Sorry, you need to enable JavaScript to visit this website.

മരുഭൂമിയുടെ നടുവിൽ ഹൃദയാകൃതിയിൽ മരുപ്പച്ച

വിസ്മയങ്ങളുടെ കലവറയാണ് സൗദി അറേബ്യയെന്ന വിസ്തൃത രാജ്യം. മണൽക്കാടുകൾ നിറഞ്ഞ ഭൂപ്രദേശമെന്ന ധാരണയോടെ ഇവിടെയെത്തുന്നവരെ അമ്പരപ്പിക്കുന്നതാണ് സൗദിയുടെ ഭൂപ്രകൃതി. അക്ഷരാർഥത്തിൽ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നാട്. മലനിരകളും പരന്നു കിടക്കുന്ന മരുഭൂമിയും  സമതലങ്ങളും കടലോരങ്ങളും സൗദി അറേബ്യയുടെ സവിശേഷതകളാണ്. മലനിരകൾ കയറി മുകളിലെത്തിയാൽ തണുത്തുറഞ്ഞ സുഖവാസ കേന്ദ്രങ്ങൾ. ചെങ്കടലിന്റെ താരാട്ടു കേട്ട് മയങ്ങാൻ ബീച്ചുകളിലെ റിസോർട്ടുകൾ. 
വളരെ  സമ്പന്നമായ പരിസ്ഥിതിയാണ് രാജ്യത്തിന്. 
സൗദി മരുഭൂമിയുടെ ഭൂപ്രകൃതിയിൽ വിവിധ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഭൂഗർഭശാസ്ത്രം, സസ്യങ്ങൾ, മൃഗങ്ങൾ എന്നിവ വൈവിധ്യത്തിന്റെ  സവിശേഷതകളാണ്. 
'സൗദി അറേബ്യയുടെ മരുഭൂമികൾ ദഹ്ന മരുഭൂമി പോലെയുള്ള വിശാലമായ മണൽക്കാടുകൾ, റിയാദിലെ എഡ്ജ് ഓഫ് ദി വേൾഡ് പോലുള്ള ഗർത്തങ്ങളാൽ മൂടപ്പെട്ട പാറക്കെട്ടുകൾ, അൽ-ഉല പോലുള്ള മണൽക്കല്ല് പർവതങ്ങൾ എന്നിങ്ങനെ വിനോദ യാത്രികർക്ക് അവിസ്മരണീയ വിഭവം ഒരുക്കുകയാണ് സൗദി അറേബ്യ. 


പ്രകൃതി വരച്ചുവെച്ച ചിത്രപ്പണികൾ കാണണമെങ്കിൽ സൗദിയിലേക്ക് വരിക. ഇതുപോലെ പ്രകൃതിദത്ത സൃഷ്ടികൾ ഭൂമുഖത്ത് അധികം പ്രദേശങ്ങളിൽ കാണാനാവില്ല. വളരെ ആകർഷകമായ  പ്രകൃതിദത്ത പെയിന്റിംഗുകളാൽ സമൃദ്ധമാണ് ഈ രാജ്യം. ഫിൻലാൻഡ് സ്വദേശിനിയായ ട്രാവൽ ബ്ലോഗർ ലോറ ആൽഹോ 2008 മുതൽ സൗദി അറേബ്യ ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. പുതിയ സ്ഥലങ്ങൾ കണ്ടെത്തുകയെന്നത് ലോറയുടെ ഹോബിയാണ്. ഇതിനായി എത്ര തന്നെ യാത്ര ചെയ്യാനും ഒരുക്കമാണ്. അറിയപ്പെടാത്ത ദിക്കുകളുടെ വിശേഷം മനസ്സിലാക്കുകയെന്നത് പ്രത്യേക ത്രില്ലിംഗ് അനുഭവമാണെന്ന് ലോറ പറയുന്നു. ഇതൊരു ജീവിത രീതിയാണ്. അധികമാരും കണ്ടെത്തിയിട്ടില്ലാത്ത സ്ഥലങ്ങളിൽ ചെന്നെത്തുന്നത് അത്യപൂർവ അനുഭവമാണ്. തലസ്ഥാനമായ റിയാദിന്റെ വടക്ക് ഭാഗങ്ങളിൽ അന്വേഷണ യാത്രകൾക്കിടെയാണ് ലോറ അതിശയിപ്പിക്കുന്ന കാഴ്ച കണ്ടത്. നീണ്ടു പരന്നു കിടക്കുന്ന സൗദി അറേബ്യയിലെ മണൽക്കാടുകൾക്കിടയിൽ ഹൃദയാകൃതിയിൽ ഒരു മരുപ്പച്ച. ഇതേക്കുറിച്ച് ലോറ സിഎൻഎൻ അറബിക്കിനോട് വിവരിക്കുകയുണ്ടായി. റിയാദിന്റെ ഉത്തര മേഖലയിൽ സുദീർഘ യാത്രയിലായിരുന്നു. അപ്പോഴാണ് സൗദി അറേബ്യയുടെ അമൂല്യ നിധിയെന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലൊരു കാഴ്ച ശ്രദ്ധയിൽ പെട്ടത്. ഗൂഗിൾ മാപ്പിലൂടെയാണ് ആദ്യം ഇതു കണ്ടത്. ചുവന്ന മണൽതിട്ടകളുടെ മനോജ്ഞമായ കാഴ്ച. 


'ഞാൻ തലസ്ഥാനമായ റിയാദിന്റെ വടക്ക് ഭാഗങ്ങളിൽ ആകർഷകവും അറിയപ്പെടാത്തതുമായ സ്ഥലങ്ങൾക്കായി തെരച്ചിലിലായിരുന്നു. അപ്പോഴാണ് ഗൂഗിൾ മാപ്പിൽ ചുവന്ന മണൽതിട്ടകളുടെ കാഴ്ച എന്റെ ശ്രദ്ധയിൽ പെട്ടത് -ലോറ വിശദീകരിച്ചു. 'മണൽക്കൂനകൾക്കിടയിൽ ധാരാളം തടാകങ്ങളും മരുപ്പച്ചകളും മറഞ്ഞിരിക്കുന്നതായി ശ്രദ്ധിച്ചു, അവ കണ്ടെത്താനായി അടുത്ത ശ്രമം. ഏതായാലും അതിശയകരമായ കാഴ്ചയാണിതെന്നതിൽ സംശയമില്ല. ജീവിതത്തിന്റെ പൂർണതയാണ് ഇവിടെയെത്തുന്നവർക്ക് അനുഭവപ്പെടുക. 


ചുവന്ന മൺകൂനകൾക്കിടയിലുള്ള പച്ച മരുപ്പച്ച പ്രകൃതിയിലെ കലാകാരൻ ആകർഷകമായ നിറങ്ങളിൽ വരച്ചിരിക്കുന്നു. പക്ഷികളുടെ സുരക്ഷിത ആവാസ കേന്ദ്രം കൂടിയാണിത്. പച്ചപ്പും കിളികളുടെ കളകളാരവവുമെല്ലാം ചേരുമ്പോഴാണ് പ്രദേശത്തിന്റെ മഹത്വം തിരിച്ചറിയുക. ഇവിടെ എത്ര നേരം ചുറ്റിക്കറങ്ങിയാലും ആർക്കും മതിയാവില്ല. 
ലോറ 2008 ൽ ജോലിക്കായി സൗദി അറേബ്യയിലെത്തിയതിന് ശേഷം അനുഭവങ്ങൾ പങ്കു വെക്കാനായി ബ്ലൂ അബയ എന്ന പേരിൽ ബ്ലോഗ് ആരംഭിച്ചിട്ടുണ്ട്.  ഫിൻലാൻഡിനെയും സൗദി അറേബ്യയെയും പ്രതിഫലിപ്പിക്കുന്ന രണ്ട് ഘടകങ്ങളിൽ നിന്നാണ് ഈ ബ്ലോഗിന് അതിന്റെ പേര് ലഭിച്ചത്. സൗദി അറേബ്യയിൽ നിന്ന്, 'അബയ' എന്ന വാക്ക് പ്രാദേശിക സംസ്‌കാരത്തോടും പാരമ്പര്യങ്ങളോടും ഉള്ള ബഹുമാനത്തിന്റെ പ്രതീകമായി സ്വീകരിച്ചു. ഫിൻലാൻഡിനെ സംബന്ധിച്ചിടത്തോളം, 'നീല' എന്ന വാക്ക് രാജ്യത്തിന്റെ ദേശീയ നിറത്തെയും ആകാശത്തിന്റെയും കടലിന്റെയും നിറത്തെ പ്രതിനിധീകരിക്കുന്ന നീല നിറവുമായി ബന്ധപ്പെട്ടിരിക്കുന്നു.


ലോറ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ബ്ലൂ അബയ (നീലക്കുപ്പായം) എന്നതാണ് ഇൻസ്റ്റഗ്രാമിലെ മേൽവിലാസം. ഇതിലൂടെ കണ്ടെത്തിയ മനോജ്ഞമായ ദൃശ്യം അവർ ഫോളവേഴ്‌സുമായി പങ്കുവെച്ചു. എല്ലാവർക്കും ഈ ചിത്രം ഏറെ ഇഷ്ടമായി. എല്ലാവരും പ്രശംസ ചൊരിഞ്ഞു. ഹൃദയ രൂപത്തിലെ കുളത്തിന്റെ കൃത്യമായ സ്ഥാനമാണ് മിക്കവർക്കും അറിയേണ്ടിയിരുന്നത്. പക്ഷേ, അങ്ങനെ പരസ്യമായി വിവരം വെളിപ്പെടുത്തുന്നതിന് പ്രായോഗികമായ ചില പ്രശ്‌നങ്ങളുണ്ട്. പ്രകൃതിയുടെ അമൂല്യ നിധി സംരക്ഷിക്കപ്പെടേണ്ടതുണ്ട്. 
അങ്ങനെയങ്ങ് പാട്ടാക്കിയാൽ സമൂഹ വിരുദ്ധരുൾപ്പെടെ പ്രദേശത്തേക്ക് പ്രവഹിക്കും. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നതിൽ സംശയമില്ല. ആൾക്കൂട്ട നശീകരണത്തിൽ നിന്ന് സംരക്ഷിച്ചു നിർത്തേണ്ട ബാധ്യത മറക്കാവതല്ലല്ലോ. എന്നാൽ ഫോളവേഴ്‌സിനെ നിരാശപ്പെടുത്തിയില്ല. അവരെല്ലാം ലൊക്കേഷൻ മനസ്സിലാക്കി സന്ദർശിച്ച് കാര്യം രഹസ്യമാക്കി സൂക്ഷിക്കുകയും ചെയ്തു. 

Latest News