Sorry, you need to enable JavaScript to visit this website.

സല്‍മാന്‍ രാജാവും കിരീടാവകാശിയും സംഭാവന നല്‍കിയത് ഏഴ് കോടി റിയാല്‍

റിയാദ് - ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിഭവസമാഹരണത്തിലേക്ക്  തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നാലു കോടി റിയാലും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മൂന്നു കോടി റിയാലും സംഭാവന നല്‍കി.
മൂന്നാമത് ദേശീയ സംഭാവന ശേഖരണ കാമ്പയിനിന്റെ ആദ്യ ദിനം ഉദാരമതികളില്‍ നിന്ന് ലഭിച്ചത് 47 കോടിയിലേറെ റിയാല്‍ ലഭിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭാവന ശേഖരണ കാമ്പയിന് തുടക്കമായത്. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നാലു കോടി റിയാലും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മൂന്നു കോടി റിയാലും സംഭാവന നല്‍കി ദേശീയ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. സംഭാവനകള്‍ നല്‍കി കാമ്പയിനില്‍ പങ്കാളിത്തം വഹിക്കാന്‍ ആദ്യ ദിനം തന്നെ വ്യക്തികളും കമ്പനികളും ബാങ്കുകളും മറ്റും മുന്നോട്ടുവന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം വഴിയാണ് സംഭാവന ശേഖരണ യജ്ഞം നടത്തുന്നത്.
ഇത്തവണത്തെ റമദാനില്‍ നടത്തുന്ന രണ്ടാമത്തെ സംഭാവന ശേഖരണ യജ്ഞമാണിത്. നിര്‍ധനര്‍ക്ക് പാര്‍പ്പിടങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് റമദാന്‍ ഒന്നിന് ആരംഭിച്ച ജൂദ് അല്‍ഇസ്‌കാന്‍ കാമ്പയിനിലൂടെ 100 കോടിയിലേറെ റിയാല്‍ സംഭാവനകളായി ലഭിച്ചു. നിര്‍ധനര്‍ക്ക് 3,700 പാര്‍പ്പിടങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് റമദാനില്‍ 30 ദിവസത്തിനകം 100 കോടി റിയാല്‍ സമാഹരിക്കാനാണ് ഉന്നമിട്ടിരുന്നത്. എന്നാല്‍ റമദാന്‍ പകുതായിയപ്പോഴേക്കും ലക്ഷ്യം മറികടക്കാന്‍ സാധിച്ചു.
റമദാനില്‍ ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം വഴി നടത്തുന്ന മൂന്നാമത്തെ ദേശീയ സംഭാവന ശേഖരണ യജ്ഞമാണ് ഇത്തവണത്തേത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും റമദാന്‍ കാലത്ത് ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം വഴി സംഭാവനകള്‍ നല്‍കാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ പെട്ടവര്‍ വലിയ തോതില്‍ മുന്നോട്ടുവന്നിരുന്നു. പ്ലാറ്റ്‌ഫോം ആരംഭിച്ച ശേഷം രണ്ടു വര്‍ഷത്തിനിടെ ഉദാരമതികളില്‍ നിന്ന് 330 കോടിയിലേറെ റിയാല്‍ സംഭാവനകളായി ലഭിച്ചിട്ടുണ്ട്. വ്യത്യസ്ത ജീവകാരുണ്യ മേഖലകളില്‍ 48 ലക്ഷത്തിലേറെ ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.
സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ആഭ്യന്തര മന്ത്രാലയം, ധനമന്ത്രാലയം, ആരോഗ്യ മന്ത്രാലയം, സൗദി സെന്‍ട്രല്‍ ബാങ്ക്, വിദ്യാഭ്യാസ മന്ത്രാലയം, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, നീതിന്യായ മന്ത്രാലയം, മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയം, ദേശീയ സുരക്ഷാ ഏജന്‍സി, ഡിജിറ്റല്‍ ഗവണ്‍മെന്റ് അതോറിറ്റി എന്നിവ ഉള്‍പ്പെട്ട കമ്മിറ്റിയാണ് ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേല്‍നോട്ടം വഹിക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News