ് അറസ്റ്റ് ചെയ്തതും. അവര്‍ ഇപ്പോള്‍ റിമാന്റിലാണ്.

 

Latest News