റിയാദ് - പ്രശസ്തമായ കമ്പനിയിൽ കാഷ്യറായി ജോലി ചെയ്യുന്ന ഇന്ത്യക്കാരന്റെ പക്കൽനിന്ന് ഏഴ് ലക്ഷം റിയാൽ കവർന്ന സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. കമ്പനിയുടെ പണം ഹാൻഡ് ബാഗിൽ സൂക്ഷിച്ച് പോകുകയായിരുന്ന ഇന്ത്യക്കാരന്റെ വാഹനം സുലൈ ഡിസ്ട്രിക്ടിൽ മനഃപൂർവം ഇടിച്ചിട്ട് തടഞ്ഞുവെച്ച സംഘം പിൻവശത്തെ ചില്ല് തകർത്താണ് പണം അപഹരിച്ചത്. പന്ത്രണ്ടംഗ പാക്കിസ്ഥാനി സംഘത്തിലെ ഒരാൾ ഇന്ത്യക്കാരനെ ദേഹോപദ്രവവും ഏൽപ്പിച്ചിരുന്നു.
പരാതി ലഭിച്ച ഉടൻ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ വിദഗ്ധമായ കരുനീക്കമാണ് പ്രതികളെ താമസംകൂടാതെ വലയിലാക്കിയത്. ഇവരിൽ ഒരാൾ ഇന്ത്യൻ വംശജൻ ജോലി ചെയ്യുന്ന കമ്പനിയിലെ ജീവനക്കാരൻ ആണെന്നും തെളിഞ്ഞു. റിയാദിൽ പലയിടത്തായി സമാനമായ രീതിയിൽ നടന്ന സംഭവങ്ങളിൽ ഇവർക്ക് പങ്കുണ്ട്. പ്രതികളുടെ പക്കൽനിന്ന് രണ്ട് ലക്ഷം റിയാൽ കണ്ടെടുത്തു. വിശദമായി ചോദ്യം ചെയ്യുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനുമായി കവർച്ചക്കാരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.