Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്ത ബി. ജെ. പി ക്ക് പിന്തുണയുമായി രംഗത്ത്

തൃശൂര്‍- ബി. ജെ. പിക്ക് പിന്തുണയുമായി ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളം മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസും രംഗത്ത്. ബഹുസ്വരതയുള്ള നാട്ടില്‍ ചില ഉരസലുകള്‍ ഉണ്ടാകാമെന്നും ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ അത് മുഴുവന്‍ മോഡിയും ബി. ജെ. പിയുമാണ് എന്ന് ചാപ്പകുത്തുന്നതിനോട് തനിക്കും സഭയ്ക്കും യോജിപ്പില്ലെന്നുമാണ് മെത്രാപ്പൊലീത്ത പറഞ്ഞത്. ബി. ജെ. പി നേതാവ് എന്‍. ഹരിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഓര്‍ത്തഡോക്‌സ് മെത്രാപ്പൊലീത്തയുടെ ബി. ജെ. പി അനുകൂല പ്രസ്താവന പുറത്തുവന്നത്. 

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന നിലപാട് ശരിയല്ലെന്നു കൂട്ടിച്ചേര്‍ത്ത അദ്ദേഹം ആര്‍. എസ്. എസിന്റെ ലക്ഷ്യം ആളുകളുടെ വ്യക്തിത്വ വികസനമാണെന്നും പറഞ്ഞു. സ്ത്രീകളെ സംരക്ഷിക്കാനാണ് ആര്‍. എസ്. എസ് പഠിപ്പിക്കുന്നതെന്ന് പറയാനും യൂലിയോസ് മറന്നില്ല. 

കൊല്‍ക്കത്തയില്‍ കന്യാസ്ത്രീ ആശ്രമത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ താനടക്കമുള്ളവര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ അക്രമികള്‍ മഠത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശികളാണെന്ന് പിന്നീട് തെളിഞ്ഞുവെന്നും മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു. 

ഉത്തരേന്ത്യയിലെ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് എതിരെയുള്ള ആക്രമണത്തില്‍ കഴിഞ്ഞ ദിവസമാണ് ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്.  ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബി. ജെ. പിയുടെ നിശ്ശബ്ദ പിന്തുണ അക്രമങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് സഭകള്‍ സംശയിക്കുന്നുണ്ടെന്നും ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബി. ജെ. പി അനുകൂല പ്രസ്താവനയുമായി മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ് രംഗത്തെത്തിയത്. 

ക്രിസ്ത്യാനികള്‍ക്കിടയില്‍ ബി. ജെ. പിയേയും ആര്‍. എസ്. എസിനേയും കുറിച്ച് പരമാവധി സങ്കീര്‍ണതകള്‍ സൃഷ്ടിക്കുകയെന്ന ബി. ജെ. പി ലക്ഷ്യം നേടുകയും ചെയ്യുന്നുണ്ടെന്നാണ് സമീപകാല സഭാ നേതാക്കളുടെ പ്രസ്താവനകള്‍ തെളിയിക്കുന്നത്.

Latest News