Sorry, you need to enable JavaScript to visit this website.

പുതിയ മേഖലയിൽ കൂടി സൗദിവൽക്കരണം

റിയാദ് - ഇലക്ട്രിക് കാർ വ്യവസായ മേഖലയിൽ സൗദിവൽക്കരണത്തിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധിയും വൈദ്യുതി കാർ നിർമാതാക്കളായ ലൂസിഡ് കമ്പനിയും കരാർ ഒപ്പുവെച്ചു. മാനവശേഷി വികസന നിധി ഡയറക്ടർ ജനറൽ തുർക്കി അൽജഅ്‌വീനിയും ലൂസിഡ് കമ്പനി മിഡിൽ ഈസ്റ്റ് ഡെപ്യൂട്ടി സി.ഇ.ഒ ഫൈസൽ സുൽത്താനുമാണ് കരാറിൽ ഒപ്പുവെച്ചത്. 
ഡെപ്യൂട്ടി വ്യവസായ, ധാതുവിഭവ മന്ത്രി എൻജിനീയർ ഉസാമ അൽസാമിലിന്റെയും സഹമന്ത്രി സാമി അൽഹമൂദിന്റെയും സാന്നിധ്യത്തിൽ ഒപ്പുവെച്ച കരാറിലൂടെ ഇലക്ട്രിക് കാർ വ്യവസായ മേഖലയിൽ സ്വദേശികൾക്ക് പരിശീലനങ്ങളും ജോലിയും നൽകാനാണ് ലക്ഷ്യമിടുന്നത്. നേരത്തെ മാനവശേഷി വികസന നിധിയും ലൂസിഡ് കമ്പനിയും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ തുടർച്ചയായാണ് പുതിയ കരാർ. കരാർ പ്രകാരം സൗദി അറേബ്യക്കകത്തും വിദേശത്തും സൗദി യുവതീയുവാക്കൾക്ക് ഇലക്ട്രിക് കാർ വ്യവസായ മേഖലയിൽ പരിശീലനങ്ങൾ നൽകാനുള്ള ചെലവിൽ ഒരു ഭാഗം മാനവശേഷി വികസന നിധി വഹിക്കും. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് വലിയ തോതിൽ നിക്ഷേപം നടത്തിയ ലൂസിഡ് കമ്പനി സൗദിയിൽ ഇലക്ട്രിക് കാർ ഫാക്ടറി സ്ഥാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 

Latest News