കോഴിക്കോട്- പ്രണയ നൈരാശ്യത്തില്‍ പോലീസ് സ്റ്റേഷന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പോലീസും നാട്ടുകാരും പിന്തിരിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. മാഹി സ്വദേശിയായ യുവാവിനെതിരെ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിക്കാനായി വിളിപ്പിച്ചപ്പോഴാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
കഴിഞ്ഞ പത്ത് വര്‍ഷമായി യുവതിയുമായി പ്രണയത്തിലായിരുന്നെന്നാണ് യുവാവ് പറയുന്നത്. രണ്ട് ദിവസം മുമ്പ് കാമുകി മറ്റൊരു യുവാവിന്റെ കൂടെ പോയത് സഹിച്ചില്ല. ഇതിനുപിന്നാലെ മാഹി സ്വദേശി ശല്യം ചെയ്യുന്നെന്നാരോപിച്ച് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്നാണ് സൂചന. യുവതിയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാനാണ് യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ ഇയാള്‍ പെട്രോളുമായെത്തി ദേഹത്തൊഴിക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേനയടക്കം സ്ഥലത്തെത്തി. നാട്ടുകാരുടെയും പോലീസിന്റെയും ശ്രമഫലമായി യുവാവിനെ അനുനയിപ്പിച്ച്, പെട്രോള്‍ തുടച്ചുകളഞ്ഞ് ആശുപത്രിയിലാക്കുകയായിരുന്നു.