ബി. ജെ. പിയുടെ ക്രിസ്ത്യന്‍ പ്രണയത്തില്‍ ടാലിയാവാതെ പോകുന്ന ആക്രമണക്കണക്കുകള്‍

ന്യൂദല്‍ഹി- ടാലിയാവാത്ത ചില കണക്കുകളുണ്ട്. അതില്‍പെടും ബി. ജെ. പിക്ക് പെട്ടെന്നൊരുനാള്‍ പൊട്ടിമുളച്ച ക്രിസ്ത്യന്‍ പ്രേമവും അതുകണ്ട് കോള്‍മയിര്‍കൊള്ളുന്ന മതപുരോഹി നേതൃത്വത്തിന്റെ പ്രസ്താവനകളും. 

ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദല്‍ഹിയിലെ ചര്‍ച്ച് സന്ദര്‍ശിക്കാന്‍ പോയതും കേരളത്തിലെ ബി. ജെ. പി നേതാക്കള്‍ ക്രിസ്ത്യന്‍ വീടുകളില്‍ കയറിയിറങ്ങിയതും മലയാറ്റൂര്‍ മല കയറുമെന്ന് പ്രഖ്യാപിച്ച് പാതി വഴിയില്‍ പണി നിര്‍ത്തി മടങ്ങിപ്പോയതുമെല്ലാം ഈ പ്രേമത്തിന്റെ പുതുക്കക്കണക്കുകളില്‍ ഉള്‍പ്പെടും. ബി. ജെ. പി ഭരണത്തില്‍ ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്ക് ബുദ്ധിമുട്ടൊന്നുമില്ലെന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ പ്രസ്താവനയും സിനിമ വരുന്നതിന് മുമ്പ് ട്രെയിലര്‍ ഇറങ്ങുന്നതുപോലെ തലശ്ശേരി ബിഷപ്പ് പാംപ്ലാനിയുടെ റബ്ബറിന് വില കൂട്ടിയാല്‍ കേരളത്തിലൊരു എം. പി തങ്ങളുടെ വകയെന്ന പ്രസ്താവനയുമെല്ലാം ഇതോടൊപ്പം കൂട്ടിവായിക്കണം. എന്നിട്ടു വേണം ടാലിയാവാത്ത കണക്കുകള്‍ പരിശോധിക്കാന്‍. 

ബി. ജെ. പിയുടേത് മാത്രമല്ല സംഘപരിവാറിന്റെ മൊത്തം കണക്കെടുത്താല്‍ ക്രിസ്ത്യാനികളെ അടിച്ചോടിച്ചതും ആരാധന നടത്താന്‍ അനുവദിക്കാത്തതും സ്റ്റാന്‍ സ്വാമിക്ക് കുടിക്കാന്‍ സ്‌ട്രോ അനുവദിക്കാത്തതുമുള്‍പ്പെടെ ഏതു റിപ്പോര്‍ട്ടും മതപുരോഹിത വിഭാഗത്തിനും ബി. ജെ. പി നേതൃത്വത്തിനും അത്ര സുഖമുള്ള വിവരങ്ങളല്ല സംഭാവന ചെയ്യുക. 

കണക്കുകള്‍ പ്രകാരം ബി. ജെ. പി ഭരണത്തിലേറിയതു മുതല്‍ ക്രിസ്ത്യാനികള്‍ക്കെതിരെ രാജ്യത്തുടനീളം കടുത്ത അക്രമങ്ങളാണ് അഴിച്ചുവിട്ടിരിക്കുന്നത്. അക്രമത്തിന്റെ എണ്ണം കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. 

ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കെതിരെ 2022ല്‍ മാത്രം 597 ആക്രമണങ്ങളാണ് നടത്തിയത്. ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കെതിരെ 1198 ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട് സംഘപരിവാരം. ഈ കണക്കുകള്‍ പുറത്തുവിട്ടത് ആരെങ്കിലുമല്ല, യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറമാണ്.

കഴിഞ്ഞ മാസമാണ് ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ ഒരു പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചത്. പ്രതിഷേധത്തില്‍ പങ്കെടുത്തത് 79 ക്രിസ്ത്യന്‍ സംഘടനകള്‍. അവരുടെ ആവശ്യം ബി. ജെ. പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കും ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കുമെതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നത്. മാത്രമല്ല, കേന്ദ്ര സര്‍ക്കാറിനെതിരെ അതിരൂക്ഷമായ മുദ്രാവാക്യമാണ് അവിടെ ഉയര്‍ന്നത്. 

ക്രിസ്ത്യാനികളെന്നാല്‍ മതപരിവര്‍ത്തനം നടത്തുന്നവരെന്നാണ് സംഘപരിവാരത്തി്‌ന്റെ ഡിക്ഷ്ണറിയിലെ അര്‍ഥം. ക്രിസ്ത്യാനികള്‍ ഓരോ നിമിഷവും ആളുകളെ മതപരിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നു എന്നു പറഞ്ഞു ഒരു ചാനലിന് അഭിമുഖം കൊടുത്തത് കര്‍ണാടകയില്‍ ബൊമ്മെ മന്ത്രിസഭയിലെ അംഗവും ബി. ജെ. പി നേതാവുമായ മുനിരത്‌നയാണ്. ചേരികളിലാണ് മതപരിവര്‍ത്തനം കൂടുതല്‍ നടക്കുന്നതെന്നും 1,400 പേരുള്ള സ്ഥലങ്ങളില്‍ 400 പേരെ മതം മാറ്റി ക്രിസ്ത്യാനികളെന്നും അവര്‍ ഇനി വന്നാല്‍ ചവിട്ടിപ്പുറത്താക്കൂ. അല്ലെങ്കില്‍ പോലീസില്‍ പരാതിയെങ്കിലും നല്‍കൂ എന്നായിരുന്നു മുനിരത്‌നയുടെ വിദ്വേഷ വാക്കുകള്‍. ഇതിനെതിരെ വിദ്വേഷ പരാമര്‍ശത്തിന് പോലീസ് കേസെടുത്തെങ്കിലും സംഘപരിവാര ആശയക്കാരന്റെ മനസ്സിലിരിപ്പാണ് ഇതിലൂടെ തുറന്നു കാണിച്ചിരിക്കുന്നത്.

Latest News