പ്രണയത്തില്‍ നിന്ന് പിന്‍മാറാന്‍ മുന്‍ കാമുകനെതിരെ ക്വട്ടേഷന്‍ നല്‍കിയ യുവതി പിടിയില്‍

തിരുവനന്തപുരം - പ്രണയ ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ വര്‍ക്കലയില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി വിവസ്ത്രനാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ യുവതി പിടിയില്‍. ചെറുന്നിയൂര്‍ സ്വദേശി ലക്ഷ്മിപ്രിയ ആണ് പിടിയിലായത്. കഴക്കൂട്ടത്ത് നിന്നാണ് ഇവര്‍ പിടിയിലായത്. പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പ്രണയബന്ധത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് മുന്‍ കാമുകനെതിരെ ലക്ഷ്മി പ്രിയ  ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ഇത് ഏറ്റെടുത്തതാകട്ടെ യുവതിയുടെ പുതിയ കാമുകനും. യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മര്‍ദിച്ച ശേഷം എറണാകുളത്ത് ഉപേക്ഷിക്കുകയായിരുന്നു. ഈ മാസം അഞ്ചിനായിരുന്നു സംഭവം. നഗ്നനാക്കി മര്‍ദിക്കുന്നതിന്റെ  ദൃശ്യങ്ങള്‍ യുവതി ഫോണില്‍ പകര്‍ത്തിയിരുന്നു. ലക്ഷ്മിപ്രിയയുമായി യുവാവ് അടുപ്പത്തിലായിരുന്നു. എന്നാല്‍ പിന്നീട് മറ്റൊരു യുവാവുമായി ലക്ഷ്മിപ്രിയ പ്രണയത്തിലായതോടെ ആദ്യ കാമുകനെ ഒഴിവാക്കാന്‍ ശ്രമം തുടങ്ങി.  പക്ഷേ ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ മുന്‍ കാമുകന്‍ തയ്യാറായില്ല. ഇതോടെയാണ് ഇയാളെ ശാരീരികമായി ഉപദ്രവിക്കാനായി പുതിയ കാമുകനെ യുവതി ഏര്‍പ്പാടാക്കിയത്. കേസില്‍ ലക്ഷ്മിപ്രിയ ഉള്‍പ്പെടെ എട്ടു പ്രതികളാണുള്ളത്. ലക്ഷമിപ്രിയയാണ് ഒന്നാം പ്രതി. കേസിലെ എട്ടാം പ്രതി എറണാകുളം സ്വദേശി അമലിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

 

Latest News