Sorry, you need to enable JavaScript to visit this website.

മധ്യപ്രദേശില്‍ കോണ്‍ഗ്രസുമായി സഖ്യമില്ല; ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിഎസ്പി

ഭോപാല്‍- നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി ബിഎസ്പി നീക്കം. ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യനീക്കത്തിന്റെ ഭാഗമായി മധ്യപ്രദേശില്‍ ബിഎസ്പിയുമായി സഖ്യമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ചു കൊണ്ട് 230 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കാനാണു ബിഎസ്പി തീരുമാനം. സംസ്ഥാനത്ത് കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ നര്‍മദ പ്രസാദ് അഹിര്‍വര്‍ വ്യക്തമാക്കി. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും എല്ലാ സീറ്റിലും ഒറ്റയ്ക്കു മത്സരിക്കാനാണു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥും മധ്യപ്രദേശ് ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ് ബബാരിയയും രണ്ടാഴ്ച മുമ്പാണ് ബിഎസപിയുമായി സഖ്യമുണ്ടാക്കിയതായി പ്രഖ്യാപിച്ചിരുന്നത്. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു കൂടി മുന്നില്‍ കണ്ടാണ് ഈ സഖ്യമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു. ഉത്തര്‍ പ്രദേശില്‍ ഈയിടെ നടന്ന ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബിഎസ്പി-എസ്പി സഖ്യം വിജയം കണ്ടതിനു തൊട്ടുപിന്നാലെയായിരുന്നു മധ്യപ്രദേശിലെ സഖ്യ പ്രഖ്യാപനം. 

2013-ലെ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ ബിജെപിക്ക് ലഭിച്ചത് 44.8 ശതമാനം വോട്ടായിരുന്നു. കോണ്‍ഗ്രസിന് 36.38 ശതമാനവും. ബിഎസ്പിക്ക് 6.29 ശതമാനം വോട്ടും ലഭിച്ചു. ബിഎസ്പിയെ കൂടെ കൂട്ടിയാള്‍ ബിജെപിയെ പരാജയപ്പെടുത്താനാകുമെന്ന കണക്കുകൂട്ടലിലായിരുന്നു കോണ്‍ഗ്രസ്.
 

Latest News