Sorry, you need to enable JavaScript to visit this website.

കേരളത്തിൽ നൂറുകണക്കിനു ടൺ റേഷൻ അരി കെട്ടിക്കിടന്നു നശിക്കുന്നു

കൽപറ്റ-സംസ്ഥാനത്തെ 14,257 റേഷൻ കടകളിലായി നൂറുകണക്കിനു ടൺ അരി കെട്ടിക്കടന്നു നശിക്കുന്നു. കോവിഡ് കാലത്ത് മഞ്ഞ, പിങ്ക് കാർഡുടമകൾക്ക് പി.എം.ജി.കെ യോജനയിൽ  അനുവദിച്ചതിൽ വിതരണം ചെയ്തതിന്റെ  ബാക്കി അരിയാണ് നശിക്കുന്നത്.  പച്ചരിയാണ് ഇതിൽ അധികവും. ഓരോ റേഷൻ കടയിലും 30 മുതൽ 80 വരെ ക്വിന്റൽ അരിയാണ് കെട്ടിക്കിടക്കുന്നതെന്ന് ഓൾ കേരള റീട്ടെയിൽ റേഷഷൻ ഡീലേഴ്‌സ് അസോസിയേഷൻ  സംസ്ഥാന പ്രസിഡന്റും മുൻ എം.എൽ.എയുമായ ജോണി നെല്ലൂർ, സെക്രട്ടറി ഷാജി യവനാർകുളം, ജില്ലാ പ്രസിഡന്റ് പി.കുഞ്ഞബ്ദുല്ല, വൈത്തിരി താലൂക്ക് ജനറൽ സെക്രട്ടറി കെ.വി.സുരേന്ദ്രൻ എന്നിവർ പറഞ്ഞു. കെട്ടിക്കിടക്കുന്ന അരി  വകമാറ്റി വിതരണം ചെയ്യുന്നതിന് അടിയന്തര നടപടി ഉണ്ടാകണമെന്ന് അവർ ആവശ്യപ്പെട്ടു. 
പി.എം.ജി.കെ.വൈ അരി വിതരണം ഡിസംബർ 31ന് അവസാനിച്ചതോടെ സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ വലിയ പ്രസിസന്ധിയിലാണെന്ന്  അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ജനുവരിയിൽ സംസ്ഥാനത്തെ റേഷൻ വ്യാപാരികളിൽ മൂവായിരത്തിലധികം പേർക്ക് 10,000 രൂപയിൽ താഴെയാണ് വരുമാനം. അയ്യായിരത്തിലധികം റേഷൻ കടക്കാർക്ക് 20,000 രൂപയിൽ താഴെ വരുമാനമാണ് ലഭിച്ചത്. രണ്ടായിത്തോളം വ്യാപാരികൾക്ക് മാത്രമാണ് 25,000 രൂപയിൽ കൂടുതൽ വരുമാനം കിട്ടിയത്. 
വേതന പാക്കേജ് പരിഷ്‌കരിച്ചില്ലെങ്കിൽ റേഷൻ കട അടച്ചിടാൻ ഭൂരിപക്ഷം വ്യാപാരികളും നിർബന്ധിതരാകും. 2018 ജൂലൈയിൽ കൊണ്ടുവന്നതാണ് പാക്കേജ്. വ്യാപാരിക്ക് പ്രതിമാസം 30,000 രൂപയും സെയിൽസ്മാന് 10,000 രൂപയും വരുമാനം ഉറപ്പുവരുത്തണം. മുറിയുടെ വാടകയും വൈദ്യുതി ചാർജും സർക്കാർ നൽകണം. 
റേഷൻ വ്യാപാരികളുടെ കമ്മീഷൻ  അതതുമാസം വിതരണം പൂർത്തിയാക്കി 10 ദിവസത്തിനകം നൽകാമെന്നാണ് ധാരണ. എന്നാൽ  നിലവിൽ വിതരണം പൂർത്തിയാക്കി 30 ദിവസം കഴിഞ്ഞാണ് കമ്മീഷൻ ലഭിക്കുന്നത്. ഫെബ്രുവരിയിലെ  കമ്മീഷൻ വൈത്തിരി താലൂക്കിൽ ഇനിയും ലഭിച്ചിട്ടില്ല. പല ജില്ലകളിലും മാർച്ചിലെ കമ്മീഷൻ ലഭ്യമാക്കിയിട്ടില്ല. മിക്ക ജില്ലകളിലും  പച്ചരി മാത്രമാണ് വിതരണം ചെയ്യുന്നത്. 70 ശതമാനം പുഴുക്കലരിയും 30 ശതമാനം  പച്ചരിയും വിതരണം ചെയ്യുന്നതിനു നടപടി ഉണ്ടാകണം. 
മഞ്ഞ, പിങ്ക് കാർഡുകൾക്ക് മാത്രമായി പരിമിതപ്പെടുത്തി മണ്ണെണ്ണ  മൂന്ന് മാസത്തിലൊരിക്കൽ അര ലിറ്റർ പ്രകാരമാണ് വിതരണം ചെയ്യുന്നത്. ഈ മണ്ണെണ്ണ എടുക്കാൻ കിലോമീറ്ററുകൾ അകലെ പോകേണ്ടതുമൂലം വലിയ സാമ്പത്തികനഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടാകുന്നുത്. ഈ സാഹചര്യത്തിൽ മണ്ണെണ്ണ ഡോർ ഡെലിവറിയായി കടകളിൽ എത്തിച്ചാൽമാത്രം വിതരണം ചെയ്താൽ  മതിയെന്നാണ് അസോസിയേഷൻ തീരുമാനം. സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തതിന്റെ 10 മാസത്തെ കമ്മീഷൻ കോടതി ഉത്തരവു ണ്ടായിട്ടും നൽകാൻ സർക്കാർ തയാറാവുന്നില്ല. റേഷൻ വ്യാപാരികളോടുള്ള അവഗണനയും ചിറ്റമ്മ നയവും  സർക്കാർ ഉപേക്ഷിക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
 

Latest News