സോഷ്യല്‍ മീഡിയയില്‍ സ്വകാര്യ വിവരങ്ങള്‍ കൊടുക്കണം, വ്യവസ്ഥക്കെതിരെ ബില്‍ വരുന്നു

ന്യൂദല്‍ഹി- വ്യക്തിവിവര സംരക്ഷണ ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കുമെന്ന് സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍. ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ഭരണഘടന ബെഞ്ചിന് മുന്നില്‍ അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂണ്‍ 16ന് ജസ്റ്റിസ് കെ.എം ജോസഫ് വിരമിക്കുന്നതില്‍ വിഷയം ചീഫ് ജസ്റ്റിസിനു മുന്നില്‍ ഉന്നയിക്കാനും അദ്ദേഹം പുതിയൊരു ബെഞ്ച് രൂപീകരിക്കുമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. വിഷയം ഓഗസ്റ്റ് ആദ്യ വാരം വീണ്ടും പരിഗണിക്കും. ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും വ്യക്തികളുടെ കോളുകളും ചിത്രങ്ങളും സന്ദേശങ്ങളും വീഡിയോയും മറ്റു വിവരങ്ങളും ലഭ്യമാക്കുന്നതിനുള്ള കരാറിനെതിരേ വിദ്യാര്‍ഥികളായ കര്‍മണ്യ സിംഗും സറീന്‍, ശ്രേയ സേത്തി എന്നിവരും നല്‍കിയ ഹരജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ഇത് തങ്ങളുടെ സ്വകാര്യതക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണെന്നാണ് പരാതി.
പുതിയ ബില്‍ പാര്‍ലമെന്റില്‍ പാസായാല്‍ നിലവിലുള്ള 2011 ലെ വിവര സാങ്കേതിക ചട്ടങ്ങളില്‍ മാറ്റം വരും. 2017ല്‍ സ്വകാര്യത മൗലീക അവകാശമായി പ്രഖ്യാപിച്ചതിനൊപ്പം തന്നെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ വ്യക്തിഗത വിവരങ്ങള്‍ ചോരാതെ സംരക്ഷിക്കപ്പെടേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. പാര്‍ലമെന്ററി സംയുക്ത സമിതി നിര്‍ദേശിച്ച മാറ്റങ്ങള്‍ ഉള്‍പ്പടെ ബില്ലില്‍ അഭിപ്രായങ്ങള്‍ നിര്‍ദേശിക്കാന്‍ കഴിഞ്ഞ ജനുവരി രണ്ടു വരെ സമയം നല്‍കിയിരുന്നു. അങ്ങനെ ലഭിച്ച നിര്‍ദേശങ്ങളും മാറ്റങ്ങളും കൂടി ഉള്‍പ്പെടുത്തി പുതിയ കരട് പരിഷ്‌കരിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. പുതിയ ബില്ലില്‍ ഡാറ്റ എന്നതിന്റെ നിര്‍വചനത്തില്‍ വിവരങ്ങളുടെ പ്രാതിനിധ്യം, വസ്തുതകള്‍, ആശയങ്ങള്‍, അഭിപ്രായങ്ങള്‍, നിര്‍ദേശങ്ങള്‍ എന്നിങ്ങനെ ആശയവിനിമയങ്ങള്‍ക്കായുള്ള വിവിധ കാര്യങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നു.

 

Latest News