വെസ്റ്റ് ബാങ്കില്‍ സംഘര്‍ഷം, രണ്ട് ഫലസ്തീനികളെ വെടിവെച്ചുകൊന്നു

റാമല്ല- സ്റ്റാറ്റസ്‌കോ ലംഘിച്ച് അല്‍അഖ്‌സ മസ്ജിദിലേക്ക് ഇസ്രായിലി കുടിയേറ്റക്കാരെ സൈന്യം കടത്തി വിട്ടതിനെതുടര്‍ന്ന് വെസ്റ്റ് ബാങ്കില്‍ സംഘര്‍ഷം. റമദാനിലെ അവസാന 10 ദിവസങ്ങളില്‍ ഇത്തരം നുഴഞ്ഞുകയറ്റങ്ങള്‍ വിലക്കണമെന്ന വ്യവസ്ഥ  ലംഘിച്ചാണ് തിങ്കളാഴ്ച ഇസ്രായേല്‍ സുരക്ഷാ സൈന്യം അല്‍അഖ്‌സ മസ്ജിദിലേക്ക് കുടിയേറ്റക്കാരെ കയറ്റിവിട്ടത്.
അക്രമം തുടരുന്നതിനിടെ, ചൊവ്വാഴ്ച എലോണ്‍ മോറെ കുടിയേറ്റ കേന്ദ്രത്തിന് സമീപം നബ്‌ലസിന് കിഴക്കുള്ള ദേര്‍ അല്‍ഹതാബ് ഗ്രാമത്തില്‍ ഇസ്രായേല്‍ സൈന്യം രണ്ട് ഫലസ്തീനികളെ കൊലപ്പെടുത്തുകയും മൂന്നാമതൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സുരക്ഷാ ഉദ്യോഗസ്ഥരായ സൗദ് അല്‍തിറ്റിയും മുഹമ്മദ് അബു ദിറയുമാണ് മരിച്ചത്.  പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഫതഹ് പാര്‍ട്ടിയുടെ സൈനിക വിഭാഗമായ അല്‍അഖ്‌സ ബ്രിഗേഡിലെ അംഗങ്ങളും മുന്‍ തടവുകാരുമാണ് ഇവരെന്ന് ഫലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, ജൂത പെസഹാ അവധിയുടെ ആറാം ദിവസവും പള്ളിയിലേക്കുള്ള കുടിയേറ്റ സന്ദര്‍ശനം തുടരുകയാണ്. 800 ഓളം പേര്‍ അവിടെ പ്രാര്‍ഥിച്ചു.
പെസഹയുടെ തുടക്കം മുതല്‍ 3,430 കുടിയേറ്റക്കാര്‍ അല്‍അഖ്‌സ സന്ദര്‍ശിച്ചിരുന്നുവെന്നും അതേസമയം പള്ളി ഇസ്രായേല്‍ സൈന്യം സൈനിക ബാരക്കാക്കി മാറ്റിയെന്നും ജറുസലേമിലെ ഇസ്ലാമിക് വഖഫ് ഡിപ്പാര്‍ട്ട്‌മെന്റ് വൃത്തങ്ങള്‍ പറഞ്ഞു.
ഈ സമയത്ത് മസ്ജിദിനുള്ളിലെ മുസ്‌ലിംകളെ ബലപ്രയോഗത്തിലൂടെ ചിതറിക്കുകയും ഗ്യാസ് ബോംബുകള്‍, റബര്‍ ബുള്ളറ്റുകള്‍, ക്രൂരമായ മര്‍ദ്ദനങ്ങള്‍ എന്നിവക്ക് വിധേയരാക്കുകയും ചെയ്തു. 440 ഫലസ്തീനികളെ അറസ്റ്റ് ചെയ്തതായി ഫലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു.
20 വര്‍ഷമായി നിലനില്‍ക്കുന്ന കരാര്‍ ലംഘിച്ചാണ് കുടിയേറ്റക്കാര്‍ അഖ്‌സയില്‍ രാവിലെ 7 മുതല്‍ 11:30 വരെ സന്ദര്‍ശനം നടത്തിയത്.

 

Latest News