സൗദി ഫുർസാനിൽ ആവേശം തീർത്ത് ഹരീദ് ഉത്സവം

ജിസാൻ - ജിസാൻ പ്രവിശ്യയിൽ പെട്ട ഫുർസാൻ ദ്വീപിൽ പ്രദേശവാസികൾക്കിടയിൽ ആരവം തീർത്ത് 19-ാമത് ഹരീദ് ഫെസ്റ്റിവൽ. ജിസാൻ ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുൽ അ്‌സീസ് രാജകുമാരൻ ജനകീയ ആഘോഷത്തിൽ പങ്കാളിത്തം വഹിച്ചു. റമദാൻ കാലമായതിനാൽ ഇത്തവണ രാത്രിയിലാണ് ഫെസ്റ്റിവലിന്റെ ഭാഗമായ ഹരീദ് മീൻപിടുത്ത മത്സരം സംഘടിപ്പിച്ചത്. 
മത്സരത്തിന്റെ തുടക്കം പ്രഖ്യാപിച്ച് ഡെപ്യൂട്ടി ഗവർണർ വെടിപൊട്ടിച്ചതോടെ കുട്ടികളും യുവാക്കളും മധ്യവയസ്‌കരും അടക്കം നൂറു കണക്കിന് ആളുകൾ ഓരോ വർഷവും ഹരീദ് മത്സ്യങ്ങൾ കൂട്ടത്തോടെ കടന്നുപോകുന്ന ഉൾക്കടലിലെ ജലപാത ലക്ഷ്യമാക്കി കുതിച്ചു.

ആഴം കുറഞ്ഞ പ്രദേശത്തു കൂടി കടന്നുപോകുന്ന ഹരീദ് മത്സ്യങ്ങളെ തടഞ്ഞുനിർത്താൻ മത്സ്യത്തൊഴിലാളികളും നാട്ടുകാരും മുൻകൂട്ടി കുറ്റിച്ചെടികളും മറ്റു പ്രതിബന്ധങ്ങളും സ്ഥാപിച്ചിരുന്നു. ഏറ്റവും കൂടുതൽ മത്സ്യങ്ങളെ വലകളിലാക്കാൻ മത്സരാർഥികൾ മത്സരിച്ചു. നൂറ്റാണ്ടുകളായി ഫുർസാൻ ദ്വീപിൽ നിലവിലുള്ള മത്സരമാണിത്. മത്സരത്തിന്റെ സമാപനത്തിൽ വിജയികൾക്ക് ജിസാൻ ഡെപ്യൂട്ടി ഗവർണർ ട്രോഫികളും ക്യാഷ് പ്രൈസും വിതരണം ചെയ്തു. ചടങ്ങിൽ വെച്ച് ഏതാനും ടൂറിസം, സേവന പദ്ധതികളുടെ ശിലാസ്ഥാപനം മുഹമ്മദ് ബിൻ അബ്ദുൽ അ്‌സീസ് രാജകുമാരൻ നിർവഹിച്ചു.
 

Latest News