Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് പരമാനന്ദം, വേണമെങ്കില്‍  നേരിട്ട് വന്നു കണ്ടോളൂ- മന്ത്രി നിര്‍മല സീതാരാമന്‍ 

വാഷിംഗ്ടണ്‍- ന്യൂനപക്ഷ പ്രശ്നങ്ങളുടെ പേരില്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്നവര്‍ക്കു യാഥാര്‍ഥ്യം അറിയില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ലോകത്ത് രണ്ടാമത്തെ വലിയ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ മുസ്‌ലിം  ജനസംഖ്യ കുറയുകയല്ല, മറിച്ചു കൂടുകയാണെന്നും ധനമന്ത്രി പറഞ്ഞു. വാഷിങ്ടണ്‍ ഡിസിയില്‍ പീറ്റേഴ്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. പലരും ഏഴുതുന്നത് ഇന്ത്യയിലെ മുസ്‌ലിംകള്‍ പ്രയാസം അനുഭവിക്കുകയാണെന്നാണ്. ഭരണകൂടത്തിന്റെ പിന്തുണയോടെ അവരെ കഷ്ടപ്പെടുത്തുകയാണെന്നാണ് പറയുന്നത്. യാഥാര്‍ഥ്യം അതല്ല. പ്രയാസം അനുഭവിക്കുകയാണെങ്കില്‍ അവരുടെ എണ്ണം ഉയരുന്നത് എങ്ങനെയാണ്? 1947ലെ അപേക്ഷിച്ച് മുസ്‌ലിം  ജനസംഖ്യ ഏറെ ഉയര്‍ന്നില്ലേയെന്ന് ധനമന്ത്രി ചോദിച്ചു.
പാക്കിസ്ഥാനില്‍ തിരിച്ചാണ് സംഭവിക്കുന്നത്. അവിടെ മുജാഹിറുകള്‍ക്കും ഷിയാകള്‍ക്കും മറ്റു ന്യൂനപക്ഷ സമുദായങ്ങള്‍ക്കും എതിരെ അതിക്രമം നടക്കുന്നു. പാക്കിസ്ഥാന്‍ ഇസ്ലാമിക രാജ്യമായി സ്വയം പ്രഖ്യാപിച്ചു, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കും എന്നു പറഞ്ഞു. എന്നാല്‍ അവിടെ ന്യൂനപക്ഷങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ചില മുസ്‌ലിം  വിഭാഗങ്ങള്‍ തന്നെ ഇല്ലാതായതായി നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി.
ക്രമസമാധാനം ഇന്ത്യയില്‍ സംസ്ഥാനങ്ങളുടെ ചുമതലയാണ്. ഓരോ സംസ്ഥാനത്തെയും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളാണ് അതു നിര്‍വഹിക്കുന്നത്. ഇന്ത്യയിലെമ്പാടും മുസ്ലിംകള്‍ക്കു നേരെ അക്രമം നടക്കുന്നു എന്നത് മിഥ്യാധാരണയാണ്. അതൊരിക്കലും സംഭവിക്കില്ല. ഓരോ സംസ്ഥാനത്തും പോലീസുണ്ട്, ഓരോ സംസ്ഥാനത്തെയും പോലീസിനെ ഭരിക്കുന്ന സര്‍ക്കാരുകള്‍ വ്യത്യസ്തമാണ്. രാജ്യത്തെ സംവിധാനത്തെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്തവരാണ് ഇത്തരം മിഥ്യകള്‍ പടച്ചുവിടുന്നത്. വെറുതെ ഇന്ത്യന്‍ ഭരണകൂടത്തെ കുറ്റപ്പെടുത്തുകയാണ്. ഇന്ത്യയില്‍ മുസ്‌ലിംകള്‍ അതിക്രമം നേരിടുകയാണ് എന്നു പറയുന്നവരെ രാജ്യത്തേക്കു സ്വാഗതം ചെയ്യുകയാണെന്ന് മന്ത്രി പറഞ്ഞു. അവര്‍ ഇന്ത്യയിലേക്കു വരട്ടെ, എല്ലാ ആതിഥ്യവും ഒരുക്കാം. ഇന്ത്യയില്‍ ഉടനീളം സഞ്ചരിച്ച് അവര്‍ പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കട്ടെ- നിര്‍മല സീതാരാമന്‍ പറഞ്ഞു.

Latest News