Sorry, you need to enable JavaScript to visit this website.

റമദാനിലെ സൗഹൃദക്കാഴ്ചകൾ

 
ഓരോ മതത്തിന്റെയും വിശ്വാസങ്ങളെ ഉൾക്കൊള്ളാനുള്ള അവസരം കൂടിയാണ് റമദാൻ പോലുള്ള വിശേഷ അവസരങ്ങൾ. പെരുന്നാളും ഓണവും വിഷുവും ഈസ്റ്ററും ക്രിസ്മസുമെല്ലാം അത്തരം ഉൾക്കൊള്ളലുകളുടെയും സ്‌നേഹം പങ്കിടലിന്റെയും നാളുകളാണ്.ഓരോരുത്തരും അവരുടെ വിശ്വാസം പിന്തുടരുകയും മറ്റുള്ളവർ അതിനെ തിരിച്ചറിയുകയും ബഹുമാനിക്കുകയും ചെയ്യുന്നതാണ് മതസൗഹാർദത്തിന്റെ അടിത്തറ. വിശ്വാസമെന്നത് മൽസരമല്ലെന്നും പരസ്പര സ്‌നേഹത്തിന്റെ പ്രസരണമാണെന്നുമുള്ള തിരിച്ചറിവാണ് കേരളം പോലുള്ള ബഹുസ്വര സമൂഹത്തിൽ ശക്തിപ്പെടേണ്ടത്.  

 

പുണ്യമാസം അവസാന നാളുകളിലേക്ക് കടക്കുകയാണ്.ത്യാഗത്തിന്റെയും ക്ഷമയുടെയും പ്രാർഥനകളുടെയും പാരമ്യതയിൽ മുസ്‌ലിം വിശ്വാസ ലോകം ആത്മീയ നിർവൃതിയിൽ അലിയുന്ന നാളുകൾ.ഭക്ഷണം നിയന്ത്രിച്ചും ദാനധർമങ്ങൾ വർധിപ്പിച്ചും ദൈവപ്രീതി തേടുന്ന വിശ്വാസ സമൂഹം.വ്രതശുദ്ധിയിലൂടെയും സഹിഷ്ണുതയിലൂടെയും കടന്നു പോകുന്ന റമദാൻ മലബാറിൽ മതസൗഹാർദത്തിന്റെ നാളുകൾ കൂടിയാണ്.മത തത്വങ്ങളെ പരസ്പരം ഉൾക്കൊണ്ട് വിവിധ മതവിശ്വാസികൾ ഒന്നിച്ചിരിക്കുന്ന സംഗമവേളകൾ കൂടി ഈ കാലത്ത് പിറക്കുന്നു.പരസ്പര സ്‌നേഹത്തിന്റെ കൂട്ടിച്ചേരലുകളായി അവ മാറുന്നു.
വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവർ ഒന്നിച്ചിരിക്കുന്ന ഇഫ്താറുകളുടെ കാലമാണ് മലബാറിൽ റമദാൻ.മുസ്‌ലിം സഹോദരൻമാർക്ക് വേണ്ടി ക്ഷേത്ര കമ്മിറ്റികൾ ഇഫ്താർ വിരുന്നൊരുക്കുന്ന സുന്ദരമായ കാഴ്ചകൾ ഇവിടെ കാണാം.

 

മലപ്പുറം ജില്ലയിലെ തിരൂർ, കൊണ്ടോട്ടി താലൂക്കുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്രോൽസവങ്ങളുടെ ഭാഗമായി നടത്തിയ ഇഫ്താറുകളിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ചിലയിടങ്ങളിൽ പൂർവ വിദ്യാർഥി സംഘടനകളും ഇത്തരത്തിലുള്ള ബഹുമത ഇഫ്താറുകൾക്ക് നേതൃത്വം നൽകി വരുന്നു.കലുഷിതമായ വർത്തമാന കാലത്ത് മതസൗഹാർദത്തിന്റെയും മാനവിക സ്‌നേഹത്തിന്റെയും പ്രാധാന്യം തിരിച്ചറിയുന്ന ഒരു പറ്റമാളുകളാണ് ഇത്തരത്തിലുള്ള ഇഫ്താറുകൾക്ക് നേൃതൃത്വം നൽകുന്നത്.മലപ്പുറം ജില്ലയിലെ ഒലിപ്പുഴ തൃപ്പാക്കട വിഷ്ണു ക്ഷേത്രത്തിൽ ആറാട്ടുൽസവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമൂഹ നോമ്പുതുറയിൽ നിരവധി പേരാണ് പങ്കെടുത്തത്.ഒലിപ്പുഴയിലെ രണ്ട് മഹല്ല് കമ്മിറ്റികളും പ്രാദേശിക ക്ലബ്ബുകളുമാണ് ഇഫ്താർ ഒരുക്കിയത്.കൊണ്ടോട്ടി കീഴ്‌ശേരി ക്ഷേത്രം, തിരൂർ ഇരിങ്ങാവൂർ ക്ഷേത്രം എന്നിവിടങ്ങളിലും ഇഫ്താറുകൾ മതസൗഹാർദത്തിന്റെ വേദികളായി. കുഴിമണ്ണ സ്‌കൂളിലെ പൂർവ വിദ്യാർഥികൾ സംഘടിപ്പിച്ച ഇഫ്താറിലും വിവിധ മതവിശ്വാസികൾ സ്‌നേഹപൂർവം പങ്കാളികളായി.തിരൂർ ഇരിങ്ങാവൂർ ക്ഷേത്രത്തിലെ സമൂഹ നോമ്പുതുറയിൽ പാണക്കാട് കുടുംബാംഗങ്ങളും സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ളവരും പങ്കെടുത്തു.മലബാറിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇത്തരം സമൂഹ നോമ്പുതുറകൾ റമദാൻ സായാഹ്നങ്ങളിൽ കാണാം.


ആതുരാലയങ്ങളിൽ നടക്കുന്ന സമൂഹ നോമ്പുതുറകളും ഇക്കാലത്ത് സാഹോദര്യത്തിന്റെ കാഴ്ചകളൊരുക്കുന്നു.രോഗപീഡകളാൽ ആശുപത്രിയിൽ കഴിയുന്നവർക്കും അവർക്ക് കൂട്ടിരിക്കാൻ എത്തിയവർക്കും നോമ്പുതുറക്കും അത്താഴത്തിനും ഭക്ഷണം വിളമ്പുന്ന ഒട്ടേറെ കൂട്ടായ്മകൾ നാട്ടിലുണ്ട്.റമദാനിലെ മുപ്പത് ദിവസവും ഇവിടെ ഇഫ്താറുകൾ നടക്കുന്നു.ഗൾഫ് പ്രവാസികൾ മുതൽ നാട്ടിലുള്ള സാമൂഹ്യ പ്രവർത്തകർ വരെ ഇത്തരം സൗജന്യ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകുന്നു. എല്ലാ മതവിഭാഗത്തിൽ പെട്ടവരും ഇത്തരം ഇഫ്താറുകളിൽ ഭക്ഷണം കഴിക്കാനെത്താറുണ്ട്.ആശുപത്രി വാസത്തിനിടയിൽ ഭക്ഷണം കിട്ടുന്നത് അവർക്ക് ഏറെ ആശ്വാസമാണ് നൽകുന്നത്. പള്ളികളിലും മദ്രസകളിലും നടക്കുന്ന നോമ്പുതുറകൾ സ്‌പോൺസർ ചെയ്യാൻ ഇതര മതവിഭാഗക്കാർ മുന്നോട്ടു വരുന്നതും റമദാനിലെ കാഴ്ചയാണ്.റദമാന് മുമ്പ് തന്നെ ഓരോ ദിവസത്തെയും ഇഫ്താറുകളുടെ സ്‌പോൺസർ പട്ടിക തയാറാക്കുമ്പോൾ അതിൽ പേര് നൽകണമെന്ന് നിർബന്ധം പിടിക്കുന്ന ഒട്ടേറെ ഹൈന്ദവ സഹോദരൻമാർ സമൂഹത്തിലുണ്ട്. സാഹോദര്യത്തിന്റെയും മതസൗഹാർദത്തിന്റെയും വറ്റാത്ത ഉറവകളാണവർ.


റമദാനിലെ മുസ്‌ലിം വിശ്വാസികളുടെ ഭക്ഷണക്രമത്തെ മറ്റു മതസ്തർ അമ്പരപ്പോടെ വീക്ഷിച്ചിരുന്ന കാലമുണ്ടായിരുന്നു.പകൽ മുഴുവൻ വെള്ളം പോലും കുടിക്കാതെ വ്രതമെടുക്കുന്നതിലെ കഷ്ടപ്പാടുകളെ കുറിച്ചാണവർ വേവലാതിപ്പെട്ടിരുന്നത്.എന്നാൽ പിന്നീട് റദമാനിൽ നോമ്പെടുക്കുന്നത് അവരിൽ ചിലരെങ്കിലും ശീലമാക്കി.മുപ്പത് ദിവസവും നോമ്പെടുക്കുന്നവരും അക്കൂട്ടത്തിലുണ്ട്.വ്രതത്തിന്റെ ആരോഗ്യപരമായ ഗുണങ്ങൾ തിരിച്ചറിഞ്ഞും മുസ്‌ലിം സഹോദരങ്ങളോട് ഐക്യപ്പെട്ടുമാണ് അവർ വ്രതമെടുക്കുന്നത്.
ഓരോ മതത്തിന്റെയും വിശ്വാസങ്ങളെ ഉൾക്കൊള്ളാനുള്ള അവസരം കൂടിയാണ് റമദാൻ പോലുള്ള വിശേഷ അവസരങ്ങൾ. പെരുന്നാളും ഓണവും വിഷുവും ഈസ്റ്ററും ക്രിസ്മസുമെല്ലാം അത്തരം ഉൾക്കൊള്ളലുകളുടെയും സ്‌നേഹം പങ്കിടലിന്റെയും നാളുകളാണ്. ഓരോരുത്തരും അവരുടെ വിശ്വാസം പിന്തുടരുകയും മറ്റുള്ളവർ അതിനെ തിരിച്ചറിയുകയും ബഹുമാനിക്കുകയും ചെയ്യുന്നതാണ് മതസൗഹാർദത്തിന്റെ അടിത്തറ. വിശ്വാസമെന്നത് മൽസരമല്ലെന്നും പരസ്പര സ്‌നേഹത്തിന്റെ പ്രസരണമാണെന്നുമുള്ള തിരിച്ചറിവാണ് കേരളം പോലുള്ള ബഹുസ്വര സമൂഹത്തിൽ ശക്തിപ്പെടേണ്ടത്.  

 

Latest News