Sorry, you need to enable JavaScript to visit this website.

കൊതിപ്പിക്കുന്ന വാദി ലജബ്

മരുഭൂമിയിലെ പതിവ് ദിവസങ്ങളിലൊന്നിലായിരുന്നു ആ യാത്ര... മരുഭൂമിയിൽ കുറച്ച് പച്ചപ്പും തണുപ്പും ശുദ്ധവായുമൊക്കെയുള്ള എവിടേക്കെങ്കിലും പോകണമെന്ന് ഞങ്ങൾ സുഹൃത്തുക്കൾ ആഗ്രഹം പങ്കുവെക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായിരുന്നു. അങ്ങനെ പെരുന്നാളിന്റെ പൊതുഅവധിയിൽ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ നിന്ന് തണുപ്പ് പെയ്ത് നിറയുന്ന ഒരു പ്രദേശം തേടിയുള്ള സഞ്ചാരം ഞങ്ങൾ സുഹൃത്തുക്കൾ ആരംഭിക്കുകയായിരുന്നു. അറ്റമില്ലാതെ നീണ്ടുപോകുന്ന മണൽപരപ്പുകൾ താണ്ടി ഞങ്ങൾ മുന്നോട്ട് പോവുകയാണ്. മരുഭൂമിയിലെ ചിറാപൂഞ്ചിയായ അബഹയും സ്വർഗ ദേശമായ വാദി ലജബും ആണ് ഞങ്ങളുടെ ലക്ഷ്യം. ജിസാനിൽ നിന്ന് 120 കിലോമീറ്ററുകൾ അകലെ ഖഹ്ർ പർവതത്തിന്റെ കിഴക്കു ഭാഗത്തുള്ള വിസ്മയ പ്രദേശം തേടി.. അവിടുത്തെ തണുത്ത അരുവികൾ ലക്ഷ്യമിട്ട് ഞങ്ങൾ യാത്ര തുടർന്നുകൊണ്ടിരുന്നു. 


റിയാദിൽ നിന്നും യാത്ര പുറപ്പെട്ട ഞങ്ങൾ പെരുന്നാൾ മദീനയിൽ കൂടി അവിടെ നിന്നുമാണ് ഈ യാത്ര ആരംഭിച്ചിട്ടുള്ളത്. നേരെ പോകുന്നത് ജിസാനിലെ ഹുറൂറിലുള്ള ശിഹാബ് തെന്നലയുടെ ക്ലാസ്‌മേറ്റായ സഹലിന്റെ അടുത്തേക്കാണ്. അവിടെയെത്താൻ 1200 കി. മീറ്റർ സഞ്ചരിക്കണം. നേരം ഇരുട്ടിലേക്ക് അമർന്നു. ലക്ഷ്യസ്ഥാനത്തേക്ക് ഇനിയും മണിക്കൂറുകളുണ്ട്. വാഹനം അതിവേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്നു. നഗരപാതിയിൽ നിന്നും ഗ്രാമപ്രദേശങ്ങളിലേക്കുള്ള മലയിടുക്കുകളിലൂടെ സഞ്ചരിച്ച് ഞങ്ങൾ ഹുറൂറിലേക്ക് അടുത്തു. സമയം പന്ത്രണ്ട് മണി കഴിഞ്ഞു. നല്ല വിശപ്പുണ്ട്. സഹൽ ഞങ്ങൾക്കായി ഒരുക്കിയ മുറിയിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. ബാഗെല്ലാം അവിടെ വെച്ച് കുളിച്ചൊന്ന് ഫ്രഷായി ഞങ്ങൾ തിരിച്ച് കാറിലേക്ക് കയറി. കൂടെ ജോലി ചെയ്യുന്ന യെമനി ഉണ്ടാക്കിയ മന്തി സഹൽ കാറിലേക്ക് വെച്ചു. നേരെ മലമുകളിലെ വ്യൂപോയിന്റിലേക്ക്. യെമന്റെ അതിർത്തി പ്രദേശമായ ഹുറൂറിലെ ആ മല മുകളിൽ നിന്ന് കിലോമീറ്റർ അകലെ വെളിച്ചത്തിൽ പ്രഭാപൂരിതമായിരിക്കുന്ന യെമൻ നഗരങ്ങളുടെ കാഴ്ച ഞങ്ങളെ അദ്ഭുതപ്പെടുത്തി. ഭക്ഷണം കഴിച്ച് സന്ദർശകർക്കായി ഒരുക്കിയ പാർക്കും പരിസരവും ചുറ്റിക്കറങ്ങി തിരികെ റൂമിലേക്ക്. രാവിലെ പ്രാതൽ കഴിച്ച് സഹലിനോട്  യാത്ര പറഞ്ഞ് ഞങ്ങൾ യാത്ര തുടർന്നു.

 
നീണ്ടു കിടക്കുന്ന റോഡിന്റെ ഇരുവശത്തും ചെറുതും വലുതുമായ കുന്നുകൾ. ദൂരെ ചെറിയ കുറ്റിച്ചെടികൾ. അവയെ ലക്ഷ്യമാക്കി പതുക്കെ നടന്നു നീങ്ങുന്ന ഒട്ടകങ്ങൾ. ഇടയ്ക്ക് തുണിയും തകര ഷീറ്റും കൊണ്ട് മറച്ചു കെട്ടിയ ടെന്റുകൾ, അവയ്ക്ക് ചുറ്റും ആട്ടിൻ പറ്റങ്ങൾ, ടെന്റിന് മുന്നിൽ പഴകിദ്രവിച്ച വാഹനങ്ങൾക്ക് അടുത്ത് വിശ്രമിക്കുന്ന ആട്ടിടയന്മാർ, നിലത്ത് കൂട്ടിയ അടുപ്പിൽ നിന്നും ഉയരുന്ന പ്രതീക്ഷയുടെ പുക. പതിയെ കാഴ്ചകൾ മാറുകയാണ്. പതിവ് മരുഭൂമി കാഴ്ചകളിൽ നിന്നും വ്യത്യസ്തമായ അനുഭവം. കേരളത്തിലെ ഒരു ഹൈറേഞ്ച് പ്രദേശത്തൂടെ സഞ്ചരിക്കുന്ന അനുഭൂതി. നിറയെ പച്ചപ്പും കൃഷിയും. മലമുകളിലേക്ക് നയിക്കുന്ന ഇടുങ്ങിയ ചുരങ്ങളുള്ള റോഡുകളാണ് ഇവിടെ. പരിചയം ഇല്ലാത്തവർ വാഹനം ഓടിക്കുന്നത് അപകടം പിടിച്ചതാണ്. പലരും ഇലയെടുത്ത് വെറ്റില പോലെ ചവയ്ക്കുന്നത് കാണുന്നുണ്ട്. കൗതുകത്തോടെ പ്രദേശവാസിയോട് ഇലയെന്താണെന്ന് ചോദിച്ചറിഞ്ഞു. 'ഖാത്ത്' എന്ന് ഒരാൾ മറുപടി പറഞ്ഞു. തുടർന്ന് മലഞ്ചെരിവിൽ ഭംഗിയുള്ള തട്ടുകളായി പച്ച പുതച്ചു നിൽക്കുന്ന കൃഷി ഭൂമി കാട്ടിത്തന്ന് അയാൾ പറഞ്ഞു- 'ഇതെല്ലാം ഖാത്ത് കൃഷി ആണ്'. 


ചെറുതായി കഞ്ചാവ് പോലെ ലഹരിയുള്ള ചെടിയാണ് ഖാത്ത്. ലോകാരോഗ്യ സംഘടന മയക്കുമരുന്നുകളുടെ ഗണത്തിൽ ഉൾപ്പെടുത്തിയ ചെടി. 
കുത്തനെയുള്ള ചുരം കയറി, മലഞ്ചെരിവുകൾ താണ്ടി ഞങ്ങൾ വാദിയിൽ എത്തി. മനോഹരമായ ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള പ്രദേശമാണ് ഇവിടം. ഇവിടേക്ക് എത്തുമ്പോൾ തന്നെ കാലാവസ്ഥയിൽ മാറ്റം വന്നു തുടങ്ങിയിരുന്നു. ഇടവിട്ട് പെയ്യുന്ന ചാറ്റൽ മഴ കാറ്റിനൊപ്പം കൂട്ടുകൂടുന്നു. ആ തണുത്ത കാറ്റിൽ  മഴയും ആസ്വദിച്ച് ഞങ്ങൾ മുന്നേട്ട് നീങ്ങി.
പർവതങ്ങളാൽ ചുറ്റപ്പെട്ട വാദി ലജബ് താഴ്‌വര സാഹസിക സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. മനം മയക്കുന്ന പ്രകൃതി ഭംഗിയും അതുല്യമായ ഭൂമിശാസ്ത്ര ഘടനയും ചേരുമ്പോൾ ജീവിതത്തിലെ അവിസ്മരണീയമായ നിമിഷങ്ങൾ ഈ പ്രദേശം സമ്മാനിക്കുമെന്ന് ഞാൻ കേട്ടറിഞ്ഞിരുന്നു. കൊടുംചൂടിൽ നിന്നും തണുപ്പിന്റെ സ്‌നേഹം നുകരാനെത്തുന്ന സഞ്ചാരികൾക്ക് അദ്ഭുത താഴ്‌വര തന്നെയാണ് വാദി ലജബ്. അറേബ്യൻ പെനിൻസുലയിലെ ആദ്യ കാല നിവാസികളുടെ ആവാസ കേന്ദ്രമായിരുന്നു ഈ പ്രദേശം എന്നും ചരിത്രകാരൻമാർ അടയാളപ്പെടുത്തുന്നുണ്ട്. 


മലകളും സമതലങ്ങളും പിന്നിട്ട് യാത്ര തുടരുകയാണ്. സൗദി അറേബ്യയുടെ ആർഭാടങ്ങളൊന്നുമില്ലാത്ത പാതകളിലൂടെയാണ് കടന്നുപോകുന്നത്. ഒടുവിൽ ഞങ്ങൾ അവിടേക്ക് അടുത്തുകൊണ്ടിരുന്നു. ചെറിയൊരു കുന്നിറങ്ങിയപ്പോൾ വാദി ലജബ് എന്ന ബോർഡ്. മല വെട്ടി നിരത്തിയുണ്ടാക്കിയ വഴി ഒരിടത്തേക്ക് തിരിയുന്നു. അവിസ്മരണീയമായ കാഴ്ചാനുഭവങ്ങളലേക്കാണ് വാദി ലജബ് ഞങ്ങളെ നയിക്കുന്നത്. മരുഭൂമിയാണെന്ന് തോന്നിപ്പിക്കാത്ത വിധത്തിൽ മരങ്ങളും ചെടികളുമെല്ലാം ഇടതൂർന്ന് നിൽക്കുന്നു. വെള്ളമൊഴുകിപ്പടരുന്നതിന്റെ.. പക്ഷികളുടെ.. ശബ്ദങ്ങൾ നിറയുന്നു. തണുത്ത വെള്ളം കാലിനടിയിലൂടെ ശരീരത്തെ തണുപ്പിച്ച് ഒഴുകിക്കൊണ്ടിരുന്നു. ഉയർന്ന പാറക്കെട്ടുകൾ തീർത്ത മതിലുകൾ.. ഇടുങ്ങിയ പാതകൾ... ജലധാരകൾ.. സമൃദ്ധമായ സസ്യജാലകൾ.. വന്യജീവികൾ... ചെറിയ വെള്ളച്ചാട്ടങ്ങൾ... കാഴ്ചകൾ കൊതിപ്പിക്കുകയാണ്. ആകാശം മുട്ടി നിൽക്കുന്ന പർവത ഭിത്തികളിൽ നിന്നം വെള്ളം ഒഴുകിയുണ്ടായ പ്രകൃതി ശിൽപങ്ങൾ. മുകളിൽ നിന്ന് പാറക്കെട്ടിൽ തട്ടി ചില്ല് പോലെ പൊട്ടി വീഴുകയാണ് വെള്ളത്തുള്ളികൾ.. അടർന്ന് വീഴാൻ പാകത്തിലെന്ന് തോന്നിപ്പിക്കുന്ന പാറക്കെട്ടുകൾക്ക് താഴെ ചെറുതും വലുതുമായ സ്ഫടിക സമാനമായ അരുവികൾ സന്ദർശകരുടെ ഉള്ളം തണുപ്പിക്കുന്നു. 
ഹൈക്കിംഗ് റോപ്, ക്ലൈംബിംഗ്, മീൻ പിടിത്തം, ഓഫ്‌റോഡ്, സ്വിമ്മിംഗ്, ട്രക്കിംഗ്, കുക്കിംഗ് തുടങ്ങിയ വിനോദങ്ങൾ കൊടും ചൂടിൽ നിന്നും തണുപ്പിന്റെ സ്‌നേഹം നുകരാൻ മലകൾ താണ്ടി വരുന്ന സഞ്ചാരികൾക്ക് മനോഹരമായ യാത്ര അനുഭവമാണ്.  ഞങ്ങൾ വാദി ലജബിനെ അറിയുകയാണ്. ഇടയ്ക്കിടെ ഉയർന്ന് വന്ന് അപ്രത്യക്ഷമാകുന്ന ജല പ്രവാഹം. ബസൾട്ട്, മാർബിൾ, ഗ്രാനൈറ്റ് തുടങ്ങിയ വിവിധ തരം പാറകൾ യാത്രക്കിടയിൽ കാണാം. ഇതിലൂടെ നടന്നുപോകുന്നത് തന്നെ അവിസ്മരണീയമായ ഒരനുഭൂതിയാണ്. ഇടക്കിടെ പാറക്കെട്ടുകളിൽ നിന്നും ഉയരുന്ന ശബ്ദങ്ങൾ നിശ്ശബ്ദമായ മലമടക്കുകളിൽ കാതിന് ഇമ്പമായി മാറുന്നുണ്ട്. 


ഏഴാം നൂറ്റാണ്ടിലെ കവിയുടെ പ്രശസ്തമായ ലൈല ആന്റ് മജ്‌നൂനിൽ നിന്നുളള മജ്‌നൂൻ വാദി ലജബിൽ നിന്നാണ് വന്നതെന്ന് ഐതിഹ്യം നിലനിൽക്കുന്നു. സമുദ്ര നിരപ്പിൽ നിന്ന് 2000 അടി ഉയരത്തിലാണ് വാദി നിലകൊള്ളുന്നത്. മുപ്പത് മീറ്ററിലധികം ഉയരമുള്ള ഈത്തപ്പനകൾ പോലുള്ള മരങ്ങളുടെ തണലിൽ വിനോദ സഞ്ചാരികൾക്ക് ഈ പ്രദേശത്തെ അടുത്തറിയാം. താഴ്‌വരയിൽ ഇടയ്ക്കിടെ ഇടത്തരം വെള്ളച്ചാട്ടങ്ങളായി പരിണമിക്കുന്ന അരുവികളും പച്ചപ്പ് നിറഞ്ഞ സസ്യ ജാലങ്ങളും. കുത്തനെയുളള പർവതത്തിന്റെ വശങ്ങളിൽ വളളിച്ചെടികളുടെയും പായലിന്റെയും പച്ചപ്പ് മൂടിയിരിക്കുന്നു. ചെങ്കുത്തായ വശങ്ങളിൽ തൂങ്ങിക്കിടക്കുന്ന പാറകളും ചെടികളാൽ പൊതിഞ്ഞ ഇടങ്ങളും തൂങ്ങിക്കിടക്കുന്ന പൂന്തോട്ടത്തിന്റെ പ്രതീതിയാണ് സമ്മാനിക്കുന്നത്. സുന്ദര കാഴ്ചകൾക്കൊപ്പം അപകടവും ഇവിടെ പതിയിരിപ്പുണ്ട്. വാദിയിലേക്ക് എത്തുന്നവർ, പ്രത്യേകിച്ച് മഴക്കാലത്ത് ഇവിടുത്ത അപകടകരമായ സ്ഥലങ്ങളെക്കുറിച്ചും ബോധവാൻമാരാകേണ്ടതുണ്ട്. അരുവികളും വെള്ളച്ചാട്ടങ്ങളും പാറക്കെട്ടുകളും മറികടന്നു വേണം സാഹസിക സഞ്ചാരം ആരംഭിക്കേണ്ടത്. അരുവികൾ മറികടക്കുമ്പോഴെല്ലാം വഴിയിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ബോധമുണ്ടാവണം. റോപ്പ് വഴി കയറിയും ഇറങ്ങിയും പാറക്കെട്ടുകൾക്കിടയിലൂടെ പരസ്പര സഹായത്തോടെ വേണം വാദി ലജബിന്റെ അറ്റം കാണാനുള്ള യാത്ര. ഇടിവെട്ടി പെയ്യുന്ന മഴ സന്ദർശകൾക്ക് കുളിര് പകരുമെങ്കിലും ചില സമയങ്ങളിൽ മഴ താഴ്‌വരയിലെ സഞ്ചാരത്തിന് വിഘാതം സൃഷ്ടിക്കുകയും ചെയ്യും. അപകട മുന്നറിയിപ്പുമായി സൈറൺ മുഴക്കിയെത്തുന്ന പോലീസ് വാഹനത്തിൽ നിന്ന് സന്ദർശകൾക്ക് നിർദേശങ്ങൾ നൽകുന്നുണ്ട്. 


നവംബർ മുതൽ മാർച്ച് വരെയുളള ശൈത്യകാലമാണ് താഴ്വര സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഭൂമിശാസ്ത്ര പരമായി കൂടുതൽ പഠനങ്ങൾക്ക് സാധ്യതയുള്ള സ്ഥലം കൂടിയാണ് ഇവിടം. 
ഞങ്ങൾ കാഴ്ചയുടെ വിസ്മയം നെഞ്ചിലേറ്റി നടക്കുകയാണ്. വാദിയിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ ഒരു കുടുംബം ഭക്ഷണം പാകം ചെയ്യുകയാണ്. കനലിൽ ചിക്കൻ ഫഹം ചുട്ടെടുക്കുന്നതു കണ്ടപ്പോൾ ക്യാമറ അവരിലേക്ക് തിരിച്ചു. ഗുജറാത്തികളായ പ്രവാസി കുടുംബമായിരുന്നു അത്. കാഴ്ചയുടെ അനുഭൂതിയിൽ വിശപ്പൊന്നും അറിഞ്ഞിരുന്നില്ല. എന്നാൽ ഭക്ഷണം കണ്ടപ്പോൾ വിശന്നു തുടങ്ങി. കനലിൽ നിന്നും പാകമായ ചിക്കൻ ഒരു പ്ലെയിറ്റിലേക്ക് വെച്ച് അവർ ഞങ്ങൾക്ക് നേരെ നീട്ടി. തണുത്ത കാലാവസ്ഥയിൽ നല്ല മസാല ചേർത്ത ചിക്കൻ ഫഹമും മയനൈസും ചേർത്ത് കഴിച്ചപ്പോൾ ഇതുവരെയില്ലാത്ത രുചി അനുഭവപ്പെട്ടു. കുടുംബത്തോട് യാത്ര പറഞ്ഞ് ഞങ്ങൾ മടങ്ങുകയാണ്. ജീവിതത്തിലെ അസാധാരണമായ ഒരു കാഴ്ചാനുഭവം തന്നെയാണ് വാദി ലജബ് സമ്മാനിച്ചത്. മരുഭൂവിന്റെ ചൂടിലേക്ക് മടങ്ങുമ്പോഴും ഈ പ്രദേശം പകർന്നു നൽകിയ തണുപ്പ് ഞങ്ങളിൽ ഒഴുകിപ്പടരുന്നുണ്ടായിരുന്നു.

[email protected]

Latest News