Sorry, you need to enable JavaScript to visit this website.

നെടുമ്പാശേരിയിലെ മനുഷ്യബോംബ്; ഉറവിടം കണ്ടെത്താനാകാതെ പോലീസ്

നെടുമ്പാശേരി-കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ആക്രമിക്കുമെന്ന് തുടർച്ചയായി രണ്ട് ദിവസം ഇ മെയിലിലൂടെ വിമാനത്താവളത്തിൽ മനുഷ്യ ബോംബായി എത്തുമെന്ന ഭീഷണിയുയർത്തിയതിന്റെ ഉറവിടം കണ്ടെത്താനാവാതെ പോലീസ് വലയുന്നു. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ മേൽനോട്ടത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി. രാജീവിന്റെ നേതൃത്വത്തിൽ പ്രത്യേക ടീമാണ് കേസ് അന്വേഷിക്കുന്നത്.
ആലുവ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം. വിമാനത്താവള അധികൃതർക്ക് പുറമെ സിറ്റി പോലീസ് കമ്മീഷണർക്കുമാണ് ഭീഷണി സന്ദേശമെത്തിയത്. പത്ത് ബിറ്റ്‌കോയിൻ വേണമെന്നതാണ് ഭീഷണിയുയർത്തിയയാളുടെ ആവശ്യം. അതായത് 24 ലക്ഷം രൂപ വേണമെന്നാണ് ആവശ്യം. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ മനുഷ്യ ബോംബ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.

പ്രാഥമിക അന്വേഷണത്തിൽ വ്യാജ ഐഡിയുണ്ടാക്കി അതിൽ നിന്നുമാണ് ഇമെയിലുണ്ടാക്കിയിട്ടുളളതെന്ന് വ്യക്തമായിട്ടുണ്ട്. ഉറവിടം മനസിലാക്കുവാൻ ബുദ്ധിമുട്ടു നേരിടുന്നത് വിദേശത്തുനിന്നുമാകാം ഇമെയിൽ അയച്ചതുകൊണ്ടാകാമെന്നും പോലീസ് സംശയിക്കുന്നു. ഏത് കമ്പ്യൂട്ടറിൽ നിന്നുമാണ് ഐ.ഡി ഉണ്ടാക്കിയിട്ടുള്ളതെന്ന് കണ്ടെത്തണമെങ്കിൽ ഇന്റെർനെറ്റ് സേവന ദാതാക്കളുടെ സഹായം വേണം. ഇതിനായി അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും കാലതാമസമുണ്ടായേക്കും.

ആരെങ്കിലും വെറുതെ കബളിപ്പിക്കുവാൻ സന്ദേശമയച്ചതാകാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ ഭീഷണി ആവർത്തിച്ചതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരെയും സന്ദർശകരെയും  ശക്തമായി നിരീക്ഷിക്കുന്നുണ്ട്.വിമാനത്താവളത്തിലെ എല്ലാ ഏജൻസികളോടും ജാഗ്രത പുലർത്തുവാനും സംശയം തോന്നുന്നവരെ നിരീഷിക്കുവാനും വിമാനത്താവള അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
 

Latest News