ആശ്രിത സീറ്റില്‍ മോഡി വിലക്കിട്ടു, പട്ടിക പ്രഖ്യാപനം നീണ്ടു

ന്യൂദല്‍ഹി- സിറ്റിംഗ് എം.എല്‍.എമാരുടെയും എം.പിമാരുടെയും മക്കള്‍ മത്സരിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിസമ്മതം അറിയിച്ചതാണു കര്‍ണാടകയിലെ സ്ഥാനാര്‍ഥിപ്പട്ടിക വൈകാന്‍ കാരണമെന്ന് സൂചന. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തേ നടത്തി പ്രചാരണം തുടങ്ങിയിരുന്നു.
സിറ്റിംഗ് എം.എല്‍.എമാരുടെയും എം.പിമാരുടെയും മക്കള്‍ക്കു സീറ്റ് നല്‍കുന്നതില്‍ താല്‍പര്യമില്ലെന്നും സ്ഥാനാര്‍ഥികളായി പാര്‍ട്ടി പ്രവര്‍ത്തകരെ പരിഗണിക്കണമെന്നും പ്രധാനമന്ത്രി മോഡി ആവശ്യപ്പെട്ടതാണ് പട്ടിക വൈകാന്‍ കാരണം. ഞായറാഴ്ച ചേര്‍ന്ന ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണു മോഡി നീരസം പ്രകടിപ്പിച്ചത്.
പ്രധാനമന്ത്രി നിലപാട് കടുപ്പിച്ചതോടെ, യോഗത്തില്‍നിന്നു കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് അംഗവുമായ ബി.എസ്. യെദ്യൂരപ്പ ഇറങ്ങിപ്പോയതായി അഭ്യൂഹമുണ്ട്.  ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ തിങ്കളാഴ്ച സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തു. ഈ യോഗത്തില്‍ യെദ്യൂരപ്പ പങ്കെടുത്തുമില്ല. ഇന്ന് പ്രഖ്യാപിച്ച പട്ടികയില്‍ യെദ്യുരപ്പയുടെ മകന് സീറ്റ് നല്‍കിയിട്ടുണ്ട്.

 

Latest News